കെ.എസ്.യുവിൽ കൂട്ട നടപടി; 68 ഭാരവാഹികൾക്ക് കൂടി സസ്പെൻഷൻ
text_fieldsമലപ്പുറം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടന്ന കാമ്പസ് ജാഗരൺ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ വീണ്ടും കൂട്ട നടപടി. മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കാത്ത 40 കെ.എസ്.യു ജില്ല ഭാരവാഹികളെയും പത്ത് നിയോജക മണ്ഡലം പ്രസിഡൻറുമാരെയും സസ്പെൻഡ് ചെയ്തു.
മാർച്ച് 13നാണ് യാത്ര മലപ്പുറത്ത് എത്തിയത്. കാലിക്കറ്റ് സർവകലാശാലയിലായിരുന്നു പരിപാടി. ഇവിടെ പങ്കെടുക്കാത്ത ജില്ല, മണ്ഡലം ഭാരവാഹികൾക്കെതിരെയാണ് നടപടി. കെ.എസ്.യുവിന്റെ 66 അംഗ മലപ്പുറം ജില്ല കമ്മിറ്റിയിൽ 40 പേരും 16 മണ്ഡലം പ്രസിഡന്റുമാരിൽ പത്തുപേരും നടപടി നേരിട്ടു. പാലക്കാട് ജില്ലയിൽ ജില്ല ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെ 18 പേരെ സസ്പെൻഡ് ചെയ്തു.
പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാത്തവർക്കെതിരെയാണ് നടപടി ഉണ്ടായത്. നേരത്തെ, യാത്രയുമായി സഹകരിക്കാതിരുന്ന കാസർകോട് മുതൽ വയനാട് വരെയുള്ള നാലു ജില്ലകളിലെ 120 ഭാരവാഹികൾക്കെതിരെ നടപടിയെടുത്തിരുന്നു. ബുധനാഴ്ച തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലാണ് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

