Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണക്കുപറയേണ്ടിവരും...

കണക്കുപറയേണ്ടിവരും മാവേലിക്കരക്ക്

text_fields
bookmark_border
കണക്കുപറയേണ്ടിവരും മാവേലിക്കരക്ക്
cancel

ആയുസ്സിലെ സമ്പാദ്യം മുഴുവൻ, കണ്ടവർ തട്ടിയെടുത്തതിന്റെ മനോവേദനയിൽ ജീവൻപൊലിഞ്ഞ ഏഴുപേരുടെ ചോരക്കുമീതെയാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഇന്നും പ്രവർത്തിക്കുന്നത്. യു.ഡി.എഫാണ് ഭരണം. മൃതപ്രായരായി രോഗശയ്യയില്‍ മരുന്നിനുപോലും വകയില്ലാതെ കഴിയുന്ന നിക്ഷേപകരും നിരവധി.2016 ഡിസംബറിലാണ് ബാങ്കിന്റെ തഴക്കര ശാഖയില്‍നിന്ന് കോടികളുടെ വെട്ടിപ്പ് പുറത്തുവരുന്നത്.

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 38 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. അതിനുപിന്നാലെ നിക്ഷേപകർ ബാങ്കിൽ കയറിയിറങ്ങാൻ തുടങ്ങി. അങ്ങനെയിരിക്കെ തട്ടിപ്പിന് ആദ്യ ഇരയുണ്ടായി. സ്വന്തം നിക്ഷേപം തിരികെക്കിട്ടാൻ നാലുവർഷം നടന്നുമടുത്ത ഹരിപ്പാട് കൊട്ടക്കാട്ട് സി. വേണുഗോപാലന്‍ നായര്‍ ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ചികിത്സക്കായി പണം ലഭിക്കാതെ വന്നപ്പോൾ ജീവനൊടുക്കിയെന്നാണ് ബന്ധുക്കളും നിക്ഷേപക കൂട്ടായ്മയും പറയുന്നത്.

16 ലക്ഷം രൂപയാണ് ഇനിയും വേണുഗോപാലൻ നായര്‍ക്ക് ബാങ്കില്‍നിന്ന് ലഭിക്കാനുള്ളത്. തഴക്കര വെളുത്താടത്ത് കിഴക്കതില്‍ എന്‍. രാജന്‍ ശ്വാസകോശാര്‍ബുദ ചികിത്സക്കായി പണമെടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോഴും അവർ കൈമലർത്തി. ഇദ്ദേഹത്തിന്റെ മകളുടെ പേരില്‍ തഴക്കര ശാഖയിലുള്ള അഞ്ചുലക്ഷം രൂപയാണ് തിരിച്ചുലഭിക്കാതിരുന്നത്.

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ ഒരു ജീവിതകാലം അധ്വാനിച്ചുനേടിയ പണം, തഴക്കര ശാഖയില്‍ നിക്ഷേപിച്ചത് നഷ്ടമായതിനെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ പക്ഷാഘാതം വന്ന് തളര്‍ന്നുകിടന്ന് മരിക്കുകയായിരുന്നു തഴക്കര പുളിമൂട്ടില്‍ പി.എന്‍. നടരാജനും ഭാര്യ പി.കെ. ശാന്തമ്മാളും. ഇരുവര്‍ക്കുമായി 23 ലക്ഷം രൂപ ലഭിക്കാനുണ്ട്. അര്‍ബുദ രോഗിയായ തഴക്കര ആതിരയില്‍ എം. രാമനാഥപിള്ള, വൃക്കരോഗിയായ ചെന്നിത്തല വിളയില്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കും ചികിത്സക്കായി സമയത്ത് പണം ലഭിച്ചില്ല. ഇവരും പിന്നീട് മരണത്തിന് കീഴടങ്ങി. അതിനിടെ തട്ടിപ്പുകേസിൽ തഴക്കര ശാഖ മാനേജർ, രണ്ടുജീവനക്കാർ, ബാങ്ക് സെക്രട്ടറി, അന്നത്തെ ഭരണസമിതി പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ കേസിലെ പ്രതികളായി.

ചോര കണ്ടേ അടങ്ങൂ!

