മെക്ക സ്ഥാപക ദിന സമ്മേളനം 28ന് കോഴിക്കോട്
text_fieldsകോഴിക്കോട്: പിന്നാക്ക-ദലിത്-ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്റെ (മെക്ക) സ്ഥാപക ദിന സമ്മേളനത്തിന് കോഴിക്കോട് വേദിയാകും. കെ.പി. കേശവ മേനോന്‍ ഹാളില്‍ ആഗസ്റ്റ് 28ന് നടക്കുന്ന 37ാം വാര്‍ഷിക സമ്മേളനത്തില്‍ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
'പിന്നാക്ക പ്രാതിനിധ്യം: യാഥാര്‍ഥ്യമെന്ത്' എന്ന പ്രമേയത്തെ അധികരിച്ചാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്യോഗ വിദ്യാഭ്യാസ രംഗത്തെ പിന്നാക്ക വിഭാഗത്തിന്റെ പ്രാഥമിക കുറവും സാഹിത്യ-മാധ്യമ-സിനിമാ രംഗങ്ങള്‍ പിന്നാക്ക ജനവിഭാഗത്തെ ചിത്രീകരിക്കുന്നതില്‍ ബോധപൂര്‍വം വരുത്തുന്ന പിഴവുകളും സമ്മേളനത്തിലെ അഞ്ച് അക്കാദമിക് സെഷനുകളില്‍ ചര്‍ച്ച ചെയ്യും. മത-സാമുദായിക-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്ക് അതീതമായി പിന്നാക്ക-ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളിലെ എല്ലാത്തരം മനുഷ്യര്‍ക്കും സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം ലക്ഷ്യമിട്ട് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മെക്ക.
മുസ്ലിം സമുദായത്തിന്റെ സര്‍ക്കാര്‍ സര്‍വിസിലെ പ്രാതിനിധ്യം ഇല്ലായ്മയെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അനുപാതക്കുറവിനെ കുറിച്ചും ഗൗരവമായി ആരും പറയാതിരുന്ന കാലത്താണ് മെക്ക രൂപംകൊള്ളുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നതില്‍ ആരുടെയും മുഖം നോക്കേണ്ടതില്ലെന്ന ധീരമായ നിലപാടുമായി 1989 ആഗസ്റ്റ് 20ന് മെക്ക രൂപീകൃതമായി. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നാണ് മെക്കയുടെ പിറവിയെങ്കിലും തീര്‍ത്തും മതേതരമായ പ്രവര്‍ത്തനങ്ങളുമായാണ് ഇക്കാലയളവില്‍ മുന്നേറിയത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി നിലനില്‍ക്കുന്ന മുസ്‌ലിമേതര സംഘടനകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കൂട്ടായ്മകളുമായും യോജിച്ചു പ്രവര്‍ത്തിച്ചു.
മുസ്‌ലിം സമുദായ സംഘടനകള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളിലും വിയോജിപ്പുകളിലും ഭാഗഭാക്കാകാതിരിക്കാന്‍ പരമാവധി അകലം പാലിച്ചു എന്നത് എടുത്ത് പറയണം. മിക്കവാറും എല്ലാ രാഷ്ട്രീയസംഘടനാ അനുഭാവികളും സാമുദായിക മുസ്‌ലിം സംഘടനാ അനുഭാവികളും ഇന്ന് മെക്കയില്‍ അംഗങ്ങളാണ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് നിലപാടിനേയും രാഷ്ട്രീയ മര്യാദകളോടെ നേരിട്ട മെക്ക സാമൂഹിക നീതി ഉറപ്പുവരുത്താന്‍ കൈക്കൊണ്ട നിലപാടുകള്‍ മാതൃകാപരമാണ്. പൊതുസമൂഹത്തിനും നിയമത്തിനും മുമ്പില്‍ വസ്തുതകള്‍ നിരത്തി അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന മെക്കയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് കോഴിക്കോട് നടക്കുന്ന സ്ഥാപക ദിനവും സമ്മേളനവും.
സംസ്ഥാന പ്രസിഡന്റ് പ്രഫ. ഡോ. പി. നസീര്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.കെ രാഘവന്‍ എം.പി, അഹ്‌മദ് ദേവര്‍കോവില്‍ എം.എല്‍.എ, പി.എം.എ സലാം, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ മടവൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എന്‍.കെ. അലി, ശിഹാബ് പൂക്കോട്ടൂര്‍, അലി അബ്ദുല്ല എന്‍.എ, ബി.പി.എ. ഗഫൂര്‍, വി.ടി. ബഷീര്‍, ഡോ. ടി.എസ്. ശ്യാംകുമാര്‍, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, പ്രഫ. എന്‍.സി. ഹരിദാസന്‍, ബിജു ജോസി, ഖാദര്‍ പാലാഴി, ഡോ. കെ. ശബ്‌ന, എന്‍.കെ. ഹാഷിം എന്നിവര്‍ വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് മെക്കാ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. കെ. അലി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

