Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലിക്കുട്ടി...

ആലിക്കുട്ടി മുസ്​ലിയാർക്കെതിരെ മോശം പരാമർശം നടത്തിയെന്നത്​ വ്യാജ പ്രചാരണം -എം.സി. മായിൻ ഹാജി

text_fields
bookmark_border
ആലിക്കുട്ടി മുസ്​ലിയാർക്കെതിരെ മോശം പരാമർശം നടത്തിയെന്നത്​ വ്യാജ പ്രചാരണം -എം.സി. മായിൻ ഹാജി
cancel

കോഴിക്കോട്​: സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്​ലിയാർക്കെതിരെ താൻ മോശം പരാമർശം നടത്തിയെന്ന്​ വ്യാജ പ്രചാരണം നടക്കുന്നതായി മുസ്​ലിംലീഗ്​ നേതാവ്​ എം.സി മായിൻ ഹാജി. ഉമ്മർ ഫൈസിക്ക്​ വ്യക്തിപരമായി അഭിപ്രായം പറയാമെന്നും സമസ്ത എന്ന പേരിൽ അഭിപ്രായം പറയരുത് എന്നും​ സമസ്തയുടെ ഒരു കടുത്ത അനുയായിയായ എനിക്ക് അഭിപ്രായമുണ്ട്. താൻ ഓർമ്മവെച്ച കാലം മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗി​േന്‍റയും അടിയുറച്ച അനുയായിയാണ്​. വ്യാജ പ്രചാരണങ്ങൾക്ക്​ പിന്നിൽ സമസ്​തയിലെ വിഘടിത വിഭാഗമാണെന്നും മായിൻ ഹാജി ഫേസ്​ബുക്കിൽ പ്രതികരിച്ചു.

എം.സി മായിൻഹാജി പങ്കുവെച്ച ഫേസ്​ബുക്​​ പോസ്റ്റ്​:

ബഹുമാനപ്പെട്ട ആലിക്കുട്ടി ഉസ്​താദിനെ 'പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും കയറ്റുകയില്ല' എന്ന് ഞാൻ പറഞ്ഞതായി പ്രചരിപ്പിച്ചു കൊണ്ട് ചിലർ സോഷ്യൽ മീഡിയകളിൽ എന്നെ സംബന്ധിച്ച് തെറ്റായ ഒരു പരാമർശം വെച്ച് കൊണ്ട് പ്രചാരണം നടത്തുന്നുണ്ട്. മാത്രവുമല്ല അതിൽ മുസ്‌ലിമിന് നിരക്കാത്ത തരത്തിലുള്ള പദ പ്രയോഗങ്ങൾ നടത്തി പലരും കമന്റ് ചെയ്യുന്നുമുണ്ട്. വാസ്തവത്തിൽ ഞാൻ ആലിക്കുട്ടി ഉസ്താദിനോട് അങ്ങനെ പറഞ്ഞിട്ടില്ല. മാത്രവുമല്ല 'പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും വരണ്ട' എന്ന് പറയാൻ എനിക്ക് എന്താണ് അവകാശം..?? ചിലർ സോഷ്യൽ മീഡിയയിൽ പ്രയോഗിക്കുന്നത് പോലെ പട്ടിക്കാടും പാണക്കാടും എന്റെ .............. ഒന്നുമല്ലല്ലൊ...??

ഞാൻ ആലിക്കുട്ടി ഉസ്താദുമായി ഡിസംബർ 24 ന് പട്ടിക്കാട് വെച്ചും ഇന്നലെ (03/01/2021) അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചും കഴിഞ്ഞ വിദ്യാഭ്യാസ ബോർഡ് എക്സിക്യുട്ടീവ് യോഗങ്ങളിൽ വെച്ചും കണ്ടതല്ലാതെ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുകയൊ, സംസാരിക്കുകയൊ, ഫോണിൽ ബന്ധപ്പെടുകയൊ ചെയ്തിട്ടില്ല.ഞാൻ ഓർമ്മ വെച്ച കാലം മുതൽ ബഹു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയേയും, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേയും അടിയുറച്ച അനുയായിയാണ്. എന്നെ ഇത് പഠിപ്പിച്ചത് ബഹു. ശൈഖുനാ ശംസുൽ ഉലാമാ ഇ.കെ. അബൂബക്കർ മുസ്ല്യാർ (ന.മ) , ശൈഖുനാ കണ്ണിയത്ത് അഹമ്മദ് മുസ്ല്യാർ (ന.മ), ബഹു. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ (ന.മ) തുടങ്ങിയ മഹാരഥന്മാരായ പണ്ഡിത മഹത്തുക്കളും

