Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇടതുപക്ഷത്തെ ഒരു ആശയമെന്ന നിലയിൽ പോലും കുഴിച്ചുമൂടാനുള്ള ആസൂ​ത്രിത ശ്രമങ്ങൾ നടക്കുന്നു
cancel
Homechevron_rightNewschevron_rightKeralachevron_right'ഇടതുപക്ഷത്തെ ഒരു...

'ഇടതുപക്ഷത്തെ ഒരു ആശയമെന്ന നിലയിൽ പോലും കുഴിച്ചുമൂടാനുള്ള ആസൂ​ത്രിത ശ്രമങ്ങൾ നടക്കുന്നു'

text_fields
bookmark_border

പാലക്കാട്​: ഇടതുപക്ഷത്തി​െൻറ വർത്തമാനവും പ്രതിസന്ധികളും എതിരെയുള്ള സ്ഥാപിത താൽപര്യങ്ങളും തുറന്നുകാട്ടി സി.പി.എം നേതാവ്​ എം.ബി.രാജേഷ്​ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ് ചർച്ചയാകുന്നു.

ഇടതുപക്ഷത്തെ ഒരു പ്രസ്ഥാനമെന്ന നിലയിൽ മാത്രമല്ല, ആശയമെന്ന നിലയിൽ പോലും കുഴിച്ചുമൂടാൻ വേണ്ടിയുള്ള ആസൂ​ത്രിത ശ്രമങ്ങൾ നടക്കുന്നു. മുഖ്യ ഇടതുപക്ഷ പാർട്ടി എന്ന നിലയിൽ ആ ആക്രമണത്തി​െൻറ കുന്തമുന സി.പി.എമ്മിനു നേരെയാണ്. പാർട്ടിയുടെ ജനറൽ സെക്രട്ടറി മുതൽ ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാർ വരെ ഭീകരാക്രമണ സമാനമായി വേട്ടയാടപ്പെടുന്നത് അതി​െൻറ ഭാഗമാണ്.

ലോകത്ത്​ ഇടതുപക്ഷം ഇന്ന് ഒരു വലിയ ശക്തിയല്ല. പക്ഷേ മാർക്​സ്​ ശരിയായിരുന്നു എന്ന് ഇടതുപക്ഷക്കാരല്ലാത്തവർ പോലും പറയുന്ന ലോകം കൂടിയാണിത്. മുതലാളിത്തം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ മുനമ്പിലാണ്. മഹാമാരി മുതലാളിത്തത്തി​െൻറ മനുഷ്യ വിരുദ്ധതയും മാർക്​സിസത്തി​െൻറ സാധുതയും ആവർത്തിച്ച് തെളിയിച്ചു. മാർക്​സിസം എന്ന ആശയം ഇപ്പോൾ ചാരം മൂടിയ കനലാണ്. അത് മുതലാളിത്ത വിരുദ്ധ ജനരോഷത്തി​െൻറ കാറ്റിൽ ആളിപ്പടരാതിരിക്കാൻ അടിച്ചമർത്തൽ ശക്തിപ്പെടും.

ജനറൽ സെക്രട്ടറി വർഗീയ കലാപത്തിന് പ്രേരണ നൽകി എന്നതു മുതൽ മുഖ്യമന്ത്രിയും കൂട്ടരും സ്വർണ്ണക്കടത്ത് നടത്തി എന്നതു വരെയുള്ള എന്തു നുണയും കെട്ടിച്ചമക്കും. കൂസലില്ലാതെ ആവർത്തിക്കും. മാധ്യമങ്ങൾ അവ അലറി വിളിക്കും. കാരണം അവർക്ക് വേണ്ടത് ഇടതുപക്ഷത്തി​െൻറ രക്തമാണ്.

