മാത്യു കുഴൽനാടൻ എംഎൽഎയുടെ പുതിയ വീട്ടിൽ മോഷണം; 50,000 രൂപയുടെ നഷ്ടം
text_fieldsപോത്താനിക്കാട്: പണിനടന്നുകൊണ്ടിരിക്കുന്ന ഡോ.മാത്യു കുഴൽനാടൻ എം.എൽ.എയുടെ പുതിയ വീട്ടിൽ മോഷണം. പൈങ്ങോട്ടൂർ ആയങ്കരയിലെ വീട്ടിൽ ഞായറാഴ്ച ആറരയോടെയാണ് സംഭവം. ഈ സമയം വീടോ പരിസരമോ ആളില്ലാത്ത നിലയിലായിരുന്നു. മതിൽ ചാടിക്കടന്ന മോഷ്ടാവ്, വീടിനുള്ളിൽ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷിച്ചിരുന്ന വൈദ്യുതി കേബിളുകൾ മുറിച്ച് മാറ്റുകയും വൈദ്യുതി പാനൽ ബോർഡ് അറുത്തെടുത്ത് കടത്തുകയും ചെയ്തു.
ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോത്താനിക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കല്ലൂർക്കാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. കൂടാതെ വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടിച്ച സാമഗ്രികൾ ഏതെങ്കിലും കടകളിൽ വിൽക്കാൻ ശ്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.
ഇതിനുപുറമേ, പല്ലാരിമംഗലം ശിവക്ഷേത്രത്തിലും മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് വിളക്കുകളും നിവേദ്യ പാത്രങ്ങളുമാണ് കവർന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഈ മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിലും പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

