ശ്രീകണ്ഠപുരം: മഹാമാരിയെ തടയാൻ നിർബന്ധമാക്കിയ മാസ്ക്കും പ്രചാരണ ആയുധമാക്കി പാർട്ടികൾ. ചിഹ്നവും നേതാക്കളുടെയും സ്ഥാനാർഥിയുടെയും ചിത്രവും പതിപ്പിച്ച മാസ്ക്കുകളുമായാണ് ഇക്കുറി വോട്ടുപിടുത്തക്കാരുടെ വരവ്. നല്ല തുണികൊണ്ട് നിർമിച്ച മാസ്ക് വോട്ടുചോദിച്ചുചെല്ലുന്ന വീടുകൾ തോറും സൗജന്യമായി നൽകുകയാണ്.
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും പിണറായി വിജയനുമെല്ലാം മാസ്ക്കിൽ ചിരിച്ചുകൊണ്ട് വോട്ടുചോദിക്കുന്നു. കോവിഡ്കാലത്ത് പ്രചാരണത്തിന് പുതുവഴി തേടാൻ നിർബന്ധിതരായ പാർട്ടികൾ ജനങ്ങളുടെ മുഖവും പരസ്യപ്പലകയാക്കുകയാണ്. സജീവ പാർട്ടി പ്രവർത്തകരും ഭാരവാഹികളും ഇത്തരം മാസ്ക്കുകൾ ധരിക്കുന്നുമുണ്ട്. എതിരാളികളുടെ ശത്രുത ആഗ്രഹിക്കാത്തതുകൊണ്ടാകാം തെരഞ്ഞെടുപ്പ് പ്രചാരണ മാസ്ക്കുകൾ ആളുകൾ പരക്കെ ധരിച്ചുകാണുന്നില്ല. എങ്കിലും ഏതുവിധേനയും ജനശ്രദ്ധ നേടാൻ ശ്രമിക്കുന്ന സ്ഥാനാർഥികൾ പ്രചാരണ മാസ്ക് വിതരണം തകൃതിയായി തുടരുകയാണ്.
തങ്ങളുടെ പാർട്ടിയുടെ മാസ്ക് ധരിപ്പിച്ച് സെൽഫിയെടുത്ത് നവമാധ്യമങ്ങളിലിട്ടുള്ള പ്രചാരണം ഓരോ പാർട്ടി പ്രവർത്തകരും നന്നായി നടത്തുന്നുണ്ട്. കോയമ്പത്തൂരിൽ നിന്നാണ് കണ്ണൂർ ജില്ലയിലേക്ക് മാസ്ക്കുകൾ തയാറാക്കി എത്തിക്കുന്നത്. 20 രൂപയാണ് മാസ്ക്കിെൻറ വില. തലശ്ശേരി, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യാവൂർ, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് മാസ്ക്കുകൾ മാത്രം ആവശ്യാനുസരണം തയാറാക്കി എത്തിച്ചുനൽകുന്നവർ സജീവമായിട്ടുണ്ട്.