കേരളം ഇന്ത്യൻ ഇടതുപക്ഷത്തി​െൻറ ഉയർന്നു നിൽക്കുന്ന ശിരസ്സാണ്. മൂർദ്ധാവിൽ അടിച്ചു തകർക്കാനാണ് ശ്രമം. അതോടെ ഇന്ത്യൻ ഇടതുപക്ഷത്തെ കുഴിച്ചുമൂടാമെന്നാണ് പദ്ധതി. ഒപ്പം ഇന്ത്യയെ മത രാഷ്ട്രമാക്കാമെന്നും. ഇടതുപക്ഷം അതിജീവിക്കുകയെന്നാൽ മതനിരപേക്ഷ ഇന്ത്യ നില നിൽക്കുക എന്നുകൂടിയാണ് അർത്ഥമെന്നും എം.ബി രാജേഷ്​ കൂട്ടിച്ചേർത്തു.

എം.ബി.രാജേഷ്​ പങ്കുവെച്ച ഫേസ്​ബുക് കുറിപ്പ്​:

പ്രിയ സുഹൃത്തുക്കളെ,

സ്കൂളിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങി മൂന്നു പതിറ്റാണ്ടിലേറെക്കാലം ഇടതുപക്ഷത്തുനിന്ന് പ്രവർത്തിച്ച അനുഭവങ്ങളെ മുൻനിർത്തിയാണ് ഇപ്പോൾ ഈ കുറിപ്പ്. ഇതിനേക്കാൾ സംക്ഷിപ്തമാക്കാനാവാത്തതു കൊണ്ട് ഒരല്പം ദൈർഘ്യമുണ്ട്. ക്ഷമിക്കുക.ഇത് അഭിസംബോധന ചെയ്യുന്നത് ജനാധിപത്യ ബോധവും സംവാദ മര്യാദകളുമുളളവരെ മാത്രമാണ്. അല്ലാത്തവരെ ആരേയും ഇത് വായിക്കാൻ ക്ഷണിക്കുന്നുമില്ല.

ഒരു AII out attack -.ഇടതുപക്ഷത്തിനെതിരായി ഇന്ത്യയിൽ ഇപ്പോൾ ആസൂത്രിതമായി നടക്കുന്നത് അതാണ്.ലക്ഷ്യം ഇടതുപക്ഷത്തെ ഒരു പ്രസ്ഥാനമെന്ന നിലയിൽ മാത്രമല്ല, ആശയമെന്ന നിലയിൽ പോലും കുഴിച്ചുമൂടുക എന്നതാണ്. മുഖ്യ ഇടതുപക്ഷ പാർട്ടി എന്ന നിലയിൽ ആ ആക്രമണത്തിൻ്റെ കുന്തമുന സി.പി.ഐ.(എം) നു നേരെയാണ്. പാർട്ടിയുടെ ജനറൽ സെക്രട്ടറി മുതൽ ഇന്ത്യയിലെ ഏക ഇടതു പക്ഷ സർക്കാർ വരെ ഭീകരാക്രമണ സമാനമായി വേട്ടയാടപ്പെടുന്നത് അതിൻ്റെ ഭാഗമാണ്. സംഘപരിവാർ നയിക്കുന്ന, മത രാഷ്ട്ര ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യൻ ഭരണ കുടമാണ് അതിന് നേതൃത്വം നൽകുന്നത്. കാരണം മത രാഷ്ട്ര ലക്ഷ്യത്തിൻ്റെ മുന്ന് ആന്തരിക ഭീഷണികളിലൊന്നായി അവർ പണ്ടേ നിശ്ചയിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ.മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ് മറ്റുള്ളവർ. (വിചാരധാര അദ്ധ്യായം 19, 20, 21 പേജ് 217-242) ഡൽഹി കലാപം ഒരു ' ആന്തരിക ഭീഷണി'യെ ഉന്നമിട്ടായിരുന്നു. പൗരത്വ നിയമവും പട്ടികയും എല്ലാം അങ്ങിനെ തന്നെ.അതിനെല്ലാമുള്ള എതിർപ്പിൻ്റെ ആശയ സ്രോതസ്സും മുൻനിര പോരാളികളുമായി ഇടതു പക്ഷമുണ്ട്. ഇടതുപക്ഷം ഒരു ചെറിയ ശക്തിയാണ് ഇന്ത്യയിൽ. പക്ഷേ എത്ര ചെറുതെങ്കിലും മത രാഷ്ട്രവാദികൾക്കും ചൂഷകർക്കും നിരന്തരം അലോസരം സൃഷ്ടിക്കുന്ന, അവർക്ക് പൊറുപ്പിക്കാനാവാത്ത പ്രത്യയശാസ്ത്രമാണത്.

