ആ ഹൃദയമിടിപ്പ് നിലച്ചു...
text_fieldsചാലക്കുടി (തൃശൂർ): സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയമെത്തിച്ച് വിജയകരമായി ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ (58) നിര്യാതനായി. തിങ്കളാഴ്ച പുലർച്ചയായിരുന്നു അന്ത്യം. കുറച്ചു ദിവസമായി ഹൃദയത്തിന് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. പുലർച്ച 1.30ന് ബുദ്ധിമുട്ട് വർധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർഗമധ്യേ മരിക്കുകയായിരുന്നു.
കൊച്ചിയിലെ ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 2015 ജൂലൈ 24നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.
മാത്യു അച്ചാടൻ ഓട്ടോ ഡ്രൈവറായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഹൃദയപേശികൾ ദുർബലമാവുകയും രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയുകയും ചെയ്യുന്ന ‘ഡൈലേറ്റഡ് കാർഡിയോമയോപ്പതി’ ബാധിച്ച മാത്യുവിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി.
നാട്ടുകാർ സാമ്പത്തികമായും മാനസികമായും പിന്തുണ നൽകി. അവയവദാന പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ യുവ അഭിഭാഷകൻ എസ്. നീലകണ്ഠശർമ കുളിമുറിയിൽ തലയിടിച്ച് വീണ് മസ്തിഷ്കമരണം സംഭവിക്കുന്നത്. ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരായപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ഹൃദയം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് എത്തിക്കുക വെല്ലുവിളിയായിരുന്നു.
എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഹൃദയം എയർ ആംബുലൻസ് ആയ ഡോണിയൽ എന്ന ചെറുവിമാനത്തിൽ ലിസി ആശുപത്രിയിലെത്തിച്ച് വിജയകരമായി ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ എയർ ആംബലൻസിന്റെ ചെലവായ ആറു ലക്ഷം രൂപ നൽകി.
ചികിത്സക്ക് ധനസഹായം നൽകാൻ ഇറാം ഗ്രൂപ് മുന്നോട്ട് വന്നു. ശസ്ത്രക്രിയക്ക് ശേഷം 10 വർഷം കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ അദ്ദേഹം ജീവിച്ചു. ഭാര്യ: ബിന്ദു. മക്കൾ: അമൽ (കാനഡ), അന്ന (ജർമനി). സംസ്കാരം മകൾ ജർമനിയിൽനിന്ന് നാട്ടിലെത്തിയതിന് ശേഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

