മസാല ബോണ്ട്: ഇ.ഡി മറുപടി നൽകാത്തതിൽ ഹൈകോടതിക്ക് അതൃപ്തി
text_fieldsകൊച്ചി: മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടി നൽകാത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി.
മസാല ബോണ്ടിന്റെ അന്വേഷണ കാര്യത്തിൽ ഇ.ഡി പക്ഷപാതം കാണിക്കുന്നുവെന്ന ഹരജിക്കാരായ മുൻമന്ത്രി തോമസ് ഐസക് അടക്കം ആരോപിച്ചപ്പോൾ കോടതി ഉന്നയിച്ച സംശയത്തിന് വ്യക്തത വരുത്താൻ ഇ.ഡി തയാറായില്ല. കോടതി ഉത്തരവ് അവഗണിക്കുകയും പ്രാധാന്യം നൽകാതിരിക്കുകയും ചെയ്ത നടപടി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. തോമസ് ഐസക്കിന് അടക്കം സമൻസ് അയക്കുന്നത് വിലക്കി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശങ്ങളുള്ളത്.
ദേശീയപാത അതോറിറ്റി, നാഷനൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി എന്നിവരും മസാല ബോണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും അന്വേഷണമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. തുടർന്നാണ് ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞത്.
എന്നാൽ, ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റർ ജനറൽ വാദം നടത്തിയപ്പോഴോ സത്യവാങ്മൂലം സമർപ്പിച്ചപ്പോഴോ ഇതിനുള്ള വിശദീകരണം നൽകിയില്ല. നിയമസഭ തള്ളിയ സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാകുമോ എന്ന കാര്യത്തിലും കോടതി സംശയം രേഖപ്പെടുത്തി.
ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് തോമസ് ഐസക്കിനും കിഫ്ബിക്കും അനുകൂലമായ ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
റിസർവ് ബാങ്ക് നിർദേശങ്ങളും വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനവും നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഇ.ഡി വാദിക്കുന്നെങ്കിലും എല്ലാ മാസവും റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകുന്നതാണെന്നും ഇതുവരെ സംശയങ്ങളോ അപാകതകളോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഹരജിക്കാർ അറിയിച്ചു.
തുടർന്നാണ് റിസർവ് ബാങ്കിനെയും കേസിൽ കക്ഷി ചേർത്തിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിലപാടുകൂടി ആരാഞ്ഞശേഷമാകും അന്തിമവിധി പുറപ്പെടുവിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

