കൈയോടെ പിടിക്കപ്പെട്ട മുഖ്യമന്ത്രി കള്ളം പറയുന്നു -എം.ബി. രാജേഷ്
text_fieldsപാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ കൈയോടെ പിടിക്കപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ നുണ പ്രചരിപ്പിക്കുകയാണെന്ന് മുൻമന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വി.ഡി. സതീശൻ അധികാരം ഏറ്റെടുത്ത ശേഷം ശരവേഗത്തിലാണ് നികുതിയിളവ് നടപ്പാക്കാനുള്ള ഫയൽ നീക്കം നടന്നത്. മുന്നണിയിൽ പോലും ആരും അറിയരുതെന്ന് മുഖ്യമന്ത്രിക്ക് വാശിയുണ്ടായിരുന്നു.
എൽ.ഡി.എഫിന്റെ മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രി അവാസ്തവം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ നയം ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചതാണ്. അന്നൊന്നും നികുതി കുറക്കാൻ ആലോചിട്ടില്ല. അങ്ങനെ ഫയൽനീക്കം നടന്നിട്ടുമില്ല. വീര്യം കുറഞ്ഞ മദ്യം അനുവദിക്കണമെന്ന അപേക്ഷ ഞങ്ങളുടെ സർക്കാറിന് മുന്നിൽ വന്നതാണ്. എന്നാൽ, അനുമതി നൽകേണ്ട എന്നായിരുന്നു തീരുമാനം.
എന്നാൽ, വി.ഡി സതീശൻ സർക്കാർ ആദ്യ ബജറ്റിൽ തന്നെ വീര്യം കുറഞ്ഞ മദ്യം അനുവദിക്കാനാണ് നീക്കം നടത്തിയത്. മാത്രമല്ല, അതിന് കുറഞ്ഞ നികുതി ആനുകൂല്യവും നൽകി. കർണാടക മദ്യകമ്പനിക്ക് വേണ്ടിയുള്ള നീക്കമാണിത്. ഇക്കാര്യം പുറത്തുവന്നതോടെ അന്തിമ തീരുമാനം യു.ഡി.എഫിൽ ചർച്ച ചെയ്ത് എടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കിൽ മദ്യനയം യു.ഡി.എഫിൽ ചർച്ചക്ക് പോലും വരില്ലായിരുന്നു.
എൽ.ഡി.എഫ് ബാർ വർധിപ്പിച്ചു എന്ന വാട്സ്ആപ്പ് യൂനിവേഴ്സിറ്റി കള്ളം മുഖ്യമന്ത്രിയും പ്രചരിപ്പിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാമൊഴിയുമ്പോൾ 813 ബിയർ ആൻഡ് വൈൻ പാർലറുകൾ പ്രവർത്തിച്ചിരുന്നു. അത് മറച്ചുവെച്ചാണ് എൽ.ഡി.എഫ് മദ്യമൊഴുക്കിയെന്ന അവാസ്തവം പടച്ചുവിടുന്നതെന്നും എംബി. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

