എസ്.ബി.ഐയിൽ കൂട്ട സ്ഥലംമാറ്റം; ദുരിതത്തിലായി ഇടപാടുകാർ
text_fieldsമലപ്പുറം: ജീവനക്കാരുടെ കുറവ് രൂക്ഷമായി തുടരുന്നതിനിടെ ബ്രാഞ്ചുകളിൽ നിന്ന് ഒറ്റയടിക്ക് 1200 പേരെ മാറ്റിയ എസ്.ബി.ഐ നടപടിയിൽ ഉപഭോക്താക്കൾ ദുരിതത്തിലായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ കേരള സർക്കിളിലെ ബ്രാഞ്ചുകളിൽ നിന്നാണ് ഇത്രയും ജീവനക്കാരെ മാറ്റിയത്. ജീവനക്കാർ കുറഞ്ഞതോടെ ഇടപാടുകൾക്കായി ടോക്കൺ എടുത്ത് ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യമാണ്. ഉപഭോക്താക്കൾക്ക് സേവനങ്ങൾ വൈകുന്നെന്ന പരാതി വ്യാപകമാണ്. പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി 300 പേരെ മാത്രം പുനഃസ്ഥാപിച്ചു.
കേരളത്തിലെ 1200ഓളം ശാഖയിൽ നിന്ന് 1200 പേരെ ഡിസംബർ 19നാണ് മാർക്കറ്റിങ് വിഭാഗത്തിലേക്ക് മാറ്റിയത്. കേന്ദ്ര സർക്കാറിന്‍റെ വിവിധ പദ്ധതികളിലേക്ക് ആളുകളെ ചേർക്കുന്നതടക്കമുള്ള ചുമതലകളാണ് ഇവർക്ക് നൽകിയത്. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചതോടെ താൽക്കാലികമായി ഡിസംബർ 28ന് 300 പേരെ തിരികെ ശാഖകളിൽ നിയമിച്ചു. ചില ശാഖകളിൽ നിന്ന് ഒന്നിലധികം പേരെ പിൻവലിച്ചത് പ്രതിസന്ധി രൂക്ഷമാക്കി.
നഗരങ്ങളെക്കാൾ കുറഞ്ഞ ജീവനക്കാരുള്ള ഗ്രാമീണ മേഖലയെയാണ് പ്രശ്നം ഗുരുതരമായി ബാധിച്ചത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനായാണ് നടപടിയെന്നാണ് അധികൃതരുടെ വാദം. അതേസമയം, കേരളത്തിലെ ബാങ്കുകളിൽ ഇടപാടുകൾക്കായി എത്തുന്നവരിൽ ഭൂരിഭാഗവും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കാത്തവരാണ്. തീരുമാനത്തിനെതിരെ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയൻ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

