ഫ്ലിപ്കാര്‍ട്ട് വിതരണകേന്ദ്രങ്ങളില്‍ വൻ തട്ടിപ്പ്; 1.61 കോടിയുടെ ഫോണുകള്‍ കാണാനില്ല
text_fieldsആലുവ: ജില്ലയിലെ ഫ്ലിപ്കാര്‍ട്ടിന്റെ വിതരണ കേന്ദ്രങ്ങളില്‍ വൻ തട്ടിപ്പ് നടന്നതായി പരാതി. വിവിധ കമ്പനികളുടെ 1.61 കോടി രൂപയുടെ ഫോണുകള്‍ നഷ്ടപ്പെട്ടതായാണ് പരാതി. കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് നടന്നത്. ഫ്ലിപ്കാര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസറുടെ പരാതിയിൽ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി കെ. അലിയാര്‍, ജാസിം ദിലീപ്, പി.എ. ഹാരിസ്, മാഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് വഞ്ചന, വ്യാജരേഖ ചമക്കൽ വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്‌ട് പ്രകാരവും കേസെടുത്തത്.
1.61 കോടി രൂപ വിലവരുന്ന ഫോണുകളില്‍ ആപ്പിള്‍, സാംസങ് ഗാലക്സി, വിവോ, ഐ.ക്യു.ഒ എന്നിവയുടെ മോഡലുകളും ഉള്‍പ്പെടുന്നു. വ്യാജവിലാസങ്ങളും വ്യത്യസ്ത മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് ഫ്ലിപ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍നിന്ന് പ്രതികള്‍ 332 മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. കാഞ്ഞൂര്‍ ഹബ്ബില്‍നിന്ന് 18.14 ലക്ഷം വിലവരുന്ന 38 ഫോണും കുറുപ്പംപടിയിൽ 40.97 ലക്ഷം വിലവരുന്ന 87 ഫോണും മേക്കാട് ഹബ്ബില്‍നിന്ന് 48.66 ലക്ഷം വിലവരുന്ന 101 ഫോണും മൂവാറ്റുപുഴയിൽ 53.41 ലക്ഷം വിലവരുന്ന 106 ഫോണുകളും ഓര്‍ഡര്‍ ചെയ്തു. ഇവയെല്ലാം അതത് ഡെലിവറി സെന്ററുകളില്‍ എത്തിയശേഷം കാണാതായതായാണ് പറയുന്നത്.
ആഗസ്റ്റ് 31 മുതല്‍ ഒക്ടോബര്‍ 26 വരെ കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഓര്‍ഡര്‍ ചെയ്ത് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ഹബ്ബുകളില്‍ എത്തിച്ചശേഷം ഇവ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി കമ്പനിയെ കബളിപ്പിക്കുകയാണ് ചെയ്തത്. പ്രതികള്‍തന്നെയാണ് ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തത്. സാധനം എത്തിയാൽ ഡെലിവര്‍ ചെയ്യില്ല. അതോടെ കമ്പനി പണം തിരിച്ചുനല്‍കേണ്ടിവരും.
അങ്ങനെ പണം അവര്‍ക്ക് കിട്ടും. ഒപ്പം ‘മോഷണം പോയ’ ഫോണും. ഇത്തരത്തില്‍ നിരവധി സംഭവങ്ങൾ ഉണ്ടായതിനെത്തുടര്‍ന്നാണ് കമ്പനി പരിശോധനകളിലേക്ക് കടന്നത്. സംശയംതോന്നി വിലാസം പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ഫ്ലിപ്കാര്‍ട്ടിലെ ആഭ്യന്തര അന്വേഷണ സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