ബഹു. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ (ന.മ), ബഹു‌.സയ്യിദ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ (ന.മ), ബഹു.സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (ന.മ) തുടങ്ങിയ മഹത്തുക്കളായ സയ്യിദന്മാരുമാണ്. ആ നിലയിലാണ് ഞാൻ ഈ കാലമത്രയും പ്രവർത്തിച്ചു വന്നത്. അങ്ങനെ തന്നെ ജീവിച്ച് പ്രവർത്തിച്ച് മരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ...

എന്റെ പ്രവർത്തനം കണ്ടിട്ടാകാം ശൈഖുനാ ശംസുൽ ഉലമ (ന.മ) അവർകൾ എനിക്ക് 30 വയസ്സുണ്ടായിരുന്നപ്പോൾ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ എക്സിക്യൂട്ടീവ് അംഗമാക്കിയത്. മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എനിക്ക് 27 വയസ്സുള്ളപ്പോഴാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് മാനേജിങ് കമ്മറ്റിയിൽ അംഗമാക്കിത്.ഈ സ്ഥാനങ്ങളൊക്കെ വഹിച്ചു കൊണ്ട് സമതയിൽ അങ്ങേ അറ്റം അച്ചടക്കത്തോട് കൂടിയും വിശ്വാസത്തോട് കൂടിയും ഇന്നും ഞാൻ പ്രവർത്തിച്ച് വരികയാണ്.

അതിനിടയിൽ ചില ആളുകൾ ലീഗിനെ ലക്ഷ്യം വെച്ച് കൊണ്ട് കഴിഞ്ഞ കുറച്ചു കാലമായി 1980 കളിൽ സമസ്തയിൽ നിന്ന് ചില ആളുകൾ ഭിന്നിച്ച് പുറത്ത് പോയ ആ കാലഘട്ടത്തിൽ ചെയ്തതിന് തുല്ല്യമായി ലീഗിന് എതിരെ ചില വ്യാജ പ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുന്നുണ്ട് എന്നത് വസ്തുതയാണല്ലൊ.‌. നിരവധി തവണ സോഷ്യൽ മീഡികളിലും വാർത്താ മാധ്യമങ്ങളിലും ഇത് പോലെയുള്ള പ്രചാരണങ്ങൾ നടത്തികൊണ്ടിരിക്കുന്നുണ്ട്. അതിൽ അധികവും ബഹു.സമസ്തയിലും മുസ്‌ലിം ലീഗിലും അടിയുറച്ച് നിൽക്കുന്ന എന്നെ ലക്ഷ്യം വെച്ച് കൊണ്ട് നിരവധി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. അതിന് ഒന്നും ഞാൻ മറുപടി പറയാതിരുന്നത് 'ബഹു. സമസ്തയിൽ എന്നെ കൊണ്ട് ഒരു പ്രശ്നം ഉണ്ടാകരുത്' എന്ന എന്റെ മനസ്സിലെ നിർബന്ധം കൊണ്ടാണ്. ഇപ്പോൾ ബഹു. ഉമ്മർ ഫൈസിയുടെ നിലപാടിനെതിരെ നിലക്കൊള്ളാൻ കാരണം അദ്ദേഹം കഴിഞ്ഞ കുറേ കാലമായി സമസ്തയുടേത് എന്ന രൂപത്തിൽ ലീഗിനും ലീഗ് ഉൾപ്പെട്ട മുന്നണിക്കും അതിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ്സിനുമെതിരെ നിരന്തരം പരസ്യ പ്രസ്താവനകൾ വാർത്താ മാധ്യമങ്ങളിലൂടേയും സോഷ്യൽ മീഡിയകളിലൂടേയും നടത്തികൊണ്ടിരിക്കുന്നു. ബഹു.സമസ്ത പ്രസിഡന്റ് തന്നെ പലവട്ടം 'സമസ്തയുടെ അഭിപ്രായം പറയാൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും മാത്രമേ അധികാരമുള്ളൂ' എന്ന് പരസ്യമായി പറഞ്ഞിട്ടും ബഹു.ഉമ്മർ ഫൈസി സമസ്തയുടേതെന്ന പേരിൽ ലീഗിനെതിരെ പരസ്യ പ്രസ്താവനകൾ നടത്തികൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന് വ്യക്തിപരമായി അഭിപ്രായം പറയാം.. എന്നാൽ സമസ്ത എന്ന പേരിൽ അഭിപ്രായം പറയരുത് എന്ന് സമസ്തയുടെ ഒരു കടുത്ത അനുയായിയായ എനിക്ക് അഭിപ്രായമുണ്ട്. അത് ഞാൻ പലരോടും പങ്ക് വെച്ചിട്ടുണ്ട്. ബഹു.ഉമ്മർ ഫൈസിയോടും അത് ഞാൻ പറഞ്ഞിട്ടുണ്ട്.

