‘മേയർ ആര്യ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവുമാണ്’; അധികാരത്തിൽ ഇരുന്ന് ഞെളിയരുതെന്ന് വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ കനത്ത പരാജയത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യ രാജേന്ദ്രന്‍റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ആര്യക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം. ചെറുപ്രായത്തിൽ ഭരണം കിട്ടിയത് കാരണം പക്വത പ്രകടിപ്പിക്കാനായില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനെ ലക്ഷ്യമിട്ട് കൗൺസിൽ അംഗവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സനുമായ ഗായത്രി ബാബു രംഗത്തെത്തിയിരുന്നു. ആര്യയുടെ പേര് പരാമർശിക്കാതെയാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. കോർപറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്.ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമെന്‍ററി പ്രവർത്തനത്തിൽ എൽ.ഡി.എഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയതെന്നുമാണ് ഗായത്രി ഫേസ്ബുക്കിൽ കുറിച്ചത്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതി വിനയവും ഉൾപ്പടെ കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫിസ് മാറ്റി എടുത്ത സമയം പുറത്ത് വന്നിരിക്കുന്ന നാലാളുകളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ ഇത്രയും തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിൽത്താനും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റ് രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത് പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം.അതേസമയം,കോർപറേഷനിലാകട്ടെ,എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതി വിനയവും ഉൾപ്പടെ,കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.
അതേസമയം, തനിക്കെതിരായ ആരോപണത്തിനും വിമർശനത്തിനും പരോഷ മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഒന്നും തന്നെ ബാധിക്കില്ലെന്നും ഒരിഞ്ച് പോലും പുറകിലോട്ടിലെന്നുമാണ് വാട്ട്സ്ആപ്പിലെ സ്റ്റാറ്റസിലൂടെ ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയത്. 'Not an inch back' എന്നാണ് ആര്യ കുറിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ തോൽവിക്ക് പിന്നാലെ ഇടത് അണികളിൽ നിന്നുതന്നെ ആര്യക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ആര്യക്ക് നന്ദി പറഞ്ഞ് ബി.ജെ.പി പ്രവർത്തകരും പോസ്റ്റുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

