‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; പി.രാജീവിനെ തള്ളി വി.എൻ. വാസവൻ
text_fieldsതിരുവനന്തപുരം: ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന പി. രാജീവിന്റെ പ്രസ്താവന തള്ളി വി.എൻ. വാസവൻ. മുദ്രാവാക്യം തിരിച്ചടിച്ചുവെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്ന് വാസവൻ പറഞ്ഞു. പത്മകുമാറിനെതിരായ നടപടി വൈകി എന്നാണ് പാർട്ടി വിലയിരുത്തലെന്നും തുടർ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജീവിന്റെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘ഇല്ല അങ്ങനെ ഒരു വിലയിരുത്തലിനെ സംബന്ധിച്ച് രാജീവ് പറഞ്ഞത് ഞാൻ കേട്ടില്ല. അങ്ങനെ തിരിച്ചടി ഉണ്ടായി എന്ന ഒരു വിലയിരുത്തൽ ഞങ്ങൾ നടത്തിയിട്ടില്ല’ -എന്നായിരുന്നു വാസവന്റെ പ്രതികരണം. അതേസമയം, ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?’ എന്ന പ്രചാരണം തിരിച്ചടിച്ചെന്നായിരുന്നു മലപ്പുറത്ത് നടന്ന ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിൽ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ് പറഞ്ഞത്. ‘മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം രൂപപ്പെടാൻ ഇടയാക്കി’ -എന്നായിരുന്നു പ്രതികരണം.
‘പത്മകുമാറിന്റെ കാര്യത്തിൽ ഗോവിന്ദൻ മാഷ് തന്നെ നേരത്തെ പറഞ്ഞിരുന്നു. ആ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായ പുതിയ കാര്യങ്ങൾ ഒന്നുമില്ല. പത്തനതിട്ട ജില്ലാ കമ്മിറ്റി എടുത്ത നടപടിയെ കുറിച്ചാണ് ഞാൻ ഇപ്പോൾ വിശദീകരിച്ചത്. ആ വ്യക്തിക്ക് പറയാനുള്ളത് കൃത്യമായി അദ്ദേഹം പാർട്ടിക്ക് വിശദീകരണം തരും. അത് പരിശോധിച്ച് ഇപ്പോൾ നടപടി സ്വീകരിച്ച കമ്മിറ്റി തന്നെ കൂടുതൽ നടപടി വേണോ അതല്ല എടുത്തത് കൂടിപ്പോയോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കും. വിശദീകരണം കൃത്യമായി കിട്ടിക്കഴിഞ്ഞാലാണ് ഇത് ചർച്ച ചെയ്യുക. അതാണ് പാർട്ടിക്കകത്തെ നടപടിക്രമം’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

