മാസ് എൻട്രി ഉറപ്പിച്ച മട്ടിൽ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ഡീൽ ആരോപണങ്ങളിൽ ഇടതുമുന്നണിയെ തളച്ചിട്ടും മറുഭാഗത്ത് അഞ്ച് വമ്പൻ ഗ്യാരന്റികളിൽ ജനവിശ്വാസമാർജിച്ചും അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. മുഴുവൻ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര, കോളജ് വിദ്യാർഥിനികള്ക്ക് മാസംതോറും 1,000 രൂപ ധനസഹായം, ക്ഷേമപെന്ഷന് 3,000 രൂപ, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ എന്നീ വാഗ്ദാനങ്ങൾ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഇത്തരം ഗ്യാരന്റികൾ ഇതിനകം നടപ്പാക്കിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളെ അവർ പ്രചാരണത്തിനിറക്കുകയും ചെയ്തു.
കർണാടകയിൽ നടപ്പാക്കിയ സ്ത്രീ സൗജന്യയാത്ര വിശദീകരിക്കാനെത്തിയത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെലങ്കാന മാതൃക വിശദീകരിച്ചു. രാജസ്ഥാനിൽ നടപ്പാക്കിയ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിശദീകരിക്കാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെത്തന്നെ രംഗത്തിറക്കി.
വ്യക്തികൾക്കും പാർട്ടികൾക്കുമപ്പുറം ‘ടീം യു.ഡി.എഫ്’ എന്ന നിലയിൽ കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിട്ടതും ഗുണം ചെയ്തെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് തങ്ങളാണെന്ന വാദത്തിന് ബി.ജെ.പി-സി.പി.എം ഡീൽ വിവാദവും ശബരിമല സ്വർണക്കൊള്ളയുമടക്കം തെളിവുകളുടെ പിൻബലവും യു.ഡി.എഫിനുണ്ട്.
തൃക്കാക്കര മുതൽ തദ്ദേശം വരെ നീളുന്ന തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പരമ്പരയാണ് പ്രധാന ആത്മവിശ്വാസം.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഇതര സംസ്ഥാന നേതാക്കളുടെയും സജീവ സാന്നിധ്യം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ വോട്ടർമാരിൽ ഒരുവിഭാഗം 2021ൽ എൽ.ഡി.എഫിനൊപ്പം നിന്നിരുന്നു. എന്നാൽ, 2026ലേക്ക് എത്തുമ്പോൾ ഈ സാഹചര്യം മാറിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സി.പി.എമ്മിലെ അസ്വഭാവിക ആഭ്യന്തര പ്രശ്നങ്ങളെ രാഷ്ട്രീയായുധമാക്കി മാറ്റാൻ സാധിച്ചതാണ് മറ്റൊരു വശം. അമ്പലപ്പുഴയിൽ ജി. സുധാകരന്റെയും ഒറ്റപ്പാലത്ത് പി.കെ. ശശിയുടെയും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെയും സ്ഥാനാർഥിത്വം ഇതിനുദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

