മാസപ്പടി: അന്വേഷണം ശക്തമാക്കാൻ ഇ.ഡി; കൂടുതൽ ഏജൻസികൾ കേരളത്തിലേക്ക്
text_fieldsകൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കാൻ ഇ.ഡി നീക്കം. കേസിൽ കൂടുതൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിനും സാധ്യതയുണ്ട്. ഹൈകോടതി ഡിവിഷൻ ബെഞ്ചും അന്വേഷണവുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയതോടെ തടസ്സങ്ങളെല്ലാം നീങ്ങി.
ഡൽഹിയിൽനിന്ന് ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെ ഇ.ഡി ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർമാർ, പ്രോസിക്യൂട്ടർമാർ, കൗൺസിലർമാർ തുടങ്ങി 15 പേരാണ് യോഗത്തിൽ പങ്കെടുത്തത്. തുടർന്നുള്ള നിയമപരമായ നീക്കങ്ങൾ എങ്ങനെയാകണമെന്നതായിരുന്നു ചർച്ച. ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നത് കണക്കിലെടുത്താണ് ഇ.ഡി നീക്കങ്ങൾ.
റെയ്ഡിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം ഏതുവിധമായിരിക്കണം എന്നാണ് യോഗം ചർച്ചചെയ്തത്. വീണക്കും സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളവർക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ സമൻസ് അയക്കാനാണ് ഇ.ഡി തീരുമാനം. കൂടുതൽ പേർക്ക് നോട്ടിസ് അയക്കാനും നീക്കമുണ്ട്. കൂടുതൽ ഡിജിറ്റൽ, സാമ്പത്തിക തെളിവുകൾ ശേഖരിക്കാനും അന്വേഷണ സംഘത്തിന് യോഗം നിർദേശം നൽകി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വരവ് ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാം എന്നാണ് വിവരം. ഇ.ഡി മരവിപ്പിച്ച 242 അക്കൗണ്ടുകളിൽ പലതിലും വിദേശ പണമിടപാടുകൾ നടന്നിട്ടുണ്ട്.
വീണയുടെ മരവിപ്പിക്കപ്പെട്ട അക്കൗണ്ടുമായി ബന്ധപ്പെട്ടും അത്തരം ഇടപാടുകളുണ്ടോ എന്നതിന് തെളിവുകൾ ശേഖരിച്ച് വരികയാണ്. എൻ.ഐ.എയുടെ അന്വേഷണവും ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകാമെന്ന് അഭ്യൂഹങ്ങളുണ്ട്. രാഷ്ട്രീയമാനങ്ങളുള്ള കേസായതിനാൽ സി.എം.ആർഎല്ലിനെയും ടി. വീണയെയും മാത്രമായിരിക്കില്ല കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നതെന്ന് കരുതപെടുന്നുണ്ട്. വീണയുടെ കാര്യത്തിൽ സ്വകാര്യ കമ്പനിയിൽനിന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ‘മാസപ്പടി’ വാങ്ങി എന്ന ആരോപണമാണുള്ളത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ വീണക്ക് ബന്ധമുണ്ടെന്ന ആരോപണമില്ല. എസ്.എഫ്.ഐ.ഒ, ഇ.ഡി എന്നിവയാണ് വീണക്കെതിരായ കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