ലോകത്തും ഇടതുപക്ഷം ഇന്ന് ഒരു വലിയ ശക്തിയല്ല. പക്ഷേ മാർക്സ് ശരിയായിരുന്നു എന്ന് ഇടതുപക്ഷക്കാരല്ലാത്തവർ പോലും പറയുന്ന ലോകം കൂടിയാണിത്.മുതലാളിത്തം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ മുനമ്പിലാണ്.മഹാമാരി മുതലാളിത്തത്തിൻ്റെ മനുഷ്യ വിരുദ്ധതയും മാർക്സിസത്തിൻ്റെ സാധുതയും ആവർത്തിച്ച് തെളിയിച്ചു. മാർക്സിസം എന്ന ആശയം ഇപ്പോൾ ചാരം മൂടിയ കനലാണ്.അത് മുതലാളിത്ത വിരുദ്ധ ജന രോഷത്തിൻ്റെ കാറ്റിൽ ആളിപ്പടരാതിരിക്കാൻ അടിച്ചമർത്തൽ ശക്തിപ്പെടും. ലോകത്ത് ഒരു തുരുത്തിലും അതിനെ വെച്ചുപൊറുപ്പിക്കാതിരിക്കാൻ വലതുപക്ഷ ഭരണ കുടങ്ങളും കോർപ്പറേറ്റ് മൂലധനവും എന്തും ചെയ്യും.

കേരളം അങ്ങനൊരു തുരുത്താണ്. എക്കാലത്തും.57 ൽ ഏഷ്യയിലാദ്യം, ലോകത്ത് രണ്ടാമത് തെരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റുകാരെ അധികാരത്തിലേറ്റിയ ഇടം. വെച്ചുപൊറുപ്പിച്ചില്ല. വിമോചന സമരത്തിലുടെ വലതുപക്ഷം ഒറ്റക്കെട്ടായി തിരിച്ചടിച്ചു. തീക്ഷണ പോരാട്ടം അന്നു മുതൽ പതിറ്റാണ്ടുകളായി തുടരുന്നു. ഇന്നും ഇന്ത്യയിലെ ഏക ഇടതുപക്ഷ ഗവൺമെൻ്റ് ഇവിടെ ഉണ്ട്. ആ നിലയിൽ കേരളവും ഇവിടുത്തെ ഇടതുപക്ഷവും അതിജീവനത്തിൻ്റെ വിസ്മയമാണ്. ഈ ഗവൺമെൻ്റാകട്ടെ നിന്നു തിരിയാനിടമില്ലാത്ത ചട്ടക്കുടിൻ്റെ പരിമിതികൾക്കുള്ളിലും വിസ്മയിപ്പിക്കുന്ന വഴക്കത്തോടെ ബദലുകൾ തീർക്കാൻ ശ്രമിച്ചു.അതിൽ പലതും ലോക ശ്രദ്ധയിൽ വന്നു.