അത് പറയാൻ എനിക്ക് അവകാശമില്ലെ? അത് പറയുമ്പോൾ എന്നെ 'സമസ്ത വിരുദ്ധനാക്കി പൊങ്കാലയിടുന്നത്' ദുരുദ്ദേശപരമല്ലെ?? (ഇങ്ങിനെ പൊങ്കാലയിടുന്നവരിൽ അധികവും 1989 ൽ സമസ്തയിൽ നിന്നും പുറത്ത് പോയവരുടെ അനുയായികളാണ് എന്നതും എല്ലാവർക്കും അറിയാം. എന്നാൽ നിഷ്കളങ്കരായ സമസ്ത അനുയായികൾക്ക് തെറ്റിദ്ധാരണ വരരുത് എന്ന നിലക്കാണ് ഈ പോസ്റ്റ്)

ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ മുസ്‌ലിം സമുദായത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലാ എന്നാണ് ബഹു. ഉമ്മർഫൈസി പലപ്പോഴും പറയുകയും ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നതും. ധാരാളം കാര്യങ്ങൾ സമുദായത്തിനും സമസ്തക്കും എതിരെ ചെയ്തത് തെളിവുകൾ നിരത്തി സമത്ഥിക്കാൻ എനിക്ക് കഴിയും.. പക്ഷെ അത് വളരേ നീണ്ട പട്ടികയാകും എന്നത് കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ കുറിക്കുന്നു..

1) സംസ്ഥാനത്തെ മുസ്‌ലിമീങ്ങൾ അടക്കമുള്ള പിന്നോക്ക സമുദായങ്ങൾക്ക് ലഭിക്കുന്നതിനേക്കാളേറെ സംവരണങ്ങൾ മുന്നോക്കക്കാർക്ക് നൽകി കൊണ്ട് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ജനറൽ കോട്ടയിൽ സമുദായത്തിന് ലഭിക്കേണ്ട അവസരങ്ങൾ ഗണ്യമായി കുറയുന്ന സംവരണ നയം സ്വീകരിക്കുകയും അത് വഴി മുസ്‌ലിം സമുദായത്തെ പാർശ്വവൽക്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും നേതൃത്വം നൽകുകയും ചെയ്യുന്നു.

2) മുസ്‌ലിം സമുദായ അംഗങ്ങൾ പ്രതികളായി വരുന്ന ഭൂരിപക്ഷം കേസുകളും ജാമ്യമില്ലാ വകുപ്പുകളാക്കി (പ്രത്യേകം വകുപ്പുകൾ ചേർത്ത്) രജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇതര സമുദായ അംഗങ്ങൾ പ്രതികളാകുന്ന കേസുകളിൽ ഒന്നിൽ പോലും ഈ പ്രത്യേക വകുപ്പ് ചേർക്കുന്നുമില്ല.

3) സംസ്ഥാനത്തെ യതീംഖാനകൾ അടച്ചു പൂട്ടുവാൻ ഉത്തരവ് ഇറക്കുകയും ചൈൽഡ് വെൽഫയർ കമ്മറ്റി മുഖേന പരമാവധി ദ്രോഹിക്കുകയും ചെയ്ത്കൊണ്ടിരിക്കുന്നു.

