കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങൾക്കറിയാം -മന്ത്രി എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: റബർ വില വർധിപ്പിച്ചാൽ ബി.ജെ.പിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി എം.ബി രാജേഷ്. ആർ.എസ്.എസും ബി.ജെ.പിയും ന്യൂനപക്ഷ സംരക്ഷകരായി വരുകയാണെന്ന് എം.ബി രാജേഷ് പറഞ്ഞു.
ആർ.എസ്.എസിന്‍റെ വിചാരധാരയിൽ മുസ് ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകളുമാണ് ശത്രുകൾ. കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ന്യൂനപക്ഷങ്ങൾക്കറിയാമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
വിചാരധാരയാണ് ആർ.എസ്.എസിന്‍റെയും അമിത്ഷായുടെയും പ്രാമാണിക ഗ്രന്ഥം. ഹിന്ദു രാഷ്ട്രത്തിന്‍റെ ആന്തരിക ഭീഷണിയെ കുറിച്ചാണ് വിചാരധാരയിലെ ഇരുപതാം അധ്യായം വിവരിക്കുന്നത്. ആ അധ്യായത്തിന്‍റെ തലക്കെട്ട് ക്രൈസ്തവർ എന്നാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.
റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയത്. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണം. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
റബറിന്‍റെ ഇറക്കുമതി തീരുവയിൽ തീരുമാനമുണ്ടാക്കുകയും വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കാൻ മലയോര ജനത തയാറാവുമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി ഇന്ന് ആവർത്തിച്ചു. മലയോര കർഷകരുടെ വികാരമാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രകടിപ്പിച്ചത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബി.ജെ.പിക്കാണ്. ബി.ജെ.പി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.