പാര്‍ക്കിൻസൺസ് രോഗം ബാധിച്ച് കിടപ്പിലാണ് തഴക്കര വഴുവാടി ആര്യ ഭവനത്തില്‍ ത്യാഗരാജപ്പണിക്കര്‍. മാസം വലിയ തുക ചികിത്സക്ക് വേണം. ഇദ്ദേഹത്തിന്റെയും ഭാര്യ വിജയകുമാരിയുടെയും പേരില്‍ ഏഴുലക്ഷം രൂപ മാവേലിക്കര സഹകരണ ബാങ്കില്‍ നിക്ഷേപമായുണ്ട്. നിരന്തരം ആ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപപോലും നൽകിയിട്ടില്ല.

മാതാവിന്റെ തലച്ചോർ സംബന്ധമായ രോഗത്തിന് ചികിത്സക്കായി വഴുവാടി ചാക്കോയിക്കല്‍ രാജേഷും പക്ഷാഘാത ചികിത്സക്കായി ചുനക്കര രാജ്ഭവനത്തില്‍ രാജശേഖരനും കയറിയിറങ്ങി തങ്ങളുടെ പണം ആവശ്യപ്പെടുന്നുണ്ടെങ്കിലും ബാങ്ക് കണ്ടമട്ടില്ല. 65 വയസ്സ് പിന്നിട്ടവരാണ് ബാങ്കിലെ നിക്ഷേപകരില്‍ 60 ശതമാനത്തിന് മുകളിൽ. അതിനിടെ 1000 രൂപ പോലും എടുക്കാനില്ല എന്നുപറഞ്ഞ് ഓരോ നിക്ഷേപകനെയും മടക്കിവിടുന്ന ബാങ്ക്, ജീവനക്കാരുടെ മുന്‍കാല ആനുകൂല്യങ്ങള്‍ക്കായി രണ്ടുകോടി രൂപയാണ് എസ്.ബി അക്കൗണ്ടിലേക്ക് വകമാറ്റിയത്.

2017 മാർച്ചിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇതിനകം ഏഴ് ഡിവൈ.എസ്.പി.മാർ അന്വേഷിച്ചു. ബാങ്കിനെ രക്ഷിക്കാൻ സഹകരണവകുപ്പ് ഇടപെട്ട് സഹകരണ സ്ഥാപനങ്ങളുടെ കൺസോർട്ട്യം രൂപവത്കരിച്ചെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. 2015ൽ കോൺഗ്രസ് ഭരണത്തിലായിരുന്ന ചേർത്തല പട്ടണക്കാട് സഹകരണ ബാങ്കിൽ 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. കോൺഗ്രസിലെ ടി.വി. മണിയപ്പൻ പ്രസിഡന്റായ ഭരണസമിതിക്കെതിരെയായിരുന്നു കുറ്റപത്രം. ഈ കേസ് ഹൈകോടതിയിൽ പുരോഗമിക്കുകയാണ്.

ആലപ്പുഴയിൽ പണം തിരിച്ചുനൽകാത്ത സംഘങ്ങൾ

പള്ളിത്തോട്, പട്ടണക്കാട് സഹകരണ ബാങ്കുകൾ, വയലാർ എസ്.സി.സി.എസ്, തകഴി സഹ. ബാങ്ക്, കുട്ടനാട് താലൂക്ക് പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് സഹ. സംഘം, നെടുമുടി സഹ. ബാങ്ക്, മാവേലിക്കര, ഈരേഴ, കുടശ്ശനാട്, പാലമേൽ, നൂറനാട് നോർത്ത്, ഉമയാറ്റുകര, പുലിയൂർ സഹകരണ ബാങ്കുകൾ, ആലപ്പുഴ ഡിസ്ട്രിക്ട് ഗവ. സർവന്റ്‌സ് ഹൗസിങ് സഹകരണ സംഘം, പുന്നപ്ര സഹകരണസംഘം

പ്രളയം ചാകരയായി

കുറച്ച് ചങ്കൂറ്റമൊന്നും പോര അതിന്. പ്രളയത്തിൽ നട്ടംതിരിഞ്ഞവർക്ക് സർക്കാർ കൊടുത്ത കാശ് കണ്ണിൽ ചോരയില്ലാതെ സ്വന്തം പോക്കറ്റിലാക്കുക. എറണാകുളം തൃക്കാക്കരയിലാണ് ഈ കൊടുംവെട്ടിപ്പ് നടന്നത്. പ്രളയഫണ്ടിൽ നിന്നുള്ള പത്തുലക്ഷം രൂപയാണ് സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം അൻവർ അടിച്ചുമാറ്റിയത്. അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ട് വഴിയായിരുന്നു തട്ടിപ്പ്.

