Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമസാല ബോണ്ട്​ കേസ്​:...

മസാല ബോണ്ട്​ കേസ്​: വെള്ളിയാഴ്ച വരെ തോമസ്​ ഐസക്കിനെതിര നടപടി പാടില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
Thomas Isaac
cancel

കൊച്ചി: മസാല ബോണ്ട്​ അന്വേഷണവുമായി ബന്ധപ്പെട്ട്​ ഏപ്രിൽ അഞ്ചുവരെ മുൻ മന്ത്രി തോമസ്​ ഐസക്കിനെതിരെ എൻഫോഴ്സ്​മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി സ്വീകരിക്കരുതെന്ന്​ ഹൈകോടതി. ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്‍റെ പേരിൽ ഏ​പ്രിൽ രണ്ടിന്​ ഹാജരാകാൻ ആവശ്യപ്പെട്ട്​ ഇ.ഡിയുടെ പുതിയ സമൻസിനെതിരെ തോമസ് ഐസക് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്​. വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി അതുവരെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു.

തുടർച്ചയായി സമൻസ്​ അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ്​ കഴിഞ്ഞയാഴ്ച ഇ.ഡി പുതിയ സമൻസ്​ തോമസ്​ ഐസക്കിന്​ അയച്ചത്​. സമൻസുകൾ ചോദ്യം ​ചെയ്ത്​ ഹരജികൾ കോടതിയുടെ പരിഗണനയിലുണ്ട്​. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട്​ തോമസ് ഐസക് ഇനിയും ഹാജരായില്ലെങ്കിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഏഴാമതും സമൻസ്​ അയച്ചത്​. ലോക്സഭാ തെരഞ്ഞെടുപ്പ്​ കഴിയും വരെ സമൻസും ചോദ്യം ചെയ്യലും തടയണമെന്നായിരുന്നു തോമസ്​ ഐസക്കിന്‍റെ ആവശ്യം. ഇക്കാര്യം പരിഗണിച്ചുകൂടേയെന്ന്​ കോടതി ആരാഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പുമായി ഇ.ഡിയുടെ നടപടികൾക്ക്​ ബന്ധമില്ലെന്ന്​ ഇ.ഡിക്കുവേണ്ടി ഹാജരായ ജയ്​ശങ്കർ വി. നായർ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിന്​ മുമ്പേ തന്നെ ഹാജരാകാൻ സമൻസുകൾ അയച്ചിട്ടുള്ളതാണ്​. അതിനാൽ, തെരഞ്ഞെടുപ്പിന്‍റെ പേരിൽ നടപടികൾ തടഞ്ഞുവെക്കാനാവില്ലെന്നും സ്​റ്റേ അനുവദിക്കരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി തുടർന്നാണ്​ ഹരജി വീണ്ടും ​വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയത്​. വാദം നാളെ തന്നെയാക്കണമെന്ന്​ തോമസ്​ ഐസക്കിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര നിലപാട്​ അറിയിക്കാൻ​ വെള്ളിയാഴ്ച വരെ ഇ.ഡി സമയം തേടുകയായിരുന്നു. അതേസമയം, ആവശ്യപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈമാറിയെന്ന്​ കിഫ്ബി കോടതിയെ അറിയിച്ചു. ഹരജികളുമായി ബന്ധപ്പെട്ട്​ സത്യവാങ്​മൂലം സമർപ്പിച്ചതായും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacLok Sabha Elections 2024Masala Bond Case
News Summary - Masala bond case: High court says no action against Thomas Isaac till Friday
Next Story