അരുണാചലിലെ ആത്മഹത്യ: സൂത്രധാരൻ നവീനെന്ന് പൊലീസ് മൂവരും ജീവിതം അവസാനിപ്പിച്ചത് പുനർജന്മത്തിനായി
text_fieldsതിരുവനന്തപുരം: പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിനുമുമ്പ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്ന ആഗ്രഹമായിരുന്നു അരുണാചലില്‍ ജീവനൊടുക്കിയ മലയാളികൾക്കെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്കെത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയായിരുന്നെന്ന് അന്വേഷണസംഘം. ഒരു നാള് പ്രളയം വരും. ലോകം നശിക്കും. അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവന് സംരക്ഷിക്കാന്‍ കഴിയൂവെന്നായിരുന്നു നവീന്റെ വിശ്വാസം. തന്റെ ചിന്തകള്‍ അടുത്ത ചില സുഹൃത്തുക്കളോടും പങ്കുവെച്ചിരുന്നു. ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനര്‍ജനിക്കണമെന്നുമായിരുന്നു നവീന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
പക്ഷേ, നവീന്റെ ചിന്തയില്‍ വിശ്വസിച്ചത് ഭാര്യ ദേവിയായിരുന്നു. അവർ വഴിയാണ് ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ വിശ്വാസത്തോടൊപ്പം നിന്ന ഭാര്യയെയും സുഹൃത്തിനെയും നവീന്‍ മാനസികമായി കീഴ്പ്പെടുത്തി. നവീന്‍ ഈ ആശയങ്ങള്‍ ആരു പറഞ്ഞുകൊടുത്തു, ഡോൺബോസ്കോ എന്ന പേരിൽ ആര്യക്ക് ഇ-മെയിൽ വഴി മരണാനന്തര ജീവിതത്തെക്കുറിച്ചും ദുർമന്ത്രവാദത്തെകുറിച്ചും കൈമാറിയ സന്ദേശങ്ങൾക്കു പിന്നിൽ നവീനായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.
പര്‍വതാരോഹണത്തിന് നവീന്‍ താൽപര്യമുണ്ടായിരുന്നു. ഇതിന് നവീന്‍ തയാറെടുത്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഒന്നര വര്‍ഷം മുമ്പ് അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. അവിടെ ബുദ്ധ വിഹാരങ്ങളിലെത്തി. പര്‍വതത്തിന് മുകളിലെ ജീവിതത്തെ കുറിച്ച് തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീന്‍ പര്‍വതാരോഹണം നടത്താനുള്ള വസ്ത്രങ്ങള്‍, ടെന്റ്, പാത്രങ്ങള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങി. ഇതെല്ലാം നവീന്റെ കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പര്‍വതമുകളിലെ ജീവിതത്തിനുമപ്പുറം പുനര്‍ജന്മത്തിനായി ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയിലാണ് മൂവരും അരുണാചലിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ആഭിചാര കർമങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും അവിടത്തെ ആചാരങ്ങളെ കുറിച്ചും മൂവർക്കും ധാരണയുണ്ടായിരുന്നു. തലമുടി അറുത്ത് പ്ലേറ്റിൽവെച്ച ശേഷമാണ് മൂവരും മരണത്തിലേക്ക് നീങ്ങിയത്. മൂവരും സിറോയിലെ ഏതൊക്കെ പ്രദേശങ്ങളിൽ പോയിരുന്നെന്നത് സംബന്ധിച്ച് അരുണാചൽ പൊലീസ് അന്വേഷിക്കുകയാണ്. അപ്പത്താനി ഗോത്രങ്ങൾ താമസിക്കുന്ന പ്രദേശമാണ് മൂവരും ആത്മഹത്യ ചെയ്ത സിറോ താഴ്വര. അരുണാചലിലെ സിയാങ് ജില്ലയിലെ ഗോത്രവിഭാഗങ്ങളിൽ ആഭിചാരം സജീവമാണെങ്കിലും അപ്പത്താനി ഗോത്രങ്ങളിൽ അധികം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