പ്രളയം ബാധിക്കാത്ത നിലംപതിഞ്ഞിമുകളിലെ താമസക്കാരന് ദുരിതാശ്വാസ ഫണ്ട് അനുവദിച്ചതിൽ സംശയം തോന്നിയതിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇതേ അക്കൗണ്ടിൽ അഞ്ചുലക്ഷം രൂപ കൂടി പിന്നീടെത്തി. സർക്കാർ പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച ഫണ്ടിൽനിന്നാണ്

ഈ തുകയും എത്തിയതെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുവാണ് തുക നിക്ഷേപിച്ചതെന്ന് മനസ്സിലായി. അൻവറും ഇയാളും അടക്കം പ്രതികളെല്ലാം അറസ്റ്റിലായി. ഫണ്ട് വെട്ടിപ്പ് കത്തിനിൽക്കെ ബാങ്ക് ഡയറക്ടറും സി.പി.എം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവുമായ വി.എ. സിയാദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും വിവാദമായി.

എറണാകുളത്ത് പണം കൊടുക്കാത്തവ

എറണാകുളം മിൽക്ക് പ്രോജക്ട് എംപ്ലോയീസ് സഹകരണ സംഘം, കേരള സ്റ്റേറ്റ് ഡിഫൻസ് കോഓപറേറ്റിവ് സൊസൈറ്റി, മട്ടാഞ്ചേരി എസ്.സി/എസ്.ടി സർവിസ് സഹകരണ സംഘം, ചെല്ലാനം എസ്.സി/എസ്.ടി സർവിസ് സഹകരണ ബാങ്ക്, ചെറായി ഭവന നിർമാണ സഹകരണ സംഘം, എറണാകുളം ജില്ല കോൺട്രാക്ടേഴ്സ് ആൻഡ് ലേബേഴ്സ് സഹകരണ സംഘം, തിരു കൊച്ചി അഗ്രികൾചറൽ പ്രൊഡക്ഷൻ പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘം.

ഇത്രയല്ലേ കട്ടുള്ളു, ഭാഗ്യം

ബാങ്ക് പ്രസിഡന്റിന്റെ മരണത്തിനുശേഷം വൻ തട്ടിപ്പ് പുറത്തുവരുകയും മരണത്തേക്കാൾ വലിയ ഞെട്ടലുണ്ടാക്കുകയും ചെയ്ത ചരിത്രമാണ് കോട്ടയം മൂന്നിലവ് ബാങ്കിന്റേത്. ജയിംസ് ആന്‍റണിയാണ് ആ കഥാപാത്രം. ജെയിംസ് ആന്റണിയുടെ നേതൃത്വത്തിലെ ഭരണസമിതി 2006-2015 കാലയളവിലാണ് വ്യാജരേഖകളിൽ കണക്കില്ലാതെ വായ്പയെടുത്തുകൂട്ടിയത്.

2016 -17 വർഷത്തെ സഹകരണ ഓഡിറ്റിൽ വെട്ടിപ്പ് കണ്ടെത്തി. തുടർന്ന് ജില്ല രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ടു. അംഗങ്ങളെ അയോഗ്യരാക്കി. ഭരണസമിതിയും പ്രസിഡന്‍റും ചേർന്ന് നൂറിലധികം വായ്പകളിലൂടെ 12 കോടിയോളം രൂപ തട്ടിയെന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. തട്ടിപ്പിന്റെ ഇരകളിൽ കൂടുതലും മൂന്നിലവിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകരാണ്. ഇപ്പോൾ, വായ്പയെടുത്തവരുടെ സ്ഥലത്തിന്മേൽ ഈരാറ്റുപേട്ട മുൻസിഫ് കോടതി ജപ്തി നടപടി തുടങ്ങിയിട്ടുണ്ട്.

അഴിമതിക്ക് പിരിച്ചുവിട്ട കോട്ടയത്തെ സഹ. സ്ഥാപനങ്ങൾ

മണിമല, മൂന്നിലവ്, പൂഞ്ഞാർ സഹകരണ ബാങ്കുകൾ, മോനിപ്പള്ളി മാർക്കറ്റിങ് സഹകരണ സംഘം, മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘം, നെടുംകുന്നം റൂറൽ ഹൗസിങ് സഹകരണ സംഘം.

(അവസാനിച്ചു)

● തയാറാക്കിയത് 'മാധ്യമം' ലേഖകർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala co operative banks
News Summary - Mavelikara will have to be held accountable
Next Story