‘ചരിത്രത്തിൽ ആദ്യത്തെ ബുൾഡോസർ പ്രയോഗം കാണിച്ചുകൊടുത്തത് കോൺഗ്രസാണ്; യോഗിയുടെയും സിദ്ധരാമയ്യയുടെയും ഇരകൾ ഒന്നാണ്...’
text_fieldsകോഴിക്കോട്: കർണാടകയിലെ ബുൾഡോസർ രാജിനെതിരെയും മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങളാകെ ബി.ജെ.പിയിലേക്ക് മാറിയതിനെതിരെയും രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. ചരിത്രത്തിൽ ആദ്യത്തെ ബുൾഡോസർ പ്രയോഗം കാണിച്ചുകൊടുത്തത് കോൺഗ്രസാണെന്നും, സഞ്ജയ് ഗാന്ധിയാണ് ഒരൊറ്റ രാത്രി കൊണ്ട് ഡൽഹി തുർക്കുമാൻ ഗേറ്റിൽ ചേരികൾ ഇടിച്ചുനിരത്തി ആയിരങ്ങളെ തെരുവാധാരമാക്കിയ ക്രൂരത നടപ്പാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒരു വെള്ളക്കടലാസിൽ എഴുതിയ രണ്ടേ രണ്ട് വരിയിലാണ് മറ്റത്തൂരിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ഒന്നടങ്കം സ്വന്തം പാർട്ടി ഉപേക്ഷിച്ച് ബി.ജെ.പിയെ പുൽകിയത്. തരൂരിനെ പോലൊരാൾക്ക് കോൺഗ്രസിന്റെ അത്യുന്നത സമിതിയിൽ ഇപ്പോഴും ഇരിക്കാമെങ്കിൽ മറ്റത്തൂരിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ബി.ജെ.പിയിൽ പോയതിൽ എന്തത്ഭുതമെന്നും എം.ബി. രാജേഷ് ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്
അവരുടെ പണിപ്പുരയിൽ ഒരുങ്ങുന്നത്
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നതാണ് ദിനേന കാണുന്നത്. ഒരു വെള്ളക്കടലാസിൽ എഴുതിയ രണ്ടേ രണ്ട് വരിയിലാണ് മറ്റത്തൂരിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ഒന്നടങ്കം സ്വന്തം പാർട്ടി ഉപേക്ഷിച്ച് ബിജെപിയെ പുൽകിയത്. ഒന്നോ രണ്ടോ പേരല്ലെന്ന് ഓർക്കണം. ആഴ്ചകൾക്ക് മുമ്പ് കൈപ്പത്തിയിൽ ജയിച്ചവർ ഒന്നടങ്കമാണ് ബിജെപി ആയത്. എങ്ങനെയാണ് ഇത്ര എളുപ്പം കോൺഗ്രസിനാകെ ബിജെപി ആകാൻ കഴിയുന്നത്? ശശി തരൂരിനോട് കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന സമീപനം നോക്കിയാൽ മതി ഉത്തരം കിട്ടാൻ. ദിവസം മൂന്നുനേരമെന്നോണം മോദിയെ സ്തുതിക്കുന്ന തരൂർ കഴിഞ്ഞ ദിവസവും കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവർത്തക സമിതിയിൽ പങ്കെടുത്തു! ബിജെപി സൽക്കാരങ്ങളിൽ പതിവ് അതിഥിയായ തരൂരിനെ പ്രവർത്തകസമിതിയിൽ ഇരുത്താൻ മാത്രം വിശ്വാസവും വിശാല മനസ്സും കോൺഗ്രസ് ഹൈക്കമാൻഡിനുണ്ട്. തരൂരിനെ പോലൊരാൾക്ക് കോൺഗ്രസിന്റെ അത്യുന്നത സമിതിയിൽ ഇപ്പോഴും ഇരിക്കാമെങ്കിൽ മറ്റത്തൂരിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ ബിജെപിയിൽ പോയതിൽ എന്തത്ഭുതം?
