കാർ തീപിടിച്ച് പൊട്ടിത്തെറിച്ച സംഭവത്തിൽ അസ്വഭാവികത
text_fieldsആലപ്പുഴയിൽനിന്ന് എത്തിയ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുന്നു
മാവേലിക്കര: കണ്ടിയൂരിൽ കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തിൽ കാറിന് സാങ്കേതിക തകരാറുകൾ ഇല്ലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം ഐ കെയർ കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി വീട്ടിൽ വാടകക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ -35) മരിച്ച സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോധന നടത്തിയത്.
അതേസമയം, കാർ കത്താനുണ്ടായ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ അന്വേഷണം നടന്നുവരുകയാണ്. ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഫ്യൂസ് തകരാറിലായേനെ. എന്നാൽ, ഫ്യൂസുകൾക്കൊന്നും പ്രശ്‌നമില്ല. ബാറ്ററിക്കും തകരാറുകൾ ഇല്ല. കൂടാതെ വാഹനത്തിന്റെ എൻജിൻ റൂമിൽനിന്നുമല്ല തീ ഉണ്ടായത്. ഈ ഭാഗങ്ങൾ ഒന്നും കത്തിനശിച്ചില്ല. വാഹനത്തിനകത്തുനിന്നാണ് തീയുയർന്നത് എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
പൊലീസ് നടത്തിയ ഇൻക്വസ്റ്റിനിടയിലും സയന്റിഫിക് ഓഫിസറുടെ പരിശോധനയിലും കാറിൽനിന്ന് സിഗററ്റ് ലൈറ്ററും ഇൻഹലേറ്ററും കണ്ടെത്തി. കാറിന്റെ ഉൾഭാഗത്ത് പെട്രോളിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നതായും പറയുന്നു.
ശാസ്ത്രീയ പരിശോധന സംഘത്തിന്റെ റിപ്പോര്‍ട്ടുകൂടി ലഭിച്ചാലേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്ന് പൊലീസ് പറയുന്നു.