4) നിയമ പ്രകാരം സമസ്തയുടെ സ്വന്തമായ പള്ളി, മദ്രസ്സ തുടങ്ങിയ മത സ്ഥാപനങ്ങൾ സമസ്ത വിരുദ്ധർക്ക് പിടിച്ചു കൊടുക്കുവാൻ വഖഫ് മന്ത്രിയും വഖഫ് ബോർഡ് ചെയർമാനും നേതൃത്വം നൽകുന്നു. നമ്മുടെ സമസ്തയുടേതായ തിരഞ്ഞെടുക്കപ്പെട്ട ബോർഡ് മെമ്പർമാരുടേയും, ബോർഡ് മെമ്പർമാരായ മുസ്‌ലിം ലീഗ് എം.പി, എം.എൽ.എ എന്നിവരുടേയും അതീവ ജാഗ്രതയോടെയുള്ള നിലപാടും പ്രവർത്തനങ്ങളും കൊണ്ട് മാത്രം ഒരു പരിധി വരെ പിടിച്ചു നിർത്താൻ സാധിക്കുന്നു.

5) വഖഫ് ബോർഡ്, ഹജ്ജ് കമ്മറ്റി, മദ്രസ്സാ ക്ഷേമനിധി ബോർഡ്, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവയുടേതിൽ ഒന്നിൽ പോലും ചെയർമാൻ സ്ഥാനത്തേക്ക് സമസ്തയെ പരിഗണിച്ചില്ല. .

6) വഖഫ് ബോർഡിലും, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർമാരെ നോമിനേറ്റ് ചെയ്യുന്നതിൽ പോലും ബഹു. സമസ്തയെ ഒട്ടും പരിഗണിച്ചില്ല.‌.

7) മുസ്ലിമീങ്ങളെ മാത്രം നിയമിക്കപ്പെടേണ്ട മത സ്ഥാപനങ്ങളിലെ മേൽ നോട്ടവും നിയന്ത്രണവുമുള്ള വഖഫ് ബോർഡിലേക്കുള്ള നിയമനം പി.എസ്‌.സിക്ക് വിട്ടു.

8) കൊറോണ കാലത്ത് സമസ്തയുടേത് അടക്കമുള്ള ധാരാളം പള്ളികളുടെ ഭാരവാഹികളുടെ പേരിൽ നിശ്ചിത എണ്ണത്തിൽ അധികം ആളുകൾ പങ്കെടുത്തു എന്നതിന്റെ പേരിൽ കേസ് എടുത്തു. എന്നാൽ സി.പി.എം നേതാവ് കുഞ്ഞനന്തന്റേയും പ്രമുഖ ഇടതുപക്ഷ നേതാവ് വീരേന്ദ്രകുമാറിന്റെയും ശവ സംസ്കാര ചടങ്ങുകളിലടക്കം ധാരാളം പരിപാടികളിൽ ആയിരങ്ങൾ പങ്കെടുത്തിട്ടും ഒരു കേസും ഉണ്ടായില്ല.

9) പാലത്തായി പീഡന കേസിലെ പ്രതിക്ക് എതിരെ ജാമ്യം ലഭിക്കുന്ന തരത്തിൽ നിസ്സാരമായി കേസെടുത്തപ്പോൾ മുസ്‌ലിം സമുദായത്തിലെ ചില മദ്രസ്സാ ഉസ്താദുമാരിൽ വന്ന് പോയ തെറ്റുകളുടെ പേരിൽ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ട കഠിനമായ വകുപ്പുകൾ ചാർത്തി കേസുകൾ രജിസ്റ്റർ ചെയ്ത്ക്കൊണ്ടിരിക്കുന്നു. അതേസമയം എൽ.പി, യു.പി സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നിസ്സാരവൽക്കരിച്ച് ഒഴിവാക്കുകയും ചെയ്യുന്നു.

10) അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിൽ കുഞ്ഞാലിക്കുട്ടി ഭരണ നേതൃത്വം ഏറ്റെടുക്കുമെന്ന തരത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ സി.പി.എം നേതാക്കൾ പ്രചരിപ്പിച്ച് ഇസ്ലാമോഫോബിയ സൃഷ്ടിക്കാൻ ശ്രമം നടത്തുകയും അത് വഴി മുസ്ലിമീങ്ങളെ പൊതു സമൂഹത്തിലെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കി നിർത്താൻ ബോധപൂർവം ശ്രമിക്കുകയും ചെയ്യുന്നു.

