കരിയാത്തുംപാറയിൽ എം.ബി.ബി.എസ് വിദ്യാർഥി മുങ്ങിമരിച്ചു
text_fieldsകൂരാച്ചുണ്ട്: കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ എം.ബി.ബി.എസ് വിദ്യാർഥി മുങ്ങിമരിച്ചു. തൂത്തുക്കുടി ഗവ. കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ പാലാ സ്വദേശി ജോർജ് ജോസഫ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.
അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം കരിയാത്തുംപാറയിലെത്തിയതായിരുന്നു. കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജോർജ് ജോസഫ് ഉൾപ്പെടെയുള്ള എട്ടംഗ സംഘം കുളിക്കാനിറങ്ങിയത്.
സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ജോർജ് ജോസഫിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ സോണി ജോൺ വെളിയത്ത്, ഷൈജു പുതുക്കുടി, റെജി പുന്നറവിള, സോളമൻ റെജി, രമേശൻ കരിയാത്തുംപാറ, ടിൽസ് പടലോടി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

