കോഴിക്കോട്: കോവിഡ് കാലം പരിഗണിക്കാതെ കേരള ഗ്രാമീണ ബാങ്കിൽ പൊടുന്നെന കൂട്ട സ്ഥലംമാറ്റം. ക്ലറിക്കൽ തസ്തികയിലുള്ള 464 പേരെയാണ് ദൂരദിക്കുകളിലേക്ക് മാറ്റിയത്.
നേരത്തേ 139 പേരെ മാറ്റിയിരുന്നു. തെക്കൻ ജില്ലകളിലുള്ളവർക്ക് വടക്കൻ ജില്ലകളിലേക്കാണ് മാറ്റം.മറ്റു ജില്ലകളിൽ പോയാൽ ക്വാറൻറീനിൽ കഴിയേണ്ടിവരുമോ എന്നതുസംബന്ധിച്ച ആശങ്കയും ജീവനക്കാർക്കുണ്ട്.
ബുധനാഴ്ച അർധരാത്രിയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. േജാലി െചയ്യുന്ന ഒാഫിസിൽ നിന്ന് വെള്ളിയാഴ്ച വിടുതൽ ചെയ്ത് നിയോഗിക്കപ്പെട്ട ഒാഫിസിൽ തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം.
ഗർഭിണികൾ, ചെറിയ കുട്ടികളുള്ളവർ, രോഗികൾ, 50 വയസ്സിലധികമുള്ളവർ തുടങ്ങിയവരെല്ലാം സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ടിട്ടുണ്ട്. പലരേയും ഫോണിൽ വിളിച്ചാണ് സ്ഥലംമാറ്റ വിവരം അറിയിച്ചത്.
ജീവനക്കാരെ നൂറ് കിലോമീറ്ററിലധികം ദൂരസ്ഥലങ്ങളിലേക്ക് മാറ്റരുതെന്നും അങ്ങനെ മാറ്റുന്നവർക്ക് ഓരോ മാസവും നഷ്ടപരിഹാര അലവൻസ് നൽകണമെന്നും ബാങ്ക് ജീവനക്കാരും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും തമ്മിൽ കരാറുണ്ട്. ഇതൊന്നും പാലിക്കാതെയാണ് സ്ഥലം മാറ്റമെന്നും ആക്ഷേപമുണ്ട്.
കോവിഡ് കാലത്തെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ യൂനിയനുകൾ പ്രതിഷേധം അറിയിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല.
അതേസമയം, ബാങ്കിലെ ജീവനക്കാരിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിലുള്ളവരാെണന്നും മറ്റു ജില്ലകളിൽ ജോലിചെയ്യുന്ന ഇവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനാണ് കൂട്ടമായി സ്ഥലം മാറ്റേണ്ടിവരുന്നതെന്നും ബാങ്ക് ജനറൽ മാനേജർ രമേശ് 'മാധ്യമ'ത്തോട് പറഞ്ഞു.