മാവേലിക്കര മാവോവാദി യോഗം: അഞ്ച് പ്രതികൾക്ക് മൂന്നുവർഷം കഠിനതടവ്
text_fieldsകൊച്ചി: മാവേലിക്കരയില്‍ മാവോവാദി യോഗം നടത്തിയെന്ന കേസില്‍ അഞ്ച് പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ. മാവേലിക്കര മാങ്കാംകുഴി കരിവേലില്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (37), കല്‍പാക്കം ഇന്ദിര ഗാന്ധി അറ്റോമിക് റിസര്‍ച് സെൻററിലെ റിട്ട. സയൻറിസ്റ്റ് ചെന്നൈ രാജാക്കില്‍പാക്കം ഗോപാല്‍ (55), കൊല്ലം മയ്യിൽ കൈപ്പുഴ ദേവരാജന്‍ (54), ചിറയിന്‍കീഴ് ഞാറയില്‍ക്കോണം ചരുവിള ബാഹുലേയന്‍ (52), മൂവാറ്റുപുഴ െഎരാപുരം മണ്ണടി കീഴില്ലം കുരിയന്നൂർ വീട്ടിൽ അജയകുമാർ എന്ന അജയന്‍ മണ്ണൂര്‍ (53) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി എസ്. സന്തോഷ്കുമാർ ശിക്ഷിച്ചത്.
നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ (യു.എ.പി.എ) സെക്ഷൻ 10, 13, 38, 39 (നിയമവിരുദ്ധ സംഘടനയിൽ അംഗമാവുക, നിയമവിരുദ്ധ സംഘടനയുമായി സഹകരിക്കുക) തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. ഒാരോരുത്തർക്കും 10 വർഷം കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് മൂന്നുവർഷം അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസംകൂടി തടവ് അനുഭവിക്കണം. അതേസമയം, ഇവർക്കെതിരെ എൻ.െഎ.എ ആരോപിച്ചിരുന്ന രാജ്യദ്രോഹം, ഗൂഢാലോചന കുറ്റം, ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾ കോടതി ഒഴിവാക്കി. ഇവ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ഇത്. വെള്ളമുണ്ടയിൽ പൊലീസുകാരെൻറ വീട് ആക്രമിച്ചതും ചിലയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും സംസ്ഥാനത്ത് ഇപ്പോഴും മാവോവാദി പ്രവർത്തനമുണ്ടെന്ന് വ്യക്തമാക്കുന്നു. രാജ്യസുരക്ഷെക്കതിരായ മാവോവാദി ഭീഷണിയെ മുളയിലേ നുള്ളേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് ശിക്ഷവിധി പ്രഖ്യാപിച്ചത്.
മാവേലിക്കര ചെറുമഠം ലോഡ്ജില്‍ മാവോവാദി അനുകൂലയോഗം നടത്തിയെന്നാരോപിച്ച് 2012 ഡിസംബര്‍ 29നാണ് കേസിൽ മാപ്പുസാക്ഷിയായ ഒരാൾ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവോവാദി അനുകൂലികളായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർ.ഡി.എഫ്) തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും എത്തിക്കുന്നതിെൻറ ഭാഗമായാണ് രഹസ്യയോഗം നടത്തിയതെന്നായിരുന്നു എൻ.െഎ.എയുടെ ആേരാപണം. ഹൈദരാബാദിൽ നടന്ന സംഘടനയുടെ ആദ്യ അഖിലേന്ത്യ സമ്മേളനത്തിലെ നിർദേശമനുസരിച്ച് വിദ്യാര്‍ഥിസംഘടന ആവശ്യമാണെന്ന് മനസ്സിലാക്കിയ നേതാക്കള്‍ യോഗം വിളിക്കുകയായിരുന്നത്രേ.
എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്ന നിരോധിത തീവ്രവാദ സംഘടനയായ സി.പി.ഐ-മാവോയിസ്റ്റിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ് ഇതിലൂടെ പ്രതികള്‍ ലക്ഷ്യംവെച്ചതെന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. 51പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്. 274 രേഖകളും 32 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. എൻ.െഎ.എക്കുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.ജി. മനു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
