താഴെ അങ്ങാടിയുടെ നോമ്പുചരിതം പറഞ്ഞ് എം.സി വടകര
text_fieldsവടകര: 1950കളിലെ നോമ്പോര്മയാണ് ചരിത്രകാരനും മുസ്ലിം ലീഗ് നേതാവുമായ എം.സി വടകരയുടെത്. വടകര വീരഞ്ചേരിക്കടുത്താണ് എം.സിയുടെ കുട്ടിക്കാലത്തെ താമസം. തൊട്ടടുത്ത് സ്രാമ്പി (നമസ്കാരപ്പള്ളി)യുണ്ടായിരുന്നു. വൈദ്യുതിയില്ല, ഫോണില്ല, മൈക്കില്ല. അധ്യാപകരുടെ കൈയില്‍പോലും വാച്ചില്ല. നോമ്പ് ആത്മസംസ്കരണത്തിെൻറയും ശാരീരിക സംസ്കരണത്തിെൻറയും മാസമാണ്. കുട്ടികള്‍ക്കിത് ഉല്ലാസത്തിെൻറ കാലവും. പൊതുവിലുള്ള കര്‍ശന നിയന്ത്രണങ്ങളെല്ലാം കുറയും. ബാങ്കുവിളിക്ക് ചെവികൊടുത്ത് കുട്ടികള്‍ സ്രാമ്പ്യക്ക് ചുറ്റും നില്ക്കും. പിന്നെ, ബാങ്ക് കൊടുത്തേയെന്ന് വിളിച്ചുപറഞ്ഞ് ഓടും. അതാണ് നോമ്പ് തുറക്കാനുള്ള അന്നത്തെ അറിയിപ്പ്. വടകര താഴെ അങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ വെടിപൊട്ടിക്കുമായിരുന്നു. അതു കേട്ടാണ് താഴെ അങ്ങാടിക്കാര് നോമ്പു തുറക്കുക. വീരഞ്ചേരി ഭാഗത്തൊന്നും ആ വെടിയൊച്ച കേള്‍ക്കില്ല.
ആദ്യകാലത്ത് നോമ്പുതുറക്ക് ഈത്തപ്പഴമാണ് പ്രധാനം. പിന്നെ പലതരം പഴങ്ങള്കൂടിയായി. എല്ലാ വീടുകളിലും പുതിയാപ്ലമാരുണ്ടാകും. അന്ന്, അത്താഴക്കാരത്തി എന്ന പേരില്‍ ഒരാളുണ്ടാകും. അവര്‍ പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അഞ്ചുതരം കഞ്ഞിവരെയുണ്ടാകും. ചീരാക്കഞ്ഞിയാണ് താരം. ഏറെ പ്രയാസമാണ് അതുണ്ടാക്കാന്‍. നാലു തവണയൊക്കെ ഭക്ഷണം കാണും. താഴെ അങ്ങാടിയിലെ കോതി ബസാറിന് റമദാനില്‍ ഉറക്കമില്ല. കുട്ടികള്‍ പൂത്തിരി കത്തിച്ചും മറ്റും ആഘോഷിക്കും. പുലര്‍ച്ച ജുമുഅത്ത് പള്ളിയില്‍നിന്ന് അത്താഴം മുട്ടുണ്ടാകും. അതുവരെ കോതി ബസാറില്‍നിന്ന് ഉല്ലസിക്കും. രാത്രിയില്‍ പള്ളികള്‍ ജനനിബിഡമാകും. അത്താഴത്തിന് സാധാരണ ചോറാണ് ഉണ്ടാവുക. പിന്നെ പള്ളിയില്‍ പോകും.
ഒമ്പതാം തരത്തില്‍ പഠിക്കുമ്പോഴാണ് വടകരയില്‍ വൈദ്യുതിെയത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ മാത്രമാണ് തുടക്കത്തില്‍ ഫോണുള്ളത്. പിന്നെ, ഭൂരിപരിഷ്കരണം വന്നു. ജലഗതാഗതം നഷ്ടമായതോടെ വടകര തുറമുഖം നശിച്ചു. താഴെഅങ്ങാടി പിന്നോട്ടുപോയി. സാമ്പത്തികത്തകര്‍ച്ചയോടെ വിഭവങ്ങള്‍ കുറഞ്ഞു. അന്ന്, വീടുകളില്‍ 50ലേറെ പേര് കാണും. അണുകുടുംബങ്ങള്‍ വന്നതോടെ തറവാടില്ലാതായി. ഈ കൊറോണക്കാലം പോലൊന്ന് മനുഷ്യചരിത്രത്തില്‍ കാണില്ല. മക്കയിലെ ഹറം പള്ളിയില്‍ ഞാന്‍ പോയിരുന്നു. നോമ്പിെൻറ ജുമുഅ നമസ്കാരത്തിന് 20 ലക്ഷം പേരൊക്കെയുണ്ടാകും. ഇപ്പോഴവിടെ ആരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
