മാവേലിക്കര ഇരട്ട കൊലപാതകം: പ്രതിക്ക് വധശിക്ഷ
text_fieldsആലപ്പുഴ: മാവേലിക്കര ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ആണ് അയല്‍വാസിയായ പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷിന് (39) ശിക്ഷ വിധിച്ചത്.
2018 ഏപ്രില്‍ 23നായിരുന്നു സംഭവം. ബിജു-ശശികല ദമ്പതികളുടെ അന്ന് ഒന്‍പത് വയസുള്ള മകന്‍ അപ്പു സംഭവം കണ്ട് ഭയന്ന് അയല്‍ വീട്ടിലെത്തി വിവരം അറിയിച്ചു. അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അടിയേറ്റ ദമ്പതിമാര്‍ അവശനിലയിലായിരുന്നു. ശശികല സംഭവസ്ഥലത്തുവെച്ചും ബിജു കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകും വഴിയും മരിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബിജു സഹോദരനോട് സുധീഷാണ് തങ്ങളെ അടിച്ചു വീഴ്ത്തിയതെന്ന് പറഞ്ഞു. ശശികലയോട് സുധീഷ് പല തവണ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ശശികല ഭര്‍ത്താവിനോട് പരാതി പറഞ്ഞു.
ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തു. ഇതിനെതുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീൻ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടര്‍ സി. വിധു കോടതിയില്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