ഇന്നിപ്പോൾ തരൂരിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങും മോദിയെ സ്തുതിച്ച് രംഗത്ത് വന്നിരിക്കുന്നു. അതായത് ബിജെപി ബാധ കോൺഗ്രസിൽ ഒരു പകർച്ചവ്യാധിയായി പടരുകയാണ്; ഹൈക്കമാൻഡ് മുതൽ പഞ്ചായത്ത് വരെ.
എങ്ങനെ കോൺഗ്രസുകാർ ബിജെപിയിൽ പോകാതിരിക്കും? ബിജെപി രീതികൾ തന്നെ കോൺഗ്രസും പകർത്തുകയല്ലേ? ബാംഗ്ലൂരിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും ഇരുട്ടിൻറെ മറവിൽ ദളിതരും മുസ്ലിങ്ങളും അടക്കം 3000 പേരുടെ വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചു നിരത്തി അവരെ കൊടും ശൈത്യത്തിൽ തെരുവിലേക്ക് ഇറക്കിയത് കോൺഗ്രസ് സർക്കാരാണ്. യോഗിയും സിദ്ധരാമയ്യയും ഒന്നാവുകയാണ്. രണ്ടു കൂട്ടരുടെയും ഇരകൾ ഒന്നാണ്. ചരിത്രത്തിൽ ആദ്യത്തെ ബുൾഡോസർ പ്രയോഗം കോൺഗ്രസാണ് കാണിച്ചുകൊടുത്തത്. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിൻ്റെ തണലിൽ സഞ്ജയ് ഗാന്ധിയാണ് ഒരൊറ്റ രാത്രി കൊണ്ട് ഡൽഹി തുർക്കുമാൻ ഗേറ്റിൽ ചേരികൾ ഇടിച്ചുനിരത്തി ആയിരങ്ങളെ തെരുവാധാരമാക്കിയ ക്രൂരത നടപ്പാക്കിയത്. കോൺഗ്രസിന്റെ ബുൾഡോസർ പിന്നീട് ബിജെപിയുടേതായി. ഇപ്പോൾ കോൺഗ്രസ് തങ്ങളുടെ ബുൾഡോസർ ബിജെപിക്ക് മാത്രമായി വിട്ടുകൊടുക്കില്ല എന്ന് തെളിയിച്ചിരിക്കുന്നു.
പക്ഷേ കോൺഗ്രസിൻറെ ബുൾഡോസർ ജമാഅത്തെ ഇസ്ലാമിയേയും ലീഗിനെയും അസ്വസ്ഥരാക്കുന്നേയില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതാണ് അവരുടെ മൗനം/ ന്യായീകരണം കാണിക്കുന്നത്. ഇടതുപക്ഷമെങ്ങാനും
ആയിരുന്നെങ്കിലോ? എന്തൊരു കാപട്യമാണിവർക്ക്? മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി ആയതിലും ഇവർക്ക് പരാതിയില്ല. കുമരകത്ത് ഭൂരിപക്ഷമുള്ള എൽഡിഎഫിനെ തോൽപ്പിക്കാൻ ബിജെപി വോട്ട് വാങ്ങി പ്രസിഡണ്ട് സ്ഥാനം നേടിയതിലും ഇവർക്ക് പരാതിയില്ല. ഇവരുടെ വിരോധം ബിജെപിയോടല്ല, എൽഡിഎഫിനോടാണ്. കമ്മ്യൂണിസ്റ്റുകാരോടാണ്. കമ്മ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷത്തിനും എതിരെ അവർക്ക് ബിജെപി വിശ്വസ്ത കൂട്ടാളികളാണ്. ഇടതുപക്ഷത്തിനെതിരായ സകല വർഗീയ- വലതുപക്ഷ ശക്തികളുടെയും എല്ലാം മറന്നുള്ള ഐക്യമാണ് പണിപ്പുരയിൽ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

