Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു വീട്ടിൽ മൂന്ന് നായകൾ മാത്രം; വളർത്തുനായ പരിപാലനത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ, വീഴ്ച വരുത്തിയാൽ കനത്ത പിഴ

text_fields
bookmark_border
ഒരു വീട്ടിൽ മൂന്ന് നായകൾ മാത്രം; വളർത്തുനായ പരിപാലനത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ, വീഴ്ച വരുത്തിയാൽ കനത്ത പിഴ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വളർത്തുനായ്ക്കളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കൽ എന്നിവ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപൂർണവുമാക്കാൻ പുതിയ നിയമങ്ങളുമായി സർക്കാർ രംഗത്ത്. വീടുകളിൽ വളർത്താവുന്ന നായകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതടക്കമുള്ള സമഗ്ര പെറ്റ് ഓണർഷിപ്പ് നയം ഉടൻ നിലവിൽ വരും. വളർത്തുനായ്ക്കൾക്ക് നിർബന്ധിത രജിസ്‌ട്രേഷൻ ഏർപ്പെടുത്തുമെന്നും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.

അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഉത്തരവാദിത്തമുള്ള പെറ്റ് ഓണർഷിപ്പ് സംസ്കാരം വളർത്തിയെടുക്കുന്നതിനുമാണ് ഒരു വീട്ടിൽ പരമാവധി മൂന്ന് വളർത്തുനായ്ക്കൾ എന്ന പരിധി കൊണ്ടുവരുന്നത്. നിലവിൽ കേരളത്തിലെ വളർത്തുനായ്ക്കളുടെ എണ്ണം തെരുവ് നായകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ, കൃത്യമായൊരു രജിസ്ട്രേഷൻ സംവിധാനം നിലവിലില്ലാത്തതിനാൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിരുന്നില്ല. പുതിയ നിയമം വരുന്നതോടെ സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കാനും നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

പുതിയ വ്യവസ്ഥകൾ പ്രകാരം രജിസ്‌ട്രേഷനില്ലാതെ വളർത്തുനായ്ക്കളെ സംരക്ഷിക്കുന്നത് കുറ്റകരമായി മാറും. അനധികൃതമായി പ്രജനനം നടത്തുന്നവർക്കും വീടുകളിൽ അനുവദനീയമായ പരിധി ലംഘിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.

ഉത്തരവാദിത്തമില്ലായ്മ മൂലം വളർത്തുമൃഗങ്ങളെ വഴിയാധാരമാക്കുന്ന പ്രവണത തടയാൻ കർശന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മൃഗപരിപാലനത്തിൽ ഉടമകളുടെ സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കുന്നതാണ് ഈ നിയമങ്ങൾ.

തെരുവ് നായകളെ ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നത് പുതിയ സമഗ്ര നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇത് ഷെൽട്ടറുകളെ മാത്രം ആശ്രയിക്കുന്നത് കുറക്കാനും വലിയൊരു തുക ഖജനാവിന് ലാഭിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദത്തെടുക്കുന്നവ ഉൾപ്പെടെയുള്ള എല്ലാ വളർത്തുനായ്ക്കൾക്കും വന്ധ്യകരണം നിർബന്ധമാക്കും.

നായകളുടെ പ്രജനനത്തിനായി പ്രത്യേക ലൈസൻസ് ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറെടുക്കുകയാണ്. കൂടാതെ, പെറ്റ് ഷോപ്പുകൾക്കും പുതിയ കർശന നിയന്ത്രണങ്ങൾ ബാധകമാക്കും. തദ്ദേശ സ്ഥാപനങ്ങൾ ട്രേഡ് ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് അനിമൽ വെൽഫെയർ ബോർഡിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കാനും പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

വളർത്തുനായ്ക്കളുടെ രജിസ്ട്രേഷനും ചട്ടങ്ങൾ പാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പും ട്രേഡ് ലൈസൻസിങും നിയമനടപടികളും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കും. നിയമങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്ന ഔദ്യോഗിക കൈപുസ്തകം ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇതിനിടയിൽ, സംസ്ഥാനത്തെ 14 ജില്ലകളിലും തെരുവുനായ ആക്രമണങ്ങളിൽ ഇരയായവർക്കുള്ള നഷ്ടപരിഹാര സമിതികൾ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. ഇതുവരെ ഇത്തരം 708 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അവ സൂക്ഷ്മപരിശോധനയിലാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Max Three Dogs Per Home; Govt Announces Strict Pet Rules
Next Story