മാസപ്പടി കേസ്: എസ്.ഐ.ടിയോ വിജിലൻസോ? അന്വേഷണ തീരുമാനം നാളെ
text_fieldsപിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി വിഷയത്തിൽ ഇ.ഡിയുടെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ എസ്.ഐ.ടിയുടേയോ വിജിലൻസിന്‍റെയോ അന്വേഷണം പ്രഖ്യാപിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം തിങ്കളാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
മാസപ്പടി വിഷയത്തിൽ കേസെടുക്കണമെന്ന ഇ.ഡിയുടെ കത്തിൽ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം ആഭ്യന്തരവകുപ്പിന് ലഭിച്ചെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണമാകാമെന്നാണ് കഴിഞ്ഞദിവസം സർക്കാറിന് അഡ്വക്കേറ്റ് ജനറൽ നൽകിയ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വിജിലൻസ് അന്വേഷണത്തിനാണ് സാധ്യതയെങ്കിലും ഹവാല ഇടപാട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതിനാൽ വിജിലൻസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുൾപ്പെട്ട പ്രത്യേകാന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ക്ക് രൂപംനൽകിയേക്കുമെന്നും സൂചനയുണ്ട്.
വിജിലൻസ് ഡയറക്ടറുടേയോ ഉന്നത റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍റെയോ മേൽനോട്ടത്തിലാകും അന്വേഷണസംഘം. ഇ.ഡി കൈമാറിയ കത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് കൈമാറിയ നിയമോപദേശത്തിൽ പറഞ്ഞത്. ഇ.ഡി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ പലതും അഴിമതി നിരോധന നിയമത്തിന്‍റെ കീഴിൽ വരുന്ന കാര്യമായതിനാൽ വിജിലൻസ് അന്വേഷണമാണ് ഉചിതം. കേസെടുത്തുള്ള അന്വേഷണം വേണമോ, പ്രാഥമികാന്വേഷണം നടത്തി തെളിവുകൾ ശരിയാണെനുകണ്ട് കേസെടുത്ത് തുടരന്വേഷണത്തിലേക്ക് നീങ്ങണമോയെന്നത് വിജിലൻസിന് തീരുമാനിക്കാമെന്നും നിയമോപദേശത്തിലുണ്ട്.
മുൻ ഉത്തരവുകളും അന്വേഷണ റിപ്പോർട്ടുകളും അന്വേഷണത്തിന് തടസ്സമാകില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാറിന് ഉചിത തീരുമാനമെടുക്കാമെന്നാണ് നിയമോപദേശം. മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻമന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ, സി.എം.ആർ.എൽ അധികൃതർ, റിയാസിന്‍റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ പേരുകളും സാമ്പത്തിക ഇടപാടിൽ അവർക്കുള്ള പങ്കും ഉൾപ്പെടെയാണ് ഇ.ഡി കത്ത് നൽകിയത്.
വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെ തെളിവുകളായി കൈമാറിയിട്ടുണ്ട്. സി.എം.ആർ.എല്ലിൽനിന്ന് വീണക്ക് നൽകിയ മൂന്ന് കോടിയിലേറെ രൂപ പിണറായിക്കുള്ള കൈക്കൂലിയാണെന്നും അതിന് പുറമെ 20 കോടിയിലേറെ രൂപയുടെ ഇടപാട് നടന്നെന്നും വിദേശത്തേക്ക് ഹവാല മാർഗത്തിലൂടെ പണം കടത്തിയെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ഇ.ഡി ഉന്നയിച്ചത്. അതിനാൽ ഇവർക്കെതിരെ കേസെടുക്കണമെന്നാണ് ശിപാർശ. സംസ്ഥാനത്തെ ഏജൻസി കേസെടുത്താൽ അതിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡിക്കും കേസുമായി മുന്നോട്ടുപോകാനാകുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സർക്കാർ നിർദ്ദേശാനുസരണം കേസെടുത്തുള്ള അന്വേഷണമാണോ, അതോ പ്രാഥമികാന്വേഷണമാണോ നടക്കുകയെന്നതും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