11) അറബി ഭാഷക്കും അറബി ഭാഷാ അദ്ധ്യപകർക്കും എതിരെ ധാരാളം പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്ന് അറബി ഭാഷയെ വിദ്യാഭ്യാസ രംഗത്ത് നിന്നും പടി പടിയായി ഒഴിവാക്കാൻ ശ്രമിക്കുന്നു. അത് വഴി 99.9 ശതമാനവും സമുദായത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്ന വിശാലമായ തൊഴിലവസരം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശത്തിലുള്ള നയം സ്വീകരിക്കുന്നു.

12) ഉത്തർപ്രദേശിൽ കുട്ടികളിലെ കൂട്ട മരണം ഉണ്ടാകാൻ കാരണം ഓക്സിജൻ കിട്ടാത്തതിന്റെ പേരിലാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന മുസ്‌ലിം ഡോക്ടർക്ക് വേണ്ടി കേരളത്തിൽ ശബ്ദിച്ചു.

കൊറോണ രോഗികൾക്ക് പ്രത്യേക പരിഗണന നൽകാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയ ആലുവയിലെ മുസ്‌ലിം വനിതാ ഡോക്ടർക്ക് എതിരെ സർവ്വീസിൽ നിന്നും പിരിച്ച് വിടുന്നതടക്കമുള്ള ക്രൂരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

13) എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിലടക്കം പുതിയ കോഴ്സുകൾ നിർലോഭമായി അനുവദിച്ചിട്ടും അറബിക് കോളേജുകളിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ ഒന്നിൽ പോലും പുതിയ കോഴ്സുകൾ അനുവദിച്ചില്ല.

ഇത് ഒന്നും സമുദായത്തിനും സമസ്തക്കും എതിരല്ലാ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരോടെന്ത് പറയാൻ??

ഇത് പോലെ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും നടത്തിയ പരിപാടി കേരള മുഖ്യമന്ത്രി എന്ന നിലയിലുള്ള ജനസമ്പർക്കമൊ, സർക്കാറിന്റെ ഒൗദ്യൊദിക പരിപാടിയൊ ആയിരുന്നില്ലല്ലൊ? അത് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു പ്രചരണ പരിപാടിയായിരുന്നുവെന്ന് എല്ലാവർക്കും അറിയുന്നതല്ലെ....

സമസ്തയിൽ നിന്ന് ചിലർ പുറത്ത് പോകാൻ കാരണമായ സംഭവത്തിൽ ഒരാൾ സമസ്തക്കെതിരെ ബഹു. ശൈഖുനാ ശംസുൽ ഉലമാ അവർകളേയും ബഹു.ശൈഖുനാ കണ്ണിയത്ത് ഉസ്താദ് അവർകളേയും പ്രതി ചേർത്ത് ഒരു കേസ് കൊടുക്കുകയും അതോടനുബന്ധിച്ച് ബഹു സമസ്ത മുശാവറ യോഗം ചേരുന്നത് കോഴിക്കോട് മുനിസിഫ് കോർട്ട് താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്ത ദിവസം അർധ രാത്രിക്ക് ശേഷം സുമാർ ഒന്നര മണിക്ക് ബഹു.ശംസുൽ ഉലമ, ബഹു.കുട്ടി ഹസ്സൻ ദാരിമി, സമസ്തയിലെ അന്നത്തെ ഡ്രൈവറായിരുന്ന മൊയ്തീൻ കുട്ടി എന്നിവരോടൊന്നിച്ച് എന്റെ വീട്ടിൽ വന്ന് ആ കേസിലും തുടർന്ന് ഈ കേസ് കൊടുത്തവർക്കെതിരേയും സമസ്തക്ക് വേണ്ടി ഇടപ്പെട്ട് സജീവമായി പ്രവർത്തിക്കാൻ എന്നോട് ആവശ്യപ്പെട്ട് ഇറക്കി കൊണ്ട് വന്നതാണ്‌. അന്ന് മുതൽ മഹാനവറുകൾ ഏൽപ്പിച്ച കാര്യത്തിൽ ഞാൻ പ്രവർത്തിച്ച് വരുന്നു. അതിന്റെ പേരിൽ അവർ എന്നെ വല്ലാതെ എല്ലാ നിലയിലും ആക്ഷേപിച്ചു തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌. അതിന്റെ ഒരു തുടർച്ച ഇപ്പോൾ ചിലർ ആരംഭിച്ചിട്ടുണ്ടൊ എന്ന് സംശയിക്കുന്ന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയകളിലൂടെ നടത്തികൊണ്ടിരിക്കുന്നതിനെതിരെ സമസ്തയുടെ ആത്മാർത്ഥ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ബഹു. ഉമ്മർ ഫൈസി വ്യക്തിപരയായി എന്ത് നിലപാട് എടുത്താലും അതിനെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല.

