മാത്യു ആനിക്കുഴിക്കാട്ടിൽ: കർഷകരുടെ മിത്രമായിരുന്ന മെത്രാൻ
text_fieldsകട്ടപ്പന: ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടയാളായിരുന്നു അന്തരിച്ച ഇടുക്കി രൂപതാ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരിയായിരുന്നു അദ്ദേഹം.കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് ആനിക്കുഴിക്കാട്ടിൽ ലൂക്കാ (കുട്ടി)- കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദമ്പതികളുടെ പതിനഞ്ച് മക്കളിൽ മൂന്നാമനായി 1942 സെപ്റ്റംബർ 23നായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിലിെൻറ ജനനം. കൂടല്ലൂർ സെൻറ് ജോസഫ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേയ്ക്ക് കുടിയേറി. പിന്നീട് കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിന് ശേഷം മുത്തോലി സെൻറ് ആൻറണീസ് സ്കൂളിൽ നിന്നും പത്താം ക്ലാസ് പാസായി. 1960 ൽ വൈദിക പരിശീലനത്തിനായി കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു.
തത്വശാസ്ത്രവും ദൈവ ശാസ്ത്രവും വടവാതൂർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നും പൂർത്തിയാക്കി 1971 മാർച്ച് 15ന് പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റൻറ് വികാരിയായി ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് അവിഭക്ത കോതമംഗലം രൂപതയിലെ ജോസ്ഗിരി, ചുരുളി, എഴുകുംവയൽ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു. പിന്നീട് കോതമംഗലം രൂപതയുടെ പാസ്റ്ററൽ സെൻറർ ആയ മൂവാറ്റുപുഴ ജീവജ്യോതി ഡയറക്ടറും രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും മാർ മാത്യൂസ് പ്രസ് ഡയറക്ടറും ആയി നിയമിതനായി.
ഉപരിപഠനത്തിനായി വിദേശത്ത് പോയ അദ്ദേഹം ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽനിന്ന് 1989ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് കോതമംഗലം രൂപതയുടെ ചാൻസലർ ആയി നിയമിതനായി. ഈ കാലഘട്ടത്തിൽ തന്നെ വടവാതൂർ സെമിനാരിയിലും കോതമംഗലം മൈനർ സെമിനാരിയിലും അധ്യാപകനായും തട്ടേക്കണ്ണി, തൃക്കാരിയൂർ പള്ളികളിൽ വികാരി ആയും സേവനം അനുഷ്ഠിച്ചു. 2000ൽ കോതമംഗലം മൈനർ സെമിനാരിയുടെ റെക്ടർ ആയി നിയമിതനായി. കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ 2003 ജനുവരി 15ന് ആദ്യ രൂപതാധ്യക്ഷൻ ആയി നിയമിതനായി. 2003 മാർച്ച് രണ്ടിന് ഇടുക്കി രൂപതയുടെ മെത്രാൻ ആയി അഭിഷിക്തനായി. തുടർന്ന് പതിനഞ്ച് വർഷം രൂപതയെ നയിച്ചു. 2018 ൽ എഴുപത്തിയഞ്ച് വയസ് പൂർത്തിയായതിനെ തുടർന്ന് രൂപതയുടെ അധ്യക്ഷ സ്ഥാനത്ത്നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ഇടുക്കിയുടെ പ്രഥമ ഇടയെൻറ ശവസംസ്കാര ശുശ്രൂഷകൾ മെയ് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. സർക്കാർ നിർദേശിക്കുന്ന ലോക്ഡൗൺ നിയമങ്ങൾക്കനുസൃതമായിരിക്കും ശവസംസ്കാര ശുശ്രൂഷകൾ. സീറോ മലബാർ സഭ തലവൻ മാർ. ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.