‘ശുചീകരണം’ തുടങ്ങി; മോട്ടോർവാഹനവകുപ്പ് ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം
text_fieldsകോട്ടയം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ ‘ശുചീകരണം’ തുടങ്ങി. ഈ മാസം മൂന്നിന് ട്രാൻസ്പോർട്ട് കമീഷണർ സി.എച്ച്. നാഗരാജു പുറപ്പെടുവിച്ച സർക്കുലറിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം, പാലക്കാട് തുടങ്ങി പ്രധാന ജില്ലകളിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ജോലിയുണ്ടായിരുന്ന മുഴുവൻ മോട്ടോർ വാഹനവകുപ്പ് ജീവനക്കാരെയും സ്ഥലംമാറ്റി ജോയന്‍റ് ട്രാൻസ്പോർട്ട് കമീഷനറുടെ ഉത്തരവ് പുറത്തിറങ്ങി.
മാറ്റം ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും അവരുടെ മാതൃയൂനിറ്റുകളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഉത്തരവ്. അതിന് പുറമെ ഈ ജില്ലകളിലെ ചെക്പോസ്റ്റുകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ ഡ്യൂട്ടി ചെയ്യുന്നതിന് രണ്ട് എം.വി.ഐമാർ ഉൾപ്പെടെ 19 ജീവനക്കാരെയും നിയോഗിച്ചു. ഇവർക്ക് ഈ മാസം 20 വരെ 15 ദിവസത്തേക്ക് മാത്രമാണ് ചെക്ക്പോസ്റ്റിലെ ജോലി. അത് കഴിഞ്ഞാൽ ഇവരെ മാറ്റി പുതിയ ജീവനക്കാരെ നിയോഗിക്കും. ട്രാൻസ്പോർട്ട് കമീഷനർ പുറത്തിറക്കിയ ഉത്തരവിലെ നിബന്ധനകൾ ഇവർക്ക് ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.
രാത്രികാലങ്ങളിലാണ് ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി വ്യാപകം. അതിനാൽ, വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ചെക് പോസ്റ്റുകളിൽ ആരെയും തുടരാൻ അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്. ഇലക്ട്രോണിക് ചെക്ക്പോസ്റ്റ് നിലവിൽ വന്നിട്ടും നിരവധി ഉദ്യോഗസ്ഥരാണ് തുടർന്ന് വന്നത്.
ഗതാഗത കമീഷണറുടെ പഴയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തായിരുന്നു ഈ നീക്കം. ഇക്കാര്യം ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചെക്ക്പോസ്റ്റുകളിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും അതിനാൽ ഇവിടങ്ങളിലെ ജീവനക്കാരുടെ സേവനം മറ്റ് ഓഫിസുകളിൽ വിനിയോഗിക്കണമെന്നും നിർദ്ദേശിച്ച് ഗതാഗത കമീഷണർ സർക്കുലർ പുറത്തിറക്കിയത്.
ജീവനക്കാരെ മാറ്റിനിയമിച്ചത് മൂലം ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ചുള്ള അഴിമതി കുറയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

