ഇനി കൈ നനയാതെ മീൻ അളക്കാം, ഫോണിൽ ‘മത്സ്യമെട്രി' ആപ്പ് മതി
text_fieldsകൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന ‘മത്സ്യമെട്രി’ മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). മത്സ്യയിനങ്ങളുടെ സ്റ്റോക് അസസ്മെന്‍റും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
മീനുകളുടെ ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തി, അളവുകൾ തിട്ടപ്പെടുത്താൻ ആപ്പ് വഴി സാധിക്കും. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പ്ളിങ് സെഷനിൽ തന്നെ ആപ്പിൽ രേഖപ്പെടുത്താം. ഈ വിവരങ്ങൾ ഓട്ടോമാറ്റിക് വർഗീകരണം നടത്തി ശാസ്ത്രീയ പഠനങ്ങൾക്കായി പിന്നീട് ഉപയോഗിക്കുകയും ചെയ്യാം. ഫീൽഡ് സർവേകളിലെ മത്സ്യവിവര ശേഖരണം ലളിതമാക്കാൻ ‘മത്സ്യമെട്രി’ ആപ്പ് സഹായിക്കുമെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
സി.എം.എഫ്.ആർ.ഐയിലെ സീനിയർ സയന്റിസ്റ്റും ഐ.സി.എ.ആർ നാഷനൽ ഫെലോയുമായ ഡോ. എൽദോ വർഗീസ് ആണ് ആപ്പ് വികസിപ്പിച്ചത്. എ.ആർ കോർ പിന്തുണയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് പ്രവർത്തിക്കും. ഫോൺ കാമറ മീനുകൾക്ക് നേരെ പിടിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന മെഷറിങ് ഗൈഡ് വഴിയാണ് നീളവും വീതിയും അളക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എ.ആർ നാഷനൽ ഫെലോ പ്രൊജക്റ്റിന്റെ ഭാഗമായാണ് ഇത് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

