സഭ നിലപാടിനെതിരെ എറണാകുളത്ത് സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷ
text_fieldsകൊച്ചി: ഫ്രാൻസിസ് മാർപാപ്പക്ക് പിന്തുണ നൽകി ഓപൺ ചർച്ച് മൂവ്മെൻറ് നേതൃത്വത്തിൽ പെസഹ വ്യാഴാഴ്ച 12 വനിതകളുടെ കാൽകഴുകൽ ശുശ്രൂഷ നടത്തി. മാർപാപ്പയുടെ നിർദേശമുണ്ടായിട്ടും സ്ത്രീകളുടെ കാൽകഴുകൽ നിർവഹിക്കുന്നത് സീറോ മലബാർ സഭ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ക്രിസ്തുവിെൻറ പാത പിന്തുടർന്ന് പുരുഷൻമാരുടെ കാൽകഴുകുന്ന പൗരസ്ത്യ സഭാ രീതി തുടരാനാണ് കഴിഞ്ഞ ദിവസം കർദിനാൾ ജോർജ് ആലഞ്ചേരി സർക്കുലറിലൂടെ വ്യക്തമാക്കിയത്.
എന്നാൽ, തുല്യപരിഗണന നൽകി സ്ത്രീകളുടെയും കുട്ടികളുെടയുമടക്കം കാൽകഴുകൽ നിർവഹിക്കണമെന്ന നിർദേശം പുറപ്പെടുവിക്കുകയായിരുന്നു മാർപാപ്പ. ലത്തീൻ വിഭാഗത്തിന് മാത്രമാണ് ഇത് ബാധകമെന്ന് ചൂണ്ടിക്കാട്ടിയാണ് സീറോ മലബാർ സഭ ഇൗ നിർദേശം നിരാകരിച്ചത്.
തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയെ പിന്തുണച്ച് ബദൽ ശുശ്രൂഷ നടത്താൻ ഒാപൺ ചർച്ച് മൂവ്മെൻറ് രംഗത്തെത്തിയത്. എറണാകുളം മഹാരാജാസ് കോളജിനടുത്ത ഹാളിലായിരുന്നു കാൽകഴുകൽ ശുശ്രൂഷ. അഞ്ച് വയസ്സുകാരി മുതൽ വയോധികർ വരെ വ്യത്യസ്ത പ്രായക്കാരായ പന്ത്രണ്ട് പേരുടെ കാലുകളാണ് കഴുകിയത്. ഫാ. എബ്രഹാം കൂത്തോട്ടിൽ, ഫാ. ഷിബു കാളാംപറമ്പിൽ, ഫാ. ജോസഫ് പള്ളത്ത്, ഫാ. ക്ലമൻറ്, ഫാ. ഫ്രാൻസിസ് എന്നിവർ കാർമികത്വം വഹിച്ചു. മൂവ്മെൻറ് ചെയർമാൻ റെജി ഞള്ളാനി, കെ.ജോർജ് ജോസഫ്, ജോസ് കണ്ടത്തിൽ, ജോസ് അരയകുന്നേൽ, ജോസഫ് വെളിവിൽ,വർഗീസ് പറമ്പിൽ, ഒ.ഡി. കുര്യാക്കോസ്, എം.എൽ.ആഗസ്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
