കപ്പൽ അപകടം: നൂറുകണക്കിന് ആളുകൾ തൊഴിൽരഹിതരാകും; മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
text_fieldsഎൽസ ത്രി എന്ന ഫീഡർ വെസൽ മുങ്ങിയതിനെ തുടർന്ന് മത്സത്സ്യബന്ധനം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. കപ്പലിന്റെ 20 നോട്ടിക്കൽ മൈൽ പരിസരത്ത് മത്സ്യബന്ധന നിരോധിച്ചിരിക്കുകയാണ് തോട്ടപ്പള്ളി ഹാർബറിന്റെ അടക്കം പ്രവർത്തനം ഇതുമൂലം തടസ്സപ്പെടും. നൂറുകണക്കിന് ആളുകൾ തൊഴിൽരഹിതരുമാകുമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം
എൽസ ത്രി എന്ന ഫീഡർ വെസൽ മുങ്ങിയത് സാങ്കേതിക തകരാറു കൊണ്ടാണെന്ന് ഡയറക്ടർ ജനറൽ ഓഫ് ഡിജിഎസ് ' ശ്യാംജഗന്നാഥനും, അഡീഷണൽ ഡയറക്ടർ ജനറലും പ്രസ്താവിച്ചിരിക്കുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് ഞങ്ങളുടെ നിലപാടുകളെ സാധൂകരിക്കുന്ന പ്രസ്താവനയാണിത്. ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യങ്ങൾ ഞങ്ങൾ വിശദീകരിക്കുകയുണ്ടായി. അതോടൊപ്പം തീരദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാകാനും മത്സ്യമേളകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തരമായി കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കപ്പലിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച ഞങ്ങളുടെ ആശങ്കകൾ ശരി വെക്കപ്പെട്ടിരിക്കുകയാണ്. 26 ഡിഗ്രി ചെരിഞ്ഞ കപ്പൽ 12 മണിക്കൂറിനകം മുങ്ങിപ്പോയതാണ് പ്രശ്നം. കപ്പലിന്റെ ബല്ലാസ്റ്റ് ശരിയല്ല എന്ന് കേന്ദ്ര സംഘം അംഗീകരിച്ചിട്ടുമുണ്ട്. കപ്പലിന്റെ മുകളിലെ ഭാരം ക്രമീകരിക്കാൻ താഴെ ഭാഗത്ത് വെള്ളം കയറ്റണം. ബല്ലാസ്റ്റ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ എല്ലാ കപ്പലുകളിലും ഉണ്ട്. അതുപോലെ തന്നെ എല്ല കപ്പലുകളുടെയും മാനദണ്ഡം 15 മീറ്റർ വരെ തിരമാല ഉയരുന്ന മെഡിറ്ററേനിയൻ കടലുമാണ് അങ്ങനെയെങ്കിൽ കപ്പലിലെ മോട്ടോർ പമ്പുകൾ പ്രവർത്തിച്ചിട്ടില്ല എന്നതാണ് വസ്തുത ഇക്കാര്യങ്ങളെ സംബന്ധിച്ച് അദാനി പോർട്ടോ അവിടുത്തെ മകന്റയിൽ മറൈൻ ഡിപ്പാർട്ട്മെൻ്റോ ഇതുവരെയായി ഒരു പ്രസ്താവന നൽകിയിട്ടില്ല. കപ്പലിൽ കയറ്റിയ ഉൽപ്പന്നങ്ങളെ സംബന്ധിച്ചോ കണ്ടെയ്നറുകളെ സംബന്ധിച്ചോ അദാനിപ്പോർട് ഇപ്പോഴും നമ്മെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ് ഇത് പരിശോധിക്കേണ്ടതുണ്ട്.
