ബി.ജെ.പിയിൽ ചേർന്നതിനാൽ റേഷൻ നിഷേധിച്ചെന്ന് മറിയക്കുട്ടി; സെർവർ തകരാറെന്ന് ഉടമ
text_fieldsമറിയകുട്ടി
അടിമാലി: താന്‍ ബി.ജെ.പിക്കാരി ആയതിനാല്‍ റേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയുമായി മറിയക്കുട്ടി. പെന്‍ഷന്‍ കിട്ടാത്തതിനാല്‍ സംസ്ഥാന സർക്കാറിനെതിരെ പിച്ചച്ചട്ടിയുമായി തെരുവില്‍ ഭിക്ഷയെടുത്ത് ശ്രദ്ധേയയായ മറിയക്കുട്ടിയാണ് റേഷന്‍കട ഉടമക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ വീടിനോട് ചേര്‍ന്ന റേഷന്‍കടയിലാണ് സംഭവമെന്ന് മറിയക്കുട്ടി പറഞ്ഞു.
താന്‍ റേഷന്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോള്‍ കടയുടമ മനഃപൂർവം താമസിപ്പിച്ചു. ഇത് ചോദ്യംചെയ്തപ്പോള്‍ ആയിരമേക്കറില്‍ ബി.ജെ.പിക്കാരന്റെ റേഷന്‍കടയുണ്ടെന്നും അവിടെച്ചെന്ന് വേണമെങ്കില്‍ റേഷന്‍ വാങ്ങിച്ചോയെന്നും പറഞ്ഞു. നിങ്ങള്‍ക്ക് കോണ്‍ഗ്രസ് വീട് നിര്‍മിച്ചുനല്‍കിയല്ലോ, എന്നിട്ട് അവരെ നിങ്ങള്‍ വഞ്ചിച്ചില്ലേ എന്നതടക്കം നിരവധി ആരോപണവും കടയുടമ ഉന്നയിച്ചെന്നും മറിയക്കുട്ടി പറഞ്ഞു.
എന്നാല്‍, സെര്‍വര്‍ തകരാര്‍മൂലം റേഷന്‍ നല്‍കാന്‍ പ്രയാസം നേരിട്ടതോടെ മറിയക്കുട്ടി പ്രകോപിതയാവുകയായിരുന്നെന്ന് റേഷൻകട ഉടമ ജിൻസ് പറഞ്ഞു. ഇവിടെ എത്തിയ പലരും ഇത് കണ്ടിരുന്നു. സെര്‍വറില്‍ ബയോമെട്രിക് വിവരങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ റേഷന്‍ നല്‍കാന്‍ പറ്റൂ. ഇത് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മറിയക്കുട്ടി ചെവിക്കൊണ്ടില്ലെന്നും റേഷന്‍കട ഉടമ പറഞ്ഞു.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ പിച്ചച്ചട്ടിയെടുത്ത് സമരം നടത്തിയ അടിമാലി ഇരുപതേക്കർ സ്വദേശി മറിയക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം മൺചട്ടിയും പ്ലക്കാഡുമേന്തി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈകോടതിയെയും സമീപിച്ചിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം യു.ഡി.എഫ് നേതാക്കൾ മറിയക്കുട്ടിയെ കാണാനെത്തി. സർക്കാറിനെതിരായി യു.ഡി.എഫ് വേദികളിൽ ഇവർ സാന്നിധ്യവുമായി. പിന്നീട് കെ.പി.സി.സി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും പ്രസിഡന്‍റ് കെ. സുധാകരൻ താക്കോൽ കൈമാറുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

