മുനമ്പത്ത് വൻ അഴിമതി; പുറമ്പോക്കും പട്ടയഭൂമിയാക്കി
text_fieldsകൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി ചട്ടങ്ങൾക്ക് വിരുദ്ധമായി വിൽപന നടത്തിയതിനൊപ്പം പ്രദേശത്തെ സർക്കാർ പുറമ്പോക്കും റീ സർവേയിൽ ചേർത്ത് പട്ടയഭൂമിയാക്കി വൻ ക്രമക്കേട് നടത്തിയതായി രേഖകൾ. റവന്യു, റീസർവേ വകുപ്പുകളുടെ ഒത്താശയോടെ ആസൂത്രിത അഴിമതി നടന്നതായി തെളിയിക്കുന്ന വിവരാവകാശ രേഖകൾ സഹിതമുള്ള പരാതി മുഖ്യമന്ത്രി വി.ഡി സതീശന്‍റെയും വഖഫ് മന്ത്രി എൻ. ശംസുദ്ദീന്‍റെയും മുന്നിലെത്തി. രണ്ടാം ഘട്ടമായി കൂടുതൽ തെളിവുകൾ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പരാതിക്കാർ.
1998 ഡിസംബർ 19ലെ കച്ചവട ഉടമ്പടിയിലൂടെ, ഫാറൂഖ് കോളജ് ചുമതലപ്പെടുത്തിയ എറണാകുളത്തെ അഭിഭാഷകൻ പോൾ വഴി പല കാലങ്ങളിലായി നടത്തിയ വിൽപനയിൽ, സിദ്ദീഖ് സേട്ട് വഖഫായി നൽകിയ ഭൂമിക്ക് പുറമെ സർക്കാർ പുറമ്പോക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പോളിന്‍റെ താൽപര്യപ്രകാരം പുറമ്പോക്ക് ഭൂമി കോളജിന്‍റെ പേരിൽ ചേർത്ത്, റീസർവേയിൽ വ്യാജ പട്ടയം ചമച്ച് പലർക്കായി വിറ്റുവെന്ന ഗുരുതര പരാതിയാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. ഫാറൂഖ് കോളജിന് വഖഫ് ആധാരപ്രകാരം അവകാശപ്പെട്ട, യഥാർഥ സർവേ നമ്പറിലുള്ള ഭൂമിയുടെയും നിലവിൽ കോളജിന്റെ പേരിലുള്ളതും അവർ വിറ്റതുമായ ഭൂമിയുടെയും രേഖകളും അതിർത്തിയും പരിശോധിച്ച് സർക്കാർ പുറമ്പോക്ക് ഭൂമിയിലെയും വഖഫ് ഭൂമിയിലെയും കൈയേറ്റങ്ങൾ കണ്ടെത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഫാറൂഖ് കോളജ് വിൽപന നടത്തിയത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
മുനമ്പത്തെ തർക്കഭൂമിയുടെ ചില ഭാഗങ്ങളിൽ കോളജിന്‍റെ ഉടമസ്ഥാവകാശത്തിന് പുറമെ സർക്കാർ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്നതിന് തെളിവായി 2010ലെ സർവേ രേഖകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ചും കൈയേറ്റങ്ങളെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നിസാർ കമീഷന്‍റെ അന്വേഷണം നടക്കുന്ന കാലത്തുതന്നെ കോളജ് ഹൈകോടതിയിൽ റിട്ട് ഹരജികളുമായി പോയത് കൈയേറ്റക്കാരെ സഹായിക്കാൻ ആണെന്ന സംശയവും ഇതോടെ ബലപ്പെട്ടു.