മഹാമാരിക്കു മുമ്പിൽ ദൃഢനിശ്ചയത്തോടെ നിന്ന ആ ബദൽ ലോകത്തിൻ്റെ നെറുകയിൽ തിളങ്ങി. പക്ഷേ സഹിക്കാനാവാത്ത മുറുമുറുപ്പുമായി അവസരം പാർത്ത് പമ്മിയിരുന്നവരുണ്ട്. പാവപ്പെട്ടവൻ്റെ മക്കൾ പഠിക്കുന്ന സ്കൂളുകൾ ലോക നിലവാരത്തിലെത്തുകയും കുട്ടികൾ അവിടേക്ക് ഒഴുകുകയും ചെയ്യുമ്പോൾ ഇടിയുന്ന ലാഭമോർത്ത് അരിശപ്പെടുന്ന വിദ്യാഭ്യാസ വണിക്കുകൾ, സർക്കാർ ആശുപത്രികൾ അമ്പരപ്പിക്കുന്ന വിധം വികസിക്കുമ്പോൾ കൊള്ളക്കുള്ള അവസരങ്ങൾ നഷ്ടമാകുന്ന ചികിത്സാ വ്യവസായികൾ, ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് മുടങ്ങാതെ അടിക്കടി വർദ്ധിച്ച പെൻഷൻ വീട്ടിലെത്തിക്കുന്നത് പാഴ്ച്ചെലവെന്ന് കുശുകുശുക്കുന്ന പ്രമാണി വർഗ്ഗം, കേന്ദ്രത്തേപ്പോലെ പൂട്ടാതെയും വിൽക്കാതെയും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമ്പോൾ അവ ചുളുവിൽ സ്വന്തമാക്കാൻ കഴിയാത്തതിൻ്റെ ചൊരുക്കിൽ കഴിയുന്ന മുതലാളിമാർ, കൊളളയുടെ ആകാശങ്ങൾ തുറന്നു കിട്ടാൻ ഈ സർക്കാർ തടസ്സമാണെന്നു കരുതുന്ന അദാനിമാർ, കെ ഫോൺ വന്നാൽ കേരളത്തിലെ കുത്തക നടക്കില്ലെന്ന് ആശങ്കയുള്ള അംബാനിമാർ, വൈദ്യുത മേഖല മുഴുവൻ വാങ്ങി ജനങ്ങളെ പിഴിഞ്ഞ് ലാഭമുണ്ടാക്കാനുള്ള ദുര പെരുത്ത കോർപ്പറേറ്റുകൾ അവരെല്ലാം അവസരം പാർത്തിരിക്കുന്നവരാണ്.

അവർക്കൊപ്പം വെറുപ്പിൻ്റെയും കലാപത്തിൻ്റേയും നാശത്തീ പടർത്താൻ കഴിയാത്ത നിരാശയിൽ വർഗ്ഗീയ ശക്തികളുണ്ട്. അവരുടെയെല്ലാം അരിശവും പകയും മുഴുവൻ ജനങ്ങളിലേക്ക് 24x7 പ്രസരിപ്പിക്കാൻ മനോരമ- മാതൃഭമി നേതൃത്വത്തിൽ മാദ്ധ്യമപ്പടയുണ്ട്.ഇത് പഴയ കുറുവടിപ്പടയല്ല. അത്യാധുനിക സന്നാഹങ്ങളുള്ള സേനയാണ്. അതിന് പിന്നിൽ കോൺഗ്രസ്- ബി.ജെ.പി- ലീഗ്- ജമാഅത്ത്- എസ്.ഡി.പി.ഐ. മഴവിൽ സഖ്യമുണ്ട്.ഇവരിൽ പലർക്കും പല താൽപര്യങ്ങളാണ്. ചിലർക്ക് കൊള്ളലാഭം.ചിലർക്ക് അധികാരം. മറ്റു ചിലർക്ക് മതഭ്രാന്തും സവർണ്ണ ധാർഷ്ട്യവും.ഈ ഭിന്ന താൽപര്യങ്ങൾ നിറവേറ്റാൻ എല്ലാവരേയും ഒന്നിപ്പിക്കുന്നത് ഒരൊറ്റ പൊതുതാൽപ്പര്യം. ഈ സർക്കാരിനെ തകർക്കുക.അതിൽ മാത്രം ഒതുങ്ങുന്നില്ല. ശേഷം ഇടതു പക്ഷത്തെ തന്നെ കുഴിച്ചുമൂടുക. അതിനുള്ള രണ്ടും കല്പിച്ച, ഒരു നെറിയുമില്ലാത്ത അധാർമിക യുദ്ധമാണിവർ ആരംഭിച്ചിരിക്കുന്നത്. തെരുവുയുദ്ധങ്ങളുടെ ലക്ഷ്യം അത് മാത്രമാണ്. അതിനിയും കനക്കും. ഒരു മര്യാദയും ജനാധിപത്യ ബോധവും അവരിൽ നിന്ന് പ്രതീക്ഷിക്കരുത് .