2020ൽ തന്നെ കപ്പൽ പാത കൊല്ലം തീരത്തു നിന്നും 50 കിലോമീറ്റർ പടിഞ്ഞാറ് കൂടി നിശ്ചയിച്ച് ഷിപ്പിങ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബോട്ടുകളും വള്ളങ്ങളും പ്രവർത്തിക്കുന്ന ക്വയിലോൺ ബാങ്കിന് 50 നോട്ടിക്കൽ മൈലിന് പടിഞ്ഞാറ് കൂടിയാണ് കപ്പലുകൾ സഞ്ചരിക്കേണ്ടതെന്ന് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയും തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി എടുത്ത നിലപാടിനെ ആണ് കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞത്. കപ്പലുകൾ തെക്ക് വടക്കും, മത്സ്യബന്ധന യാനങ്ങൾ കിഴക്കുപടിഞ്ഞാറും സഞ്ചരിക്കുന്ന സാഹചര്യം അപകടങ്ങൾ വർധിപ്പിക്കുമെന്നു ഞങ്ങൾ ചൂണ്ടി ക്കാട്ടി.
ഇതിനെതിരെ 2020 ഓഗസ്റ്റ് ഒന്നിന് കൊച്ചി തുറമുഖത്ത് ഞങ്ങൾ ഉപരോധവും നടത്തി .യഥാർത്ഥത്തിൽ അദാനി കമ്പനിക്ക് വേണ്ടി 'വിഴിഞ്ഞത്തു നിന്നും എളുപ്പത്തിൽ കൊച്ചി തുറമുഖത്ത് എത്തുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഈ തീരുമാനമെടുത്തത്. എന്നാൽ ആ തീരുമാനത്തെയും ലംഘിക്കുന്ന നടപടിയാണ് കപ്പലിന്റെ ക്യാപ്റ്റന്റെ ഭാഗത്തുനിന്നും ഉണ്ടായത്.തോട്ടപ്പള്ളിയിൽ നിന്നും കേവലം 14 .6 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് കപ്പൽ മുങ്ങിയത്. നിയമലംഘിച്ച് കപ്പൽ ഓടിച്ച ക്യാപ്റ്റനെ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കപ്പലിന്റെ 20 നോട്ടിക്കൽ മൈൽ പരിസരത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ് തോട്ടപ്പള്ളി ഹാർബറിന്റെ അടക്കം പ്രവർത്തനം ഇതുമൂലം തടസ്സപ്പെടും. നൂറുകണക്കിന് ആളുകൾ തൊഴിൽരഹിതരുമാകും. അവർക്കെല്ലാം ദുരിതാശ്വാസമായി നഷ്ടപരിഹാരം നൽകണം. ജൂലൈ മൂന്നിനേ രക്ഷാപ്രവർത്തനം പൂർത്തിയാകൂ എന്ന് ഡയറക്ടർ ജനറൽ പറഞ്ഞതും ഞങ്ങളുടെ ആശങ്കകളെ വർധിപ്പിക്കുന്നു.
തിരത്തടിഞ്ഞ ഒറ്റ കണ്ടെയ്നറിൽ പോലും അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിട്ടില്ല. 12 കണ്ടെയ്നറുകളിൽ ഉള്ള കാൽസ്യം കാർബൈഡ് ആകട്ടെ വായുനിബദ്ധമായി അടച്ച കന്നാസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിനു പുറമേ 13 കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ട് എന്ന വസ്തുത വിരുദ്ധമായ പ്രസ്താവന നടത്തിയ ദുരന്തനിവാരണ സമിതിയും മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ല എന്ന പ്രസ്താവന നടത്തിയ വിദഗ്ധരും തങ്ങളുടെ നിലപാടുകൾ പുനപരിശോധിക്കണം.
കേന്ദ്ര സർക്കാറുമായും അന്താരാഷ്ട്ര ഏജൻസികളുമായും കപ്പൽ കമ്പനിയുമായും ചർച്ച ചെയ്തു ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനും ഉള്ള പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെ നടപ്പാക്കുന്ന ട്രോളിങ് നിരോധനം കേരളത്തിൽ കർശനമായി നടപ്പാക്കണം എന്നും ഈ കാലയളവിൽ തമിഴ്നാട്ടിൽ നിന്ന് വരുന്ന ഫൈബർ വള്ളങ്ങളുടെ അനധികൃത മത്സ്യബന്ധനം നിരോധിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡൻറ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

