മസാല ബോണ്ട്: സമൻസ് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി
text_fieldsകൊച്ചി: മസാല ബോണ്ട് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകുന്നത് തടഞ്ഞ ഹൈകോടതി ഉത്തരവ് വീണ്ടും നീട്ടി. റിസർവ് ബാങ്കിന്റെ വിശദീകരണം ലഭിക്കാത്ത സാഹചര്യത്തിൽ, ജസ്റ്റിസ് വി.ജി. അരുൺ ഹരജി ജനുവരി രണ്ടാം വാരം പരിഗണിക്കാൻ മാറ്റി.
ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് ഹരജി നൽകിയത്. അന്വേഷണത്തിന്റെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് പേരുടെയും ഹരജി. റിസർവ് ബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വകുപ്പ് ചീഫ് ജനറൽ മാനേജറെ കോടതി സ്വമേധയ കക്ഷി ചേർത്തിരുന്നു.