ജനറൽ സെക്രട്ടറി വർഗ്ഗീയ കലാപത്തിന് പ്രേരണ നൽകി എന്നതു മുതൽ മുഖ്യമന്ത്രിയും കൂട്ടരും സ്വർണ്ണക്കടത്ത് നടത്തി എന്നതു വരെയുള്ള എന്തു നുണയും കെട്ടിച്ചമക്കും. കൂസലില്ലാതെ ആവർത്തിക്കും. മാദ്ധ്യമങ്ങൾ അവ അലറി വിളിക്കും.കാരണം അവർക്ക് വേണ്ടത് ഇടതുപക്ഷത്തിൻ്റെ രക്തമാണ്.

എങ്ങിനെയാണിതിനെ നേരിടേണ്ടത് ? അങ്ങേയറ്റത്തെ ക്ഷമയോടെ.അചഞ്ചലമായ പ്രത്യയശാസ്ത്ര ദാർ ഡ്യത്തോടെ. അസാധാരണമായ രാഷ്ട്രീയ ആരുറപ്പോടെ. എതിരാളികളുടെ അതേ നാണയത്തിലല്ല. മാദ്ധ്യമ-പ്രതിപക്ഷ സഖ്യം തുറന്ന യുദ്ധമാണ് അഴിച്ചു വിട്ടിരിക്കുന്നത്.. തീർച്ചയായും ക്ഷമ പരീക്ഷിക്കപ്പെടുന്ന പ്രകോപനങ്ങൾ ധാരാളമുണ്ട്. സമചിത്തതയോടെ മാത്രം നേരിടുക. തെറി വിളിയും വ്യക്തി അധിക്ഷേപങ്ങളും നുണകളും വലതുപക്ഷത്തിൻ്റെ സർവത്ര ഉപയോഗിക്കപ്പെടുന്ന ആയുധങ്ങളാണ്. അവ ഇടതുപക്ഷ നൈതികതക്ക് നിരക്കുന്നതല്ല തന്നെ.അതേ നാണയത്തിലുള്ള തിരിച്ചടികൾ ഇടതുപക്ഷത്തിൻ്റെ നേരിനായുള്ള പോരാട്ടത്തെ ദുർബലമാക്കുക മാത്രമേയുള്ളു എന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടതുപക്ഷ വക്താക്കൾ മനസ്സിലാക്കണം. നമുക്കെതിരായി ഉറഞ്ഞു തുള്ളുന്ന മാദ്ധ്യമപ്രവർത്തകരും അവതാരകരും എതിരാളികളുടെ സാധാരണ പ്രവർത്തകരുമൊന്നുമല്ല യഥാർത്ഥ എതിരാളികൾ എന്ന് തിരിച്ചറിയണം.. അവരെല്ലാം ഉപജീവനത്തിനായി ശമ്പളം പറ്റി ജോലി ചെയ്യുന്ന വെറും കാലാളുകളോ കരുക്കളോ മാത്രം. അവർക്കെല്ലാം എത്രയോ ഉയരത്തിൽ അദൃശ്യരായിരിക്കുന്ന ശക്തികളാണ്- ഭൂലധനത്തിൻ്റെയും സംഘപരിവാറിൻ്റേയും- നേതൃത്വമാണ് ഈ യുദ്ധം നയിക്കുന്നത്.

