മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ലെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം: മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരത്ത് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല യോജന പദ്ധതിയിലെ പൂര്‍വ വിദ്യാർഥികളുടെ സംഗമമായ ടാലെന്റോ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരം സ്വന്തമാക്കാന്‍ കഴിവുള്ളത് കൊണ്ടാണ് മലയാളികള്‍ വിദേശത്തേക്ക് പോകുന്നത്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ പരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024 പ്രകാരം അഭ്യസ്തവിദ്യര്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവര്‍ താരതമ്യേന കുറവാണെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നുവെന്നും മന്ത്രി രാജേഷ് പറഞ്ഞു.
പദ്ധതി പ്രകാരം തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച ആയിരം പേര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ മന്ത്രി കൈമാറി. ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല യോജന പദ്ധതിയിലൂടെ ജോലി ലഭിച്ച മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. ഗ്രാമീണ മേഖലയിലുള്ള യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതാണ് ഈ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി.
സംസ്ഥാനത്ത് കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 74,124 പേര്‍ക്ക് പരിശീലനം നല്‍കുകയും, വിദേശത്ത് ഉള്‍പ്പെടെ, 52,480 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍ 200 പേരുടെ വിജയഗാഥ ഉള്‍പ്പെടുത്തിയ 'ദി ട്രെയില്‍ ബ്ലേസേഴ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കര്‍മ സിംപ ഭൂട്ടിയ നിര്‍വഹിച്ചു. ചടങ്ങില്‍ കഴക്കൂട്ടം എം.എ.ല്‍എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

