സി.എം.ആർ.എല്‍-എക്‌സാലോജിക് ഇടപാടിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: സി.എം.ആർ.എല്‍-എക്‌സാലോജിക് ഇടപാടിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എൽ.എ മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയിൽ.
ആവശ്യം നേരത്തെ ഹൈകോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇടപാടിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് മാത്യു കുഴൽനാടൻ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്നും, അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ അന്വേഷണം വേണമെന്നുമാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എൽ) മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ് വെയർ സേവനത്തിന് പ്രതിഫലം നല്‍കിയെന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് സി.എം.ആറിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെപേരില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹരജി ഹൈകോടതി തള്ളിയിരുന്നു. സംശയം മാത്രമാണ് പരാതിയിലുള്ളത്. ആരോപണം തെളിയിക്കുന്ന വസ്തുതകളില്ല. സംശയത്തിന്റെ പേരില്‍ അഴിമതി നിരോധന നിയമപ്രകാരം അനാവശ്യമായുള്ള അന്വേഷണം പൊതുസേവകരെന്ന നിലയിലും, പ്രശസ്തിക്കും കളങ്കമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

