മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം: സി.എം.ആർ.എലിന്റെ അപ്പീലിൽ വിധി വെള്ളിയാഴ്ച
text_fieldsകൊച്ചി: മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം ചോദ്യം ചെയ്യുന്ന ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സി.എം.ആർ.എൽ അപ്പീലിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച വിധി പറയും. അന്വേഷണത്തിന്റെ ഭാഗമായി അതുവരെ ഹരജിക്കാർക്കെതിരെ നടപടികളൊന്നും പാടില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെറ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിലെ അന്വേഷണം ചോദ്യം ചെയ്ത് നൽകിയ ഹരജിയാണ് നേരത്തെ സിംഗിൾബെഞ്ച് തള്ളിയത്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നൽകിയ നോട്ടീസിനെതിരായ ഹരജി തള്ളിയ കോടതി, അന്വേഷണം തുടരാൻ അനുമതി നൽകിയിരുന്നു.
അന്വേഷണം തടയണമെന്ന ഇടക്കാല ആവശ്യം അനുവദിക്കില്ലെന്ന് രാവിലെ കേസ് പരിഗണിക്കവേ തുടക്കത്തിൽതന്നെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ചതന്നെ വിശദ വാദം പൂർത്തിയാക്കാൻ തയാറാണോയെന്ന് അപ്പീൽ ഹരജിക്കാരോടും ഇ.ഡി അഭിഭാഷകേരോടും കോടതി ആരാഞ്ഞു.
കക്ഷികൾ സമ്മതം മൂളിയോടെ ഉച്ച 1.30 വരെ തുടർച്ചയായി കോടതി വിശദ വാദം കേൾക്കുകയായിരുന്നു. കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) അന്വേഷണത്തിന് ഷെഡ്യൂൾഡ് കുറ്റകൃത്യം വേണമെന്നും എഫ്.ഐ.ആർ പോലുമില്ലാതെ ഇ.ഡി നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നുമായിരുന്നു സി.എം.ആർ.എലിന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷൻ സിദ്ധാർഥ് ലൂത്രയുടെ വാദം. ചട്ടവും നിയമവും മറികടന്നാണ് ഇ.ഡി അന്വേഷണം. അധികാരപരിധിയില്ലാത്തിടത്തേക്ക് കടന്നു കയറിയുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് അദ്ദേഹം വാദിച്ചു.
എന്നാൽ, കള്ളപ്പണമിടപാട് നടന്ന വിവരം ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കണമെന്ന് എങ്ങിനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. അതേസമയം, ആരോപണവമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ച ശേഷം ഇ.എസ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് ഇ.ഡി അന്വേഷണം തുടങ്ങിയതെന്നും നിയമലംഘനമില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വിശദീകരിച്ചു. 2019ൽ ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി സി.എം.ആർ.എലിന് നോട്ടീസ് നൽകിയിരുന്നു.
2024 ജനുവരിയിൽ സി.എം.ആർ.എലിന്റെ ഇടപാടുകൾ അന്വേഷിക്കേണ്ടതാണെന്ന കോർപറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെ എസ്.എഫ്.ഐ.ഒ കമ്പനി നിയമപ്രകാരം പരാതി നൽകി. പി.എം.എൽ.എ പ്രകാരമുള്ള ഷെഡ്യൂൾഡ് കുറ്റകത്യത്തിൽ ഉൾപ്പെടുന്ന ക്രമക്കേടുകൾ നടന്നതായാണ് പരാതി. എന്നാൽ, സി.എം.ആർ.എലിന്റെ ഹരജി 2025ൽ സിംഗിൾബെഞ്ച് ഉത്തരവിനായി മാറ്റിയശേഷമാണ് പരാതി നൽകിയതെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഇ.ഡി പറഞ്ഞു.
മണൽ ഖനനവുമായി ബന്ധപ്പെട്ട ചില ഗുണകരമായ തീരുമാനത്തിന് പ്രതിഫലമായി സേവനമൊന്നും നടത്താതെതന്നെ നിയമവിരുദ്ധമായാണ് എക്സാലോജിക് സൊല്യുഷൻസിന് സി.എം.ആർ.എൽ പണം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. വാദം പൂർത്തിയായതിനെ തുടർന്ന് ഹരജി ഉത്തരവിനായി മാറ്റുകയായിരുന്നു. തുടർ നടപടിയുണ്ടാകരുതെന്ന നിർദേശം അപ്പീലിൽ കക്ഷിയായവർക്ക് മാത്രമായിരിക്കണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചതിനാൽ എക്സാലോജിക് അടക്കമുള്ളവർക്കെതിരായ അന്വേഷണത്തിന് ഫലത്തിൽ വിലക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

