‘നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കണം’; ‘മാറ്റ്പ’ വീണ്ടും സമരത്തിലേക്ക്
text_fieldsപുതിയതായി തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി പി.പി. രാമനാഥന് മാറ്റ്പ യുടെ ഫയൽ സെക്രട്ടറി എം.ഫിറോസ് കൈമാറുന്നു.
കോഴിക്കോട്: ഷൊര്‍ണൂരില്‍ നിന്ന് വൈകുന്നേരം 5.45നും 6.45നും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന പാസഞ്ചർ ട്രെയിനുകൾ പഴയ സമയത്ത് തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ സമരം ശക്തമാക്കാൻ തീരുമാനിച്ചു.
ഈ ആവശ്യമുന്നയിച്ച് രണ്ട് വർഷമായി തിരൂരിലും കോഴിക്കോട്ടും പാലക്കാട് ഡിവിഷനൽ റെയില്‍വേ ആസ്ഥാനത്തും പ്രതിഷേധ സമരങ്ങള്‍ നടത്തുകയും ഡിവിഷനൽ റെയില്‍വേ മാനേജർ മുതൽ റെയില്‍വേ മന്ത്രി വരെയുള്ളവരെ സമീപിക്കുകയും ചെയ്തെങ്കിലും അധികൃതർ കണ്ണ് തുറക്കാത്തതിൽ കോഴിക്കോട് ചേർന്ന മാറ്റ്പ കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോവാന്‍ കൺവെൻഷൻ തീരുമാനിച്ചു. വൈകീട്ട് 4.20ന് ശേഷം നാല് മണിക്കൂര്‍ നേരം ഷൊർണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരു വണ്ടിയും ഇല്ലാത്തത് കാരണം നൂറു കണക്കിന് സ്ഥിരം യാത്രക്കാർ പ്രയാസപ്പെടുകയാണ്. വൈകീട്ട് 5.45 നുണ്ടായിരുന്ന ഷൊര്‍ണൂര്‍ - കോഴിക്കോട് പാസഞ്ചർ വണ്ടി പുനഃസ്ഥാപിച്ചാൽ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമാവും.
സാധാരണ യാത്രക്കാരോട് ടിക്കറ്റെടുക്കാൻ ഡിജിറ്റൽ പേമെന്റിന് നിർബന്ധിക്കുന്ന റെയില്‍വേയുടെ നിലപാട് മാറ്റണമെന്നും 06031, 06032 വണ്ടികള്‍ പഴയ സമയത്ത് തന്നെ (3.40 ഷൊർണൂരിൽ നിന്ന്) സ്ഥിരപ്പെടുത്തണമെന്നും കണ്ണൂർ-പാലക്കാട്, കോഴിക്കോട്-എറണാകുളം റൂട്ടിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജൂലൈ മൂന്നാം വാരത്തില്‍ ഡി.ആർ.എം ആസ്ഥാനത്ത് ഉപവാസ സമരം നടത്താനും കൺവെൻഷൻ തീരുമാനിച്ചു. ഡിവിഷനൽ റെയില്‍വേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം അബ്ദുൽ റഹ്മാന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. പി.പി. രാമനാഥൻ വേങ്ങേരി, എം. ഫിറോസ് ഫിസ, കെ.കെ. റസാഖ് ഹാജി തിരൂർ, പി. ജയപ്രകാശ്, കെ. അഷ്റഫ്, ഷിജി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൾ റഹ്‌മാൻ വള്ളിക്കുന്നിനെ യോഗത്തിൽ ആദരിച്ചു. കെ. രഘുനാഥ് (പ്രസി), പി.പി രാമനാഥൻ വേങ്ങേരി (ജന.സെക്ര), കെ.കെ. റസാഖ് ഹാജി തിരൂർ (ട്രഷ), എം. ഫിറോസ് ഫിസ (ഓർഗ സെക്ര) എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

