മാസപ്പടി: കേസെടുക്കുന്നതിൽ നിയമോപദേശവും തീരുമാനവും വൈകും
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ മാസപ്പടി വിഷയത്തിൽ കേസെടുക്കണമെന്ന ഇ.ഡി. ആവശ്യത്തിൽ സർക്കാർ തീരുമാനമെടുക്കുന്നത് വൈകും. ഇതുസംബന്ധിച്ച് സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും അത് ലഭിക്കാൻ ദിവസങ്ങൾ പിടിക്കുമെന്നാണ് വിവരം. സർക്കാറിന് തിരിച്ചടിയുണ്ടാകാത്ത നിലയിൽ എല്ലാവശങ്ങളും പരിശോധിച്ചുള്ള നിയമോപദേശം നൽകണമെന്നാണ് എ.ജിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ആ സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും അഡ്വക്കേറ്റ് ജനറൽ ഈ വിഷയത്തിൽ നിയമോപദേശം നൽകുക. അടുത്തയാഴ്ചയേ നിയമോപദേശം കൈമാറുകയുള്ളൂവെന്നാണ് വിവരം. നിയമോപദേശം ലഭിച്ചാലും എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമാകും കേസെടുക്കുന്നതുൾപ്പെടെ നടപടികളിലേക്ക് സർക്കാർ നീങ്ങൂ.
കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി നേതൃയോഗവും മാസപ്പടിയിൽ ഇ.ഡി.യുടെ ആവശ്യത്തിൽ ധൃതിപിടിച്ചുള്ള തീരുമാനം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിഷയത്തിൽ സർക്കാർ ധൃതിപിടിച്ച് തീരുമാനമെടുത്താൽ അത് യു.ഡി.എഫിനും തിരിച്ചടിയാകുമോയെന്ന ആശങ്കയും മുന്നണിയിലുണ്ട്. സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയവരിൽ യു.ഡി.എഫ് നേതാക്കളും ഉൾപ്പെട്ടതാണ് ഈ ആശങ്കക്ക് കാരണം. എന്നാൽ അന്വേണസംഘത്തിന് മുന്നിൽ ഇത് പാർട്ടി ഫണ്ടായി വാങ്ങിയതാണെന്ന് ഈ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
പിണറായി വിജയൻ തന്റെ പേര് സംബന്ധിച്ച കാര്യങ്ങൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇ.ഡി. ശിപാർശ അതീവ ഗൗരവമാണെന്നും കേസെടുക്കണമെന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നാണ് അറിയുന്നത്. കോൺഗ്രസ് യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം. കരുതലോടെ നിയമവിശങ്ങള് പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ ഉന്നത നേതാക്കൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

