വിമാനങ്ങളിൽ ഭക്ഷണം നൽകാൻ അനുമതി; മാസ്ക് ധരിക്കാത്തവരെ വിലക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ അഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് വ്യോമയാന മന്ത്രാലയം അനുമതി നൽകി. പായ്ക്ക് ചെയ്ത ഭക്ഷ്യപദാർഥങ്ങളാണ് വിതരണം ചെയ്യുക. അന്താരാഷ്ട്ര സർവീസുകളിൽ ചൂടുള്ള ഭക്ഷ്യപദാർഥങ്ങൾ വിതരണം ചെയ്യുന്നതിനും അനുമതിയുണ്ട്.
മാസ്ക് ധരിക്കാൻ യാത്രക്കാരിലാരെങ്കിലും വിസമ്മതിക്കുകയാണെങ്കിൽ അവരെ വിലക്കുമെന്നും ഡി.ജി.സി.എയിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. മെയ് 25ന് രാജ്യത്ത് വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതിയുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാന സർവീസുകളിൽ പായ്ക്ക് ചെയ്ത ഭക്ഷണം മാത്രം നൽകുന്നതിനാണ് അനുമതിയുണ്ടായിരുന്നത്.
വിമാനങ്ങളിലെ വിനോദ സംവിധാനം ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. ഇതിനായി ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഹെഡ്ഫോണുകൾ യാത്രക്കാർക്ക് നൽകണമെന്നും ഡി.ജി.സി.എ നിർദേശിച്ചു.

