സെൻസസിലെ 40 ചോദ്യങ്ങളിൽ ഒബിസിയെ തിരിച്ചറിയാൻ സംവിധാനമില്ല; പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുമോ? ആശങ്കയറിയിച്ച് മെക്ക
text_fieldsകൊച്ചി: ദേശീയ സെൻസസിൽ സംസ്ഥാന ഒ.ബി.സി /എസ്.ഇ.ബി.സി പട്ടിക നിർബന്ധമായും ഉൾപ്പെടുത്തുന്നതിനും ഡിജിറ്റൽ സെൻസസ് ആപ്പിൽ ഇതിനായി ‘ഡ്രോപ് ഡൗൺ’ മെനു സംവിധാനം ഏർപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് മെക്ക (മുസ്‍ലിം എജുക്കേഷനൽ ആൻഡ് കൾചറൽ അസോസിയേഷൻ) മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.
105ാം ഭരണഘടനാ ഭേദഗതി പ്രകാരം സംസ്ഥാനങ്ങൾക്ക് സ്വന്തമായി ഒ.ബി.സി പട്ടിക തയാറാക്കാൻ പൂർണ അവകാശമുണ്ട്. കേന്ദ്ര എസ്.ഇ.ബി.സി പട്ടികയനുസരിച്ച് പോലും ഒ.ബി.സിയെ വേർതിരിച്ച് കണക്കാക്കാൻ നിലവിലെ 40 ഇന ചോദ്യാവലിയിൽ സംവിധാനമില്ലാത്തത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ കുടുംബക്ഷേമ മേഖലകളിലെയും ഭവന പുനരധിവാസ-ആസൂത്രണ വികസന കാര്യത്തിലും ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തും. ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളെ വീണ്ടും പാർശ്വവത്കരിക്കും.
സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്റെ പരിഗണനയിലുള്ള സംവരണ പുനർനിർണയ കേസുകളും വിദ്യാഭ്യാസ പ്രവേശനത്തിനുള്ള സംവരണ കേസുകളും ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടക്കാത്തതിനാൽ 22 വർഷമായി തീർപ്പുകൽപിക്കാതെ നീളുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
സെൻസസ് ചോദ്യാവലിയിൽ 41-ാമത്തെ ഇനമായി ഒ.ബി.സി/എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുന്നുണ്ടോയെന്ന ചോദ്യം ഉൾപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നൽകിയ നിവേദനത്തിലുള്ളത്.
മെക്ക സംസ്ഥാന പ്രസിഡന്റ് എം.ആരിഫ് ഖാനും ജനറൽ സെക്രട്ടറി എൻ.കെ. അലിയും ചേർന്നാണ് വി.ഡി. സതീശന് നിവേദനം നൽകിയത്.

