മാത്തൂർ പഞ്ചായത്തിൽ ഇനി 'സാർ' ഇല്ല, അതുകൊണ്ട് ആരും 'അപേക്ഷിക്കേണ്ട'; ഭരണസമിതിയുടെ വേറിട്ട തീരുമാനം ഇങ്ങനെയാണ്
text_fieldsപാലക്കാട് ജില്ലയിൽ മാത്തൂർ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം ഐകകണ്േഠ്യന ഒരു പ്രമേയം പാസാക്കി; ഇനി മുതൽ പഞ്ചായത്ത് ഒാഫീസിൽ സാറും മാഡവും ഉണ്ടാകില്ല. എട്ട് കോൺഗ്രസ് അംഗങ്ങളും ഏഴ് സി.പി.എം അംഗങ്ങളും ഒരു ബി.ജെ.പി അംഗവും ഒരുപോലെ പിന്തുണച്ച ഈ തീരുമാനം കേട്ട് ആരും ഞെേട്ടണ്ട. സാറും മാഡവും ഇല്ലെങ്കിലും ഒാഫീസിൽ ചേട്ടനും ചേച്ചിയുമുണ്ടാകും, സ്വന്തമായി പേരുള്ള ജീവനക്കാരെല്ലാം ഉണ്ടാകും.
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഒാഫീസിലെത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ 'സാർ', 'മാഡം' തുടങ്ങിയ വാക്കുകളുപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഭരണസമിതി പ്രമേയം പാസാക്കിയത്. ബ്രിട്ടീഷ് കാലത്തിന്‍റെ ശേഷിപ്പുകൾ ജനാധിപത്യരാജ്യത്ത് ആവശ്യമില്ലെന്നാണ് ഭരണസമിതി ചുണ്ടികാണിക്കുന്നത്.
'സാർ', 'മാഡം' എന്നിവക്ക് പകരം ഉദ്യേഗസ്ഥരെയും ഭരണസമതി അംഗങ്ങളെയും അവരുടെ പേരുകളോ തസ്തിക നാമങ്ങളോ വിളിക്കാം. ഒാരോ ജീവനക്കാരും മേശക്ക് മുകളിൽ പേരും തസ്തികയും പ്രദർശിപ്പിക്കും. ഒാഫീസിലെത്തുന്നവർക്ക് മുതിർന്ന ഉദ്യോഗസ്ഥരെ പേരു വിളിക്കുന്നത് അനാദരവായി തോന്നുന്നുണ്ടെങ്കിൽ ചേട്ടനെന്നോ ചേച്ചിയെന്നോ വിളിക്കാം. ഇതു കൂടാതെ, ഉചിതമായ വാക്ക് നിർദേശിക്കാൻ ഔദ്യോഗിക ഭാഷാ വകുപ്പിനോട് ഭരണസമിതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സേവനങ്ങൾ ആവശ്യപ്പെട്ട് നൽകുന്ന രേഖകളിലും കത്തുകളിലും 'അപേക്ഷിക്കുന്നു', 'അഭ്യർഥിക്കുന്നു' തുടങ്ങിയ വാക്കുകൾ ഒഴിവാക്കണമെന്നും ഭരണസമിതി ആവശ്യപ്പെടുന്നുണ്ട്. പകരം 'അവകാശപ്പെടുന്നു', 'താൽപര്യപ്പെടുന്നു' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം.
ജനാധിപത്യ രാജ്യത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളുടെ സേവകർ മാത്രമാണെന്ന് വൈസ് പ്രസിഡന്‍റ് പി.ആർ പ്രസാദ് അവതരിപ്പിച്ച പ്രമേയം ചൂണ്ടികാണിക്കുന്നു. ജനങ്ങളാണ് പരമാധികാരികൾ. അവകാശങ്ങൾ ലഭിക്കാൻ മറ്റുള്ളവരുടെ ദയക്കായി കാത്തിരിക്കേണ്ടി വരരുതെന്നും പ്രമേയം പറയുന്നു.
ബഹുമാന വാചകങ്ങൾ ഉപയോഗിക്കാത്തതിനാലോ 'അപേക്ഷിക്കാത്തതിനാലോ' ആർക്കെങ്കിലും സേവനങ്ങൾ തടസപ്പെട്ടാൽ പഞ്ചായത്ത് പ്രസിഡന്റിനെയോ സെക്രട്ടറിയെയോ ബന്ധപ്പെടാമെന്ന് ഒാഫീസിന് മുന്നിൽ എഴുതിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

