മത്തായിയുടെ മരണം: വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് നരഹത്യക്ക് കേസെടുക്കും
text_fieldsപത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും. ഇത്തരത്തിൽ കെസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും ചേർക്കും. വനം വകുപ്പ് ജീവനക്കാരെ കേസിൽ പ്രതി ചേർക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. കഴിഞ്ഞ മാസം 28നാണ് തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ വീണ് മരിച്ചത്.
സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയല്ലെന്നും ഷീബയുടെ ഹരജിയിൽ പറയുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. മരണം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധം തുടരുകയാണ്.

