മസാല ബോണ്ട്; നിയമലംഘനം അന്വേഷിക്കേണ്ടത് ഇ.ഡിയെന്ന് റിസർവ് ബാങ്ക്
text_fieldsകൊച്ചി: മസാല ബോണ്ടുകൾ ഇറക്കിയതിലൂടെ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനം കിഫ്ബി നടത്തിയിട്ടുണ്ടോയെന്നത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് അന്വേഷിക്കേണ്ടതെന്ന് റിസർവ് ബാങ്ക് ഹൈകോടതിയിൽ. ഫെമ നിയമത്തിന്‍റെ 37 (1) വകുപ്പ് പ്രകാരമാണ് ഈ അധികാരമുള്ളത്. ഫെമ ചട്ട ലംഘനം സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജികളിലാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം.
അതേസമയം, മസാല ബോണ്ടുവഴി വിദേശത്തുനിന്ന് പണം സമാഹരിക്കാൻ കിഫ്ബിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും സമർപ്പിക്കേണ്ട രേഖകളെല്ലാം അവർ സമർപ്പിച്ചിട്ടുണ്ടെന്നും ആർ.ബി.ഐ കൊച്ചി റീജനൽ ഓഫിസിലെ അസി. ജനറൽ മാനേജർ ഷാലിനി പ്രദീപ് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.വാണിജ്യ ആവശ്യത്തിന് പുറത്തുനിന്ന് വായ്പയെടുക്കാൻ വിദേശത്ത് പുറപ്പെടുവിക്കുന്ന രൂപയിലുള്ള ബോണ്ടാണ് മസാല ബോണ്ടെന്ന് വിശദീകരണത്തിൽ പറയുന്നു. ഇതിന് അനുമതി നൽകി ആർ.ബി.ഐ 2015 സെപ്റ്റംബർ 29ന് സർക്കുലർ പുറപ്പെടുവിക്കുകയും 2019 ജനുവരി 16ന് ഭേദഗതി ചെയ്യുകയും ചെയ്തു.
ഏത് കമ്പനികൾക്കും വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കാമെന്നതാണ് ആർ.ബി.ഐയുടെ പ്രധാന നിർദേശം. മസാല ബോണ്ട് പുറപ്പെടുവിക്കാൻ കിഫ്ബി ആക്സിസ് ബാങ്കുവഴി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2018 ജൂൺ ഒന്നിന് ആർ.ബി.ഐ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആർ.ബി.ഐ വിശദീകരണത്തിൽ പറയുന്നു. ഫെമയുടെ അടിസ്ഥാനത്തിലാണ് ഈ രേഖ നൽകുന്നത്. സർക്കാറോ മറ്റേതെങ്കിലും അധികാരികളോ ആണ് നൽകുന്നതെന്ന തരത്തിൽ ഇതിനെ കണക്കാക്കാനാവില്ല. മസാല ബോണ്ട് പുറപ്പെടുവിക്കാൻ വായ്പ രജിസ്ട്രേഷൻ നമ്പറും നൽകി. എന്നാൽ, വായ്പ രജിസ്ട്രേഷൻ നമ്പർ നൽകിയെന്നത് നിയമങ്ങൾ പാലിക്കാതിരിക്കാനുള്ള കാരണമാകില്ല.
മസാല ബോണ്ടുവഴി സമാഹരിച്ച പണം എങ്ങനെയാണ് വിനിയോഗിച്ചതെന്നത് മാസം തോറും നിശ്ചിത ഫോറത്തിൽ വിശദീകരണം സമർപ്പിക്കണം. പണം തിരികെ അടച്ചതിന്‍റെ വിവരങ്ങൾ സഹിതം പണം സമാഹരിച്ച ബാങ്കിന്‍റെ സർട്ടിഫിക്കറ്റോടെയാണ് ഇത് നൽകേണ്ടത്. ഇതുവരെയുള്ള സർട്ടിഫിക്കറ്റുകളെല്ലാം കിഫ്ബി കൃത്യമായി നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നേരത്തേ റിസർവ് ബാങ്കിനെ ഹരജിയിൽ കക്ഷിചേർത്ത കോടതി ഇവരുടെ നിലപാട് തേടിയിരുന്നു. ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ പരിഗണനയിലാണ് ഹരജി നിലവിലുള്ളത്. മാർച്ച് 16നാണ് ഹരജി പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