ഇടതുപക്ഷമെന്നാൽ ഒരിക്കലും തെറ്റുപറ്റാത്ത അമാനുഷരുടെ പ്രസ്ഥാനമെന്നല്ല, തെറ്റുകൾക്കെതിരെ ജാഗ്രത പുലർത്തുന്ന, തിരുത്തുന്ന, നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നവരുടെ പ്രസ്ഥാനം എന്നാണ്. ആ ഇടതുപക്ഷ മൂല്യബോധത്തേയും നൈതികതയേയും തന്നെ ഉപയോഗിച്ചാണ് വലതുപക്ഷം ആക്രമിക്കുന്നത്. "ഞങ്ങൾക്ക് എന്തും ചെയ്യാം. ഞങ്ങൾ എന്തും ചെയ്യുന്നവരുമാണ്. ഇടതുപക്ഷം അങ്ങിനെയല്ലല്ലോ. " ലജ്ജയില്ലാത്ത ഈ വലതുപക്ഷ വാദം തന്നെ ഇടതുപക്ഷത്തിൻ്റെ വ്യത്യസ്ത തക്കുള്ള അംഗീകാരമാണ്. ഇടതുപക്ഷത്തിനുള്ള ധാർമ്മിക ബലത്തിന് കളങ്കമുണ്ടാക്കുന്ന എന്തെങ്കിലും ഇടതുപക്ഷ പ്രവർത്തകർ എന്നല്ല ആ മേൽവിലാസത്തിൽ കഴിയുന്ന ഏതെങ്കിലുമൊരാൾ നടത്തിയാൽ പോലും മറുപടി പറയേണ്ടി വരുന്നത് മറ്റാർക്കുമില്ലാത്ത വിശ്വാസ്യതയും

ഉത്തരവാദിത്തവും ഇടതുപക്ഷത്തിനുള്ളതുകൊണ്ടാണ്. എല്ലാവരും കണക്കാണെന്ന് വരുത്താനുള്ള ശ്രമം ഏറെക്കാലമായി തുടങ്ങിയിട്ട്.ഓമനക്കുട്ടൻ മുതൽ മുകളിലോട്ട് അതിൻ്റെ ഇരകൾ അനേകമാണ്. എന്നാൽ ജനലക്ഷങ്ങൾ അണിനിരന്ന പ്രസ്ഥാനത്തിൽ ചിലരുടെ ഒറ്റപ്പെട്ട അപചയങ്ങൾ സാമാന്യവൽക്കരിച്ചു കൊണ്ട് ഇടതും വലതും ഒന്നാണെന്ന് സ്ഥാപിക്കാനാവില്ല. ആത്യന്തികമായി നിസ്വാർത്ഥരായ ഓമനക്കുട്ടൻമാരുടെ പ്രസ്ഥാനമാണിത്.

ആ ധാർമ്മിക ബലവും പ്രത്യയശാസ്ത്ര സ്ഥൈര്യവുമാണ് ഈ നിർണായക യുദ്ധത്തിൽ ഇടതുപക്ഷത്തിൻ്റെ ആയുധപ്പുര .കേരളം ഇന്ത്യൻ ഇടതുപക്ഷത്തിൻ്റെ ഉയർന്നു നിൽക്കുന്ന ശിരസ്സാണ്. മൂർദ്ധാവിൽ അടിച്ചു തകർക്കാനാണ് ശ്രമം. അതോടെ ഇന്ത്യൻ ഇടതുപക്ഷത്തെ കുഴിച്ചുമൂടാ മെന്നാണ് പദ്ധതി. ഒപ്പം ഇന്ത്യയെ മത രാഷ്ട്രമാക്കാമെന്നും .ഇടതുപക്ഷം അതിജീവിക്കുകയെന്നാൽ മതനിരപേക്ഷ ഇന്ത്യ നില നിൽക്കുക എന്നുകൂടിയാണ് അർത്ഥം. കേരളം ജീവിക്കാൻ കൊള്ളാവുന്ന ഒരിടമായി അവശേഷിക്കുക എന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mbrajeshcpimcpi
Next Story