എന്നാൽ ബഹു.സമസ്ത ഒൗദ്യോദികമായി തീരുമാനിക്കാത്തതും പറയാത്തതുമായ കാര്യങ്ങൾ ഉമ്മർ ഫൈസി പറയുമ്പോൾ അത് ബഹു.ഉസ്താദുമാരുടെ ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹാരം ഉണ്ടാക്കുകയെന്നത് അത്യാവശ്യമായ കാര്യമാണല്ലൊ..?

അത് ഉസ്താദുമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. അതിനും പുറമേ വാർത്താ മാധ്യമങ്ങൾ എന്നോട് ചോദിച്ചതിന് ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. പിന്നെ ഉമ്മർ ഫൈസി 'കോടാലി കൈ' ആണ് എന്നത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമ പ്രവർത്തകൻ അങ്ങിനെ എന്നോട് ചോദിച്ചപ്പോൾ 'നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങൾക്ക് വ്യാഖ്യാനിക്കാം' എന്നാണ് ഞാൻ പറഞ്ഞത്. അതിന് എന്നെ ആക്ഷേപിക്കുന്നവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. ബഹു.ഉമ്മർ ഫൈസി സമസ്ത മുശാവറ അംഗം എന്ന നിലയിൽ വാർത്താ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഇപ്പോഴത്തെ ഇടതുപക്ഷ ഗവൺമെന്റ് മുസ്‌ലിമീങ്ങൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ലാ എന്നത് ബഹു. സമസ്തയുടേതെന്ന രൂപത്തിൽ പറയുന്നത് എതിർക്കപ്പെടേണ്ടതല്ലെ...? അതും ബഹു.സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങൾ അവർകൾ വിലക്കിയതിന് ശേഷവും ഈ പറയുന്ന കൂട്ടർ ന്യായീകരിക്കുകയും എന്നെ എതിർക്കുകയും ചെയ്യുന്നത് സയ്യിദുൽ ഉലമയുടെ വാക്കുകൾ ധിക്കരിക്കലും സമസ്ത വിരുദ്ധവുമല്ലെ..!!

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന മുഅ്മിനീങ്ങൾ ഇങ്ങിനെ പറയാമൊ?? എനിക്ക് എതിരെ സത്യവിരുദ്ധമായി പറയുന്നതെല്ലാം എനിക്ക് എതിരേയുള്ള ഈബത്താണ്..

ഈബത്ത് പറയുന്നവർ വല്ല ഇബാദത്തും ചെയ്തവരാണെങ്കിൽ അവരുടെ ഇബാദത്തുകൾ പറയപ്പെട്ടവന് ലഭിക്കുമെന്നും, ഇബാദത്ത് ചെയ്യാത്തവനാണെങ്കിൽ ഈബത്ത് പറയപ്പെട്ടവന്റെ തെറ്റ് കുറ്റങ്ങൾ ഈബത്ത് പറഞ്ഞവനിലേക്ക് ചെല്ലുമെന്നും ഇസ്‌ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.. എന്റെ പേരിൽ ഇപ്പോൾ പറയുന്നത് മുഴുവൻ ഈബത്താണ് എന്ന കാര്യം എനിക്ക് ഉറപ്പാണ്.. എന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ കെട്ടി ചമച്ച് ഈബത്ത് പറയുന്നവർ അല്ലാഹുവിനെ ഭയപ്പെടുന്നവരാണെങ്കിൽ പിന്തിരിയണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു...

എം.സി.മായിൻഹാജി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaiumlmc mayinhaji
News Summary - mc mayinhaji facebook post
Next Story