മാസപ്പടി: വിവാദങ്ങൾ ഒഴിവാക്കാൻ സർക്കാർ നീക്കം കരുതലോടെ
text_fieldsതിരുവനന്തപുരം: മാസപ്പടിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനുൾപ്പെടെയുള്ളവർക്കെതിരെ ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള സർക്കാർ നീക്കം കരുതലോടെ. ദിവസങ്ങൾക്ക് മുമ്പ് ഇ.ഡി. ഡി.ജി.പിക്ക് കൈമാറിയ 25 പേജുള്ള കത്തിൽ സർക്കാർ തീരുമാനം വൈകുന്നത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. അന്വേഷണം സംബന്ധിച്ച് യു.ഡി.എഫിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു.
മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും മാസപ്പടിക്കേസിൽ കുടുങ്ങുമെന്നതിനാലാണ് സർക്കാർ അന്വേഷണത്തിന് തയാറാകാത്തതെന്ന ആക്ഷേപം ബി.ജെ.പി ഉന്നയിച്ചിരുന്നു. ഇ.ഡിക്കെതിരെ ദേശീയതലത്തിൽ നിലപാടെടുക്കുന്ന കോൺഗ്രസ് കേരളത്തിലും അത് മാതൃകയാക്കണമെന്നാണ് സി.പി.എം വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഇ.ഡിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയത് പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങിയ കാര്യമല്ലെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയത്. ഇ.ഡി. ചൂണ്ടിക്കാട്ടിയെന്ന് പറഞ്ഞ് അത് തള്ളിക്കളയാനാകില്ലെന്നും അന്വേഷണം വേണമെന്നുമുള്ള നിലപാടിലായിരുന്നു അദ്ദേഹം. കെ.പി.സി.സി നേതൃയോഗത്തിലും മുഖ്യമന്ത്രി സമാനമായ നിലപാടെടുത്തു. കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യം കോൺഗ്രസിലുമുണ്ടായി. എന്നാൽ, ഇ.ഡിയുടെ കത്തിൽ പെട്ടെന്ന് തീരുമാനമെടുത്താൽ ബി.ജെ.പിയുടെ ചട്ടുകമായി സർക്കാർ മാറുമെന്ന ആക്ഷേപമുയരുമെന്നും അഭിപ്രായമുയർന്നു. നിയമപരമായ പരിശോധനയിലൂടെ അന്വേഷണത്തിലേക്ക് കടക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതിന്റെ അടിസ്ഥാനത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. അഴിമതി നിരോധന നിയമത്തേക്കാൾ ഗൗരവമാണ് പണമിടപാടെന്ന നിലക്കാണ് നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.
കേസെടുത്തുള്ള അന്വേഷണത്തിലേക്ക് നീങ്ങിയാൽ പിണറായി വിജയൻ ഉൾപ്പെടെ ആരോപണവിധേയർ കോടതിയെ സമീപിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിലേക്ക് കടക്കാനുള്ള സർക്കാർ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, ടി.വീണ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും. ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരെ അന്വേഷണം നീങ്ങുമെന്ന് ഭയന്നാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന പ്രതിപക്ഷ പാർട്ടികളുടെ വായടപ്പിക്കാനും സർക്കാറിന് സാധിച്ചു. അന്വേഷണം കോടതി ഇടപെടലിലൂടെ തടയാതിരിക്കാൻ മുൻ കോടതിവിധികൾ പരിശോധിച്ചാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

