Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡ് ചെയർമാനായി എം.സി. മായിൻ ഹാജി പരിഗണനയിൽ; പ്രബല മുസ്‍ലിം സംഘടനകൾക്ക് പ്രാതിനിധ്യം നൽകും

text_fields
bookmark_border
വഖഫ് ബോർഡ് ചെയർമാനായി എം.സി. മായിൻ ഹാജി പരിഗണനയിൽ; പ്രബല മുസ്‍ലിം സംഘടനകൾക്ക് പ്രാതിനിധ്യം നൽകും
cancel

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് മുസ്‍ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയെ പരിഗണിക്കുന്നു. മറ്റ് പേരുകളൊന്നും നിലവിൽ ലീഗ് നേതൃത്വത്തിന്‍റെ മുന്നിൽ ഇല്ല.

നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായ പരിചയം കൂടി പരിഗണിച്ചാണ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ മായിൻ ഹാജിയുടെ പേരിന് മുൻഗണന ലഭിച്ചത്. ബോർഡിലെ ഏക എം.എൽ.എ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെ ഉൾപ്പെടുത്തും.

കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ അവസാനകാലത്ത് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ പാണക്കാട് റഷീദലി ശിഹാബ് തങ്ങളെയായിരുന്നു ചെയർമാനായി നിയമിച്ചത്.

ബോർഡിലേക്കുള്ള മറ്റ് അംഗങ്ങളുടെ പേരുകളിലും ഏകദേശ ധാരണയായതായാണ് വിവരം. പ്രബല മുസ്ലിം സംഘടനകൾക്കെല്ലാം ബോർഡിൽ പ്രാതിനിധ്യം നൽകാനാണ് ശ്രമം. കഴിഞ്ഞ സർക്കാർ കാലത്ത് ചില സംഘടനകൾക്ക് പ്രത്യേക പരിഗണന നൽകിയും ചിലരെ പാടെ ഒഴിവാക്കിയുമാണ് വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നത്.

വഖഫ് ബോർഡിലേക്ക് ആകെ വേണ്ട 11ൽ ഒമ്പത് പേരെയായിരിക്കും ആദ്യഘട്ടത്തിൽ നാമനിർദേശം ചെയ്യുക. ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന് കേന്ദ്രവഖഫ് നിയമത്തിൽ ഭേദഗതി വരുത്തിയതിനാൽ അവ ഒഴിച്ചിടും. അമുസ്‍ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യത്തിൽ തീരുമാനമെടുക്കുക.

2026 ഫെബ്രുവരിയിൽ എൽ.ഡി.എഫ് സർക്കാർ പുനഃസംഘടിപ്പിച്ച ബോർഡിൽ മുത്തവല്ലിയല്ലാത്തയാളെ മുത്തവല്ലി പ്രതിനിധിയായും ഇസ്‍ലാമിക പണ്ഡിതനെ നാമനിർദേശം ചെയ്യുന്നതിന് പകരം അഭിഭാഷകനെ നാമനിർദേശം ചെയ്തതടക്കമുള്ള ചട്ടലംഘനങ്ങൾ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈകോടതി വ്യക്തമാക്കിയതോടെയാണ് നാലര വർഷത്തോളം ബാക്കിയുള്ള ബോർഡ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാൻ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MC Mayin Haji considered for Waqf Board Chairman post
Next Story