2008 മാർച്ച് ഏഴിന് കോളജ് മാനേജ്മെന്‍റ് ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിയിൽ (ഡബ്ല്യൂ.പി നമ്പർ. 8900/2008), തങ്ങൾക്ക് മുനമ്പത്ത് 290.76 ഏക്കർ ഭൂമിയുണ്ടെന്നും അതിന് നികുതി അടച്ചുവരുന്നു എന്നുമാണ് അവകാശപ്പെട്ടത്. 1998ൽ നികുതി അടച്ച രേഖയും, കടൽഭിത്തിക്ക് കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന തങ്ങളുടെ ഭൂമി മുഴുവൻ സർവേ നടത്തിയിട്ടില്ലെന്നും കടലിൽനിന്ന് വീണ്ടെടുത്ത ഭൂമി കൂടി കണ്ടെത്തണമെന്നും കാണിച്ച് റീസർവേ അസി. ഡയറക്ടർക്ക് 1999 ജനുവരി 18ന് നൽകിയ കത്തും ഇതോടൊപ്പം സമർപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വഖഫ് ബോർഡ് ഉദ്യോഗസ്ഥരായ എൻ. അബ്ദുൽ ജലീൽ, മുഹമ്മദ് സഹീർ എന്നിവർ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫാറൂഖ് കോളജ് 1989ൽ 74ഉം 1990ൽ 153ഉം വസ്തു വിൽപനകൾ നടത്തിയതായി കണ്ടെത്തിയത്. തങ്ങളുടെ ഭൂമി സർക്കാരും കൈയേറിയെന്ന് കാണിച്ച് കോളജ് 2009ൽ വീണ്ടും റിട്ട് ഹരജി (ഡബ്ല്യൂ.പി 4447/09) നൽകി. രണ്ട് ഹരജികളും ഒരുമിച്ച് കേട്ടാണ് ഹൈക്കോടതി 2009 മാർച്ച് 13ന് വിധി പ്രസ്താവിച്ചത്.
കൈയേറ്റക്കാരിൽ സർക്കാർ വകുപ്പുകളും
മുനമ്പത്തെ വഖഫ് ഭൂമിയിൽ ടൂറിസം വകുപ്പും ജലസേചന വകുപ്പും അനധികൃത നിർമാണം നടത്തിയെന്നും അതിൽ പുറമ്പോക്ക് ഭൂമിയും ഉൾപ്പെട്ടിരുന്നുവെന്നും, 2010ൽ റീസർവേ അസി. ഡയറക്ടർക്ക് റീസർവേ സൂപ്രണ്ട് നൽകിയ റിപ്പോർട്ട്. സിദ്ദീഖ് സേട്ട് വഖഫായി നൽകിയ സർവേ നമ്പർ 18/1-4ൽ പ്പെട്ട 404.76 ഏക്കറിൽ കടലെടുത്ത ഭാഗം പോയിട്ട് നിലവിൽ 290.76 ഏക്കറിന് മാത്രമാണ് കോളജ് കരം അടക്കുന്നതെന്നാണ് 2010ൽ റീസർവേ അസി. ഡയറക്ടർക്ക് റീസർവേ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിലുമുള്ളത്.
കടലെടുത്തതും പിന്നീട് കരയായി മാറിയതുമായ ഏതാനും ഭാഗത്ത് (1.089 ഹെക്ടർ) ടൂറിസം വകുപ്പ് നിർമാണ പ്രവർത്തനം നടത്തിയതായും കോളജിന്‍റെ കൈവശമുള്ള ഭൂമിയിൽ കുറച്ചുഭാഗം ജലസേചന വകുപ്പിന് വേണ്ടി പൊന്നുംവിലക്ക് എടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ടു വകുപ്പുകളും കൈയേറി അനധികൃത നിർമാണ പ്രവർത്തനം നടത്തിയ കോളജ് ഭൂമിയിൽ പുറമ്പോക്കും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്നത്തെ സർവേയിലെ കണ്ടെത്തൽ. മുൻ സർവേ നമ്പർ 18/1-4ൽ 48 മുതൽ 54 വരെ നമ്പറുകൾ പുറമ്പോക്കാണെങ്കിലും റീസർവേ രേഖ പ്രകാരം നിലവിൽ കോളജിന്‍റെ പേരിലാണെന്നും അസി. ഡയറക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ഇത് ഫാറൂഖ് കോളജിന്റെ കച്ചവടക്കരാർ എടുത്തവർ പുറമ്പോക്കിന് കൂടി വ്യാജ പട്ടയം ഉണ്ടാക്കിയതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2010ൽ എറണാകുളം റീസർവേ സൂപ്രണ്ടിന്റെ പരിശോധനയിൽ കോളജിന്റെ പേരിൽ 24.52 ഹെക്ടർ വസ്തു ഉണ്ടെന്നും അതിൽ പുറമ്പോക്കായി മാറ്റേണ്ട 5.76 ഹെക്ടർ ഭൂമിയും 3.41 ഹെക്ടർ തോടും ഉൾപ്പെടുന്നു എന്നുമായിരുന്നു കണ്ടെത്തൽ. എന്നാൽ, ഈ രേഖകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

