തരൂരിന്‍റെ മോഹം മുളയിലേ നുള്ളാൻ കോൺഗ്രസ് നേതൃത്വം
text_fieldsതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ശശി തരൂരിന്‍റെ നീക്കം മുളയിലേ നുള്ളാൻ കോൺഗ്രസ് നേതൃത്വം. തരൂർ പങ്കെടുക്കാനിരുന്ന പാർട്ടി പരിപാടികളിൽനിന്ന് യൂത്ത് കോൺഗ്രസും കോൺഗ്രസും പിന്മാറുന്നത് അതിന്‍റെ ഭാഗമായാണ്.
എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കേരളത്തിലെ കോൺഗ്രസിൽ നീരസം നിലനിൽക്കുകയാണ്. അതിന് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടലിനുള്ള തരൂരിന്‍റെ ഉദ്യമം.
യു.ഡി.എഫ് ഘടകകക്ഷി നേതാക്കളെ സന്ദർശിക്കുന്നതുൾപ്പെടെ നീക്കങ്ങൾ അദ്ദേഹം ആരംഭിക്കുകയും ചെയ്തു. എം.പിമാരായ എം.കെ. രാഘവനും കെ. മുരളീധരനും തരൂരിന്‍റെ വരവിനെ സ്വാഗതം ചെയ്തെങ്കിലും മറ്റ് ചിലർക്ക് ഈ നീക്കത്തിൽ കടുത്ത അസംതൃപ്തിയുണ്ട്.
മുസ്ലിംലീഗിന്‍റെകൂടി ആശീര്‍വാദത്തോടെയായിരുന്നു തരൂരിന്‍റെ നീക്കമെന്നാണ് വിവരം. ഞായറാഴ്ച മുതല്‍ നാല് ദിവസം നീളുന്ന മലബാര്‍ പര്യടനം കേന്ദ്രീകരിച്ചാണ് തരൂരിന്‍റെ നീക്കങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയുള്ള തരൂരിന്‍റെ യാത്ര നേതൃത്വം അംഗീകരിച്ചിട്ടില്ല.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്‍റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവന്‍തന്നെയാണ് ഈ പരിപാടികളുടെയും ചുക്കാന്‍ പിടിക്കുന്നത്. എന്നാൽ, തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എ.ഐ.സി.സി നിലപാട്.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ച തരൂരിനോട് ഹൈകമാൻഡിനും പ്രത്യേക മമതയില്ല. തെരഞ്ഞെടുപ്പിനുശേഷം നടന്ന പാര്‍ട്ടി പുനഃസംഘടനകളിലൊന്നിലും തരൂരിനെ പരിഗണിച്ചില്ല. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി.
തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട് നടത്താനിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് നേതാക്കളുടെ ഇടപെടലിനെ തുടർന്നെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി അവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം തരൂരിനെ വെട്ടാനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. മലപ്പുറം ഡി.സി.സിയിലെ സ്വീകരണം ഒഴിവാക്കി സന്ദർശനം മാത്രമാക്കിയതും കണ്ണൂർ ഡി.സി.സിയിലെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതുമെല്ലാം നേതൃത്വത്തിന്‍റെ ഇടപെടൽമൂലമാണെന്നാണ് സൂചന. എന്നാൽ, പോഷക സംഘടനകളെ ഉപയോഗിച്ച് പരിപാടി മുടങ്ങാതിരിക്കാൻ തരൂർ ക്യാമ്പ് ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

