Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ, രണ്ട് ഓപ്ഷനുണ്ട്. പി.എം ശ്രീ അറബിക്കടലിലെറിയാം, അല്ലെങ്കിൽ സ്വയം പോയി ചാടാം; പരിഹാസവുമായി എം.ബി. രാജേഷ്

text_fields
bookmark_border
അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ, രണ്ട് ഓപ്ഷനുണ്ട്. പി.എം ശ്രീ അറബിക്കടലിലെറിയാം, അല്ലെങ്കിൽ സ്വയം പോയി ചാടാം; പരിഹാസവുമായി എം.ബി. രാജേഷ്
cancel

പാലക്കാട്: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയതോടെ യു.ഡി.എഫ് വാദങ്ങൾ പൊളിഞ്ഞെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്ന് കേന്ദ്രം യു.ഡി.എഫ് എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.ബി. രാജേഷ് ഫേസ്ബുക്കിലൂടെ പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയത്.

അതോടൊപ്പം, അബ്ദുൾ വഹാബ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലൂടെ പി.എം ശ്രീയിൽ നിന്ന് പിന്മാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് എംപിമാരെക്കൊണ്ട് ഒടുവിൽ ഒരു ഗുണമുണ്ടായെന്നും, പിഎം ശ്രീ വിഷയത്തിലെ യുഡിഎഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിന് നന്ദിയുണ്ടെന്നും എം.ബി. രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ലീഗ് എം.പി അബ്ദുൽ വഹാബിനും കോൺഗ്രസ് എം.പി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനം നൽകിയുകൊണ്ടാണ് എം.ബി. രാജേഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. പി.എം. ശ്രീ വിഷയത്തിലെ യു.ഡി.എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിനാണ് ഈ അഭിനന്ദനമെന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് എംപിമാരെ അഭിനന്ദിക്കാൻ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നതെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

എൽ.ഡി.എഫ് സർക്കാർ പി.എം. ശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിന്മാറാനാകില്ലെന്ന യു.ഡി.എഫ് പ്രചാരണം പാർലമെന്റിലെ മറുപടിയിലൂടെ പൊളിഞ്ഞതായി രാജേഷ് ചൂണ്ടിക്കാണിച്ചു. കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് മാത്രമാണെന്നും, പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ ലിസ്റ്റ് എൽ.ഡി.എഫ് സർക്കാർ നൽകിയിരുന്നില്ലെന്നും കേന്ദ്ര മന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വലിയ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്നായിരുന്നു വി.ഡി. സതീശൻ അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ആരോപിച്ചിരുന്നത്. എന്നാൽ പി.എം. ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ ആ പദ്ധതിയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്ന് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

കൺഗ്രാജുലേഷൻസ് ....

യു ഡി എഫ് എംപിമാരെ അഭിനന്ദിക്കാൻ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നത്. ലീഗിൻ്റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനം. എന്തിനാണെന്നല്ലേ? പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിന് . ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നു. എൽ.ഡി. എഫ് സർക്കാർ പി എംശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിൻമാറാനാവില്ല എന്ന യു ഡി എഫ് നുണയാണ് പാർലിമെൻ്റിൽ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്. കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ 99.27കോടി മാത്രമാണെന്നാണ് ജെബിക്ക് മന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്‌റ്റ് എൽഡി എഫ് സർക്കാർ നൽകിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ന് ലീഗിൻ്റെ സ്വന്തം അബ്ദുൾവഹാബിൻ്റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയിൽ പി എം ശ്രീയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. Thank you guys. യു ഡി എഫ് എംപി മാരെക്കൊണ്ട് ഒടുവിൽ ഗുണമുണ്ടായിരിക്കുന്നു.

അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ.... ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പി എം ശ്രീ അറബിക്കടലിലെറിയാം. അല്ലെങ്കിൽ സ്വയം അറബിക്കടലിൽ പോയി ചാടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mb-rajesh-mocks-udf-over-pm-shri-scheme-clarification